Wednesday, December 18, 2013

ഗുജറാത്ത് സംഘത്തിലെ വ്യവസായിയും തിരുവഞ്ചൂരുമായുള്ള ബന്ധം അന്വേഷിക്കണം: ചീഫ് വിപ്പ്

കോട്ടയം: പട്ടേല്‍ പ്രതിമാനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഗുജറാത്ത് മന്ത്രിയുടെ സംഘത്തിലെ വ്യവസായി കരുനാഗപ്പള്ളി സ്വദേശി അഭിലാഷ് മുരളീധരനുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ബന്ധം അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. അഭിലാഷ് മുരളീധരന് സോളാര്‍ കേസുമായി ബന്ധമുണ്ടെന്നും ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല കെപിസിസി എക്സിക്യൂട്ടീവ് വിളിച്ച് ഈ വിഷയം ചര്‍ച്ചചെയ്യണം. ആഭ്യന്തരമന്ത്രി എന്തു വൃത്തികേട് കാണിച്ചാലും കുഴപ്പമില്ല; പി സി ജോര്‍ജ് പറഞ്ഞാല്‍ മൂക്കു ചെത്തും എന്നത് നടപ്പില്ല. മോഡിസം അപകടകരമല്ല. ബിജെപി ഏതെങ്കിലും പൊതുപരിപാടിയില്‍ ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കും. ബിജെപി വോട്ട് തനിക്കു ലഭിച്ചിട്ടുണ്ടെന്ന് പറയാന്‍ ഒരുമടിയുമില്ല. പഞ്ചായത്തുതലം വരെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും ഏറെക്കാലമായി ബിജെപിയുമായി കൂട്ടുകച്ചവടമുണ്ട്. തന്നെ പുറത്താക്കണമെന്ന്് ആവശ്യപ്പെട്ടത് കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയാണ്. കോട്ടയം ജില്ലയിലെ വാഴൂര്‍, ചിറക്കടവ് പഞ്ചാത്തുകളിലും കങ്ങഴ സര്‍വീസ് സഹകരണ ബാങ്കിലും "ആപ്പിള്‍ സഖ്യം" എന്ന ഓമനപേരിലാണ് ധാരണ. കെപിസിസി വക്താവ് പന്തളം സുധാകരന്റെ അനുജന്‍ കെ പ്രതാപന്‍ ബിജെപി പിന്തുണയോടെയാണ് പന്തളം പഞ്ചായത്ത് ഭരിക്കുന്നത്. അവിടെ അവിശ്വാസം വന്നപ്പോള്‍ പന്തളം സുധാകരന്‍ ഇടപെട്ടാണ് ബിജെപി പിന്തുണ ലഭ്യമാക്കിയത്. മന്ത്രി ഷിബു ബേബി ജോണ്‍ മോഡിയെ കണ്ടതും താന്‍ കൂട്ടയോട്ടം പരിപാടിയില്‍ പങ്കെടുത്തതും ഒരു പോലെ കാണരുത്. കരിമണല്‍ കച്ചവടത്തിനാണ് ഷിബു ബേബി ജോണ്‍ പോയത്. ഇടുക്കിയില്‍ മത്സരിച്ചാല്‍ പി ടി തോമസ് പരാജയപ്പെടുമെന്നും ജോര്‍ജ് പറഞ്ഞു.

deshabhimani

No comments:

Post a Comment