Wednesday, December 18, 2013

ലോക്പാല്‍ ബില്ലിന് രാജ്യസഭയുടെ അംഗീകാരം; പോരായ്മ തുറന്നുകാട്ടി ഇടതുപക്ഷം

കോര്‍പറേറ്റുകളെയും പൊതു-സ്വകാര്യ പദ്ധതികളെയും (പിപിപി) ഒഴിവാക്കിയുള്ള ലോക്പാല്‍ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. സെലക്ട് കമ്മിറ്റി മുന്നോട്ടുവച്ച 15 ഭേദഗതിയും ഉള്‍ക്കൊള്ളിച്ചുള്ള ബില്ലാണ് അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം അംഗീകരിച്ചത്. നേരത്തെ ലോക്സഭ പാസാക്കിയ ബില്‍ ഭേദഗതികളോടെ രാജ്യസഭ പാസാക്കിയ പശ്ചാത്തലത്തില്‍ വീണ്ടും ലോക്സഭയുടെ അംഗീകാരത്തിന് പോകേണ്ടതുണ്ട്. ബുധനാഴ്ചതന്നെ ഭേദഗതികളോടെയുള്ള ബില്‍ ലോക്സഭയുടെ പരിഗണനയ്ക്ക് വരും.

2011 ഡിസംബര്‍ 27 ന് ലോക്സഭ പാസാക്കിയ ബില്‍ എന്നാല്‍ രാജ്യസഭയില്‍ പാസായില്ല. ഡിസംബര്‍ 29 ന് അര്‍ധരാത്രിവരെ ചേര്‍ന്ന സഭ ബില്ല് പാസാക്കാതെ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു. പ്രതിപക്ഷം ഒട്ടനവധി ഭേദഗതികള്‍ കൊണ്ടുവരികയും സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷമില്ലെന്ന് തീര്‍ച്ചയാവുകയുംചെയ്ത ഘട്ടത്തിലാണ് സഭ പിരിച്ചുവിട്ട് സര്‍ക്കാര്‍ രക്ഷപ്പെട്ടത്. പിന്നീട് സഭയുടെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോയ ബില്‍ കമ്മിറ്റി മുന്നോട്ടുവച്ച 14 ഭേദഗതിയോടെയാണ് വീണ്ടും പരിഗണിക്കപ്പെട്ടത്. പേഴ്സണല്‍ സഹമന്ത്രി വി നാരായണസ്വാമിയുടെ അഭാവത്തില്‍ നിയമമന്ത്രി കപില്‍ സിബലാണ് ബില്‍ അവതരിപ്പിച്ച് സംസാരിച്ചത്. പൗരാവകാശരേഖയും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെയുമെല്ലാം ഉള്‍പ്പെടുത്തിയ ബില്ലാണ് സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികളോടെ ഇപ്പോള്‍ അവതരിപ്പിച്ചതെന്ന് സിബല്‍ പറഞ്ഞു. 1967ല്‍ ആദ്യം അവതരിപ്പിച്ച ലോക്പാല്‍ ബില്‍ എട്ടുതവണ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വന്നെങ്കിലും പാസാക്കാനായില്ല. ഇക്കുറി ബില്‍ പാസാക്കുന്നതില്‍ ഒരു കക്ഷിയൊഴികെ എല്ലാവരും യോജിപ്പിലാണ്. 2011 ഡിസംബര്‍ 27 ന് ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയില്‍ എത്തിയപ്പോള്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോവുകയായിരുന്നു. സത്യവ്രത് ചതുര്‍വേദിയുടെ നേതൃത്വത്തിലുള്ള സെലക്ട് കമ്മിറ്റി 15 ഭേദഗതിയാണ് ഏകകണ്ഠമായി നിര്‍ദേശിച്ചത്. ഇതെല്ലാം സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ട്- സിബല്‍ പറഞ്ഞു.

ബില്ലിനെ തുടക്കംമുതല്‍ എതിര്‍ത്ത സമാജ്വാദി പാര്‍ടി ചൊവ്വാഴ്ച ചര്‍ച്ച തുടങ്ങുംമുമ്പ് പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോയി. രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്നും അതിന്റെ ഭാഗമായാണ് ലോക്പാല്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായതെന്നും പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ബില്‍ പിന്നീട് വോട്ടിനിട്ട ഘട്ടത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കുന്ന കോര്‍പറേറ്റുകളെയും പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളെയും ഉള്‍പ്പെടുത്തി ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തി 14-ാം വകുപ്പ് ഭേദഗതിചെയ്യണമെന്ന് സീതാറാം യെച്ചൂരിയും കെ എന്‍ ബാലഗോപാലും സി പി നാരായണനും പി രാജീവും ആവശ്യപ്പെട്ടു. ശബ്ദവോട്ടില്‍ ഭേദഗതി നിര്‍ദേശം തള്ളിയെന്ന് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി വാദിച്ചെങ്കിലും ഡിവിഷന്‍ വേണമെന്ന നിലപാടില്‍ ഇടതുപക്ഷ അംഗങ്ങള്‍ ഉറച്ചുനിന്നു. തുടര്‍ന്ന് വോട്ടിങ് നടന്നപ്പോള്‍ കോര്‍പറേറ്റുകളെ ഒഴിവാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തു. 19 നെതിരെ 159 വോട്ടുകള്‍ക്ക് ഭേദഗതി തള്ളി.

പോരായ്മ തുറന്നുകാട്ടി ഇടതുപക്ഷം

ഭരണകക്ഷിയായ കോണ്‍ഗ്രസിനും മുഖ്യപ്രതിപക്ഷമായ ബിജെപിക്കും കോര്‍പറേറ്റ് താല്‍പ്പര്യങ്ങളുടെ സംരക്ഷണമാണ് പ്രധാന ലക്ഷ്യമെന്ന് രാജ്യസഭയിലെ ലോക്പാല്‍ചര്‍ച്ചയില്‍ ഒരിക്കല്‍ക്കൂടി തെളിഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന സ്വകാര്യസ്ഥാപനങ്ങളെയും പൊതു- സ്വകാര്യ പങ്കാളിത്ത പദ്ധതികളെയും ലോക്പാലില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇടതുപക്ഷം ശക്തിയായി നിലയുറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും സ്വീകരിച്ചത് സ്വകാര്യസ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന നിലപാട്. കോര്‍പറേറ്റ് സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തുന്നത് ലോക്പാലിന്റെ ജോലിഭാരം കൂടുമെന്ന ന്യായം പറഞ്ഞാണിത്. വോട്ടിങ്ങ് ഘട്ടത്തില്‍ കോര്‍പറേറ്റുകളെ ഉള്‍പ്പെടുത്തി ഇടതുപക്ഷം കൊണ്ടുവന്ന ഭേദഗതി ശബ്ദവോട്ടോടെ തള്ളണമെന്ന ആവശ്യവും ഇരുപാര്‍ടികളും ഉയര്‍ത്തി. സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിയും ഇതേഅഭിപ്രായം ഉയര്‍ത്തിയപ്പോള്‍, ഇടതുപക്ഷ അംഗങ്ങള്‍ ശക്തമായി രംഗത്തുവന്നു. വോട്ടെടുപ്പ് ആവശ്യപ്പെടുകയെന്നത് അംഗങ്ങളുടെ അവകാശമാണെന്ന് പി രാജീവും കെ എന്‍ ബാലഗോപാലും പറഞ്ഞു. ഇതോടെയാണ് വോട്ടിങ്ങ് നടന്നത്.

അഴിമതി നിരോധനനിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതികള്‍ കൊണ്ടുവരുന്നുണ്ടെന്നും അതില്‍ അഴിമതിയുടെ വിതരണ വശത്തെ തടയാനുള്ള വ്യവസ്ഥകളുണ്ടെന്നും മന്ത്രി കപില്‍ സിബല്‍ വിശദീകരിച്ചെങ്കിലും ഇടതുപക്ഷം വഴങ്ങിയില്ല. സര്‍ക്കാര്‍ ഇതിന് ഒരുക്കമാണെങ്കില്‍ ആ വ്യവസ്ഥ ലോക്പാലില്‍ ഉള്‍പ്പെടുത്താന്‍ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വോട്ടെടുപ്പില്‍നിന്ന് പിന്നോക്കം പോകാനാകില്ലെന്നും ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണെന്നും യെച്ചൂരി പറഞ്ഞു. ഇടതുപക്ഷത്തിനുപുറമേ ബിജെഡിയും അസം ഗണ പരിഷത്തും ഭേദഗതിയെ പിന്തുണച്ചു. ലോക്പാലിലൂടെ സുതാര്യതയാണ് ലക്ഷ്യമിടുന്നതെങ്കില്‍ നിര്‍ബന്ധമായും കോര്‍പറേറ്റ് സ്ഥാപനങ്ങളെയും പിപിപി പദ്ധതികളെയും കൊണ്ടുവരണമെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 1991ല്‍ നവലിബറല്‍ നയങ്ങള്‍ തുടങ്ങിയ ശേഷമാണ് അഴിമതി വ്യാപകമായത്. അഴിമതികളുടെയെല്ലാം ഒരു വശത്ത് സ്വകാര്യ- കോര്‍പറേറ്റ് സ്ഥാപനങ്ങളാണ്. 2ജി- കല്‍ക്കരി കുംഭകോണങ്ങള്‍ ഉദാഹരണങ്ങളാണ്. രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാണെന്നാണ് പ്രചാരണം. രാഷ്ട്രീയത്തിന് പുറത്തുനിന്ന് പ്രൊഫഷണലുകള്‍ ഭരണരംഗത്തേക്ക് വന്നാല്‍ സ്വാഗതം ചെയ്യാമെന്ന സ്ഥിതിയും വന്നു. ഇപ്പോള്‍ ഒരു ഐടി വിദഗ്ധന്റെ പേര് വന്നിട്ടുണ്ട്. എന്നാല്‍,1991 മുതല്‍ ഭരണത്തിന്റെ നിര്‍ണായകതലങ്ങളില്‍ രാഷ്ട്രീയത്തിന് പുറത്തുനിന്ന് വന്നവരാണ്. അതിനുശേഷമാണ് യഥാര്‍ഥത്തില്‍ അഴിമതി പലമടങ്ങായത്- ബാലഗോപാല്‍ പറഞ്ഞു.

കോര്‍പറേറ്റുകളെ ഒഴിവാക്കാന്‍ ഒത്തുകളി : യെച്ചൂരി

ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്ന് കോര്‍പറേറ്റ് സ്ഥാപനങ്ങളെ ഒഴിവാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തെന്ന് സിപിഐ എം പാര്‍ലമെന്ററിപാര്‍ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. കോര്‍പറേറ്റ് സ്ഥാപനങ്ങളെയും പൊതു-സ്വകാര്യ (പിപിപി) പദ്ധതികളെയും ജീവകാരുണ്യ പ്രസ്ഥാനങ്ങളെയും പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ലോക്പാല്‍ ബില്‍ ചര്‍ച്ചയില്‍ യെച്ചൂരി പറഞ്ഞു.

അഴിമതിയുടെ "വാങ്ങല്‍" വശംമാത്രമാണ് നിര്‍ദിഷ്ട ബില്ലിലൂടെ തടയാന്‍ ശ്രമിക്കുന്നത്. കൊടുക്കല്‍വശം അല്ലെങ്കില്‍ വിതരണവശം തടയപ്പെടുന്നില്ല. അത് തടയണമെങ്കില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളെയും പിപിപി പദ്ധതികളെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണം. എക്കാലവും ലോക്പാലിന് നിലകൊണ്ട പാര്‍ടിയാണ് സിപിഐ എം. 2004 ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ വന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ നിര്‍ബന്ധത്തെതുടര്‍ന്ന് സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ ലോക്പാലിനെയും ഉള്‍പ്പെടുത്തി. വൈകിയാണെങ്കിലും ഈ കാര്യത്തില്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ യോജിച്ചതില്‍ സന്തോഷമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടെന്നും അത് ലോക്പാലിന്റെ ജോലിഭാരം വര്‍ധിപ്പിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട് പദ്ധതികളിലും മറ്റും പങ്കാളികളാകുന്ന സ്വകാര്യ സ്ഥാപനങ്ങളെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതില്‍ എന്താണ് ബുദ്ധിമുട്ട്. വന്‍ അഴിമതികളിലെല്ലാം ഒരുവശത്ത് കോര്‍പറേറ്റ് സ്ഥാപനങ്ങളോ സ്വകാര്യ സ്ഥാപനങ്ങളോ ആണ്. പിപിപി പദ്ധതികളെയും സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെയും പരിധിയില്‍ കൊണ്ടുവരാതെ ലോക്പാല്‍ ലക്ഷ്യം പൂര്‍ണമാവില്ല. മതസ്ഥാപനങ്ങളെയും ജീവകാരുണ്യ സ്ഥാപനങ്ങളെയും ലോക്പാലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മതസ്ഥാപനങ്ങളെ ഒഴിവാക്കിയതിനോട് യോജിക്കുന്നു. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. എന്നാല്‍, ജീവകാരുണ്യ സ്ഥാപനങ്ങളെ ഒഴിവാക്കിയത് ബോധ്യപ്പെടുന്നില്ല. ജീവകാരുണ്യ സ്ഥാപനങ്ങളുടെ മറവിലാണ് പല തട്ടിപ്പുകളും അരങ്ങേറുന്നത്. അതുകൊണ്ട് ജീവകാരുണ്യ സ്ഥാപനങ്ങളെ നിര്‍ബന്ധമായും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണം- യെച്ചൂരി പറഞ്ഞു.

deshabhimani

No comments:

Post a Comment