കേരളത്തിലെ വിലക്കയറ്റം ചരിത്രത്തിലാദ്യമായി ദേശീയ ശരാശരിക്ക് മുകളിലെത്തി. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ലേബര്‍ ബ്യൂറോ ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ 12-ാം സ്ഥാനത്തേക്ക് കേരളം പിന്തള്ളപ്പെട്ടു. എല്‍ഡിഎഫ് ഭരണകാലത്ത് ആദ്യ മൂന്നു സ്ഥാനക്കാരില്‍ കേരളം ഉള്‍പ്പെട്ടിരുന്നു. ഇരുപത് സംസ്ഥാനങ്ങളിലെ ഉപഭോക്തൃ വിലസൂചികയാണ് കേന്ദ്ര ഏജന്‍സിയായ ലേബര്‍ ബ്യൂറോ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നത്.
ഏറ്റവുമൊടുവിലത്തെ കണക്കുപ്രകാരം കേരളത്തിന്റെ സൂചിക 767 ആണ്. ദേശീയ ശരാശരിയാകട്ടെ 766ഉം. മുന്‍ മാസത്തേക്കാള്‍ ദേശീയ സൂചിക ഏഴു പോയിന്റ് മാത്രം വര്‍ധിച്ചപ്പോള്‍ കേരളത്തിന്റേത് 13 പോയിന്റ് വര്‍ധിച്ചു. 754 ആയിരുന്നു മുന്‍മാസം കേരളത്തിന്റെ സൂചിക. അസം (727), ബിഹാര്‍ (686), ഹിമാചല്‍ പ്രദേശ് (616), ജമ്മു കശ്മീര്‍ (737), മധ്യപ്രദേശ് (738), മണിപ്പൂര്‍ (711), മേഘാലയ (755), ഒറീസ (717), ത്രിപുര (664), ഉത്തര്‍പ്രദേശ് (729), പശ്ചിമ ബംഗാള്‍ (732) എന്നീ സംസ്ഥാനങ്ങളുടെ സൂചിക കേരളത്തിന്റേതിനേക്കാള്‍ കുറവാണ്. അയല്‍ സംസ്ഥാനമായ തമിഴ്നാടിന്റെ സൂചിക കേരളത്തേക്കാള്‍ ഒരു പോയിന്റ് മാത്രം കൂടുതലാണ്. വിലനിയന്ത്രണത്തില്‍ കേരളം കാണിച്ച അലംഭാവമാണ് വീഴ്ചയ്ക്കു പിന്നില്‍.
പൊതുവിതരണ സമ്പ്രദായം തകര്‍ന്നു. എപിഎല്‍ അരി അടിക്കടി വെട്ടിക്കുറയ്ക്കുന്നു. ഗോതമ്പ് വിതരണം പൂര്‍ണമായി നിര്‍ത്തിയതോടെ പൊതുവിപണിയില്‍ വില 35 രൂപയിലെത്തി. രാജ്യത്തിനാകെ മാതൃകയായിരുന്ന സപ്ലൈകോയുടെ പ്രവര്‍ത്തനവും താളം തെറ്റി. എല്‍ഡിഎഫ് ഭരണകാലത്ത് വില വര്‍ധിപ്പിക്കാതെ വിതരണംചെയ്ത 13 ഇനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത് തിരിച്ചടിയായി. അഴിമതിയില്‍ മുങ്ങിയ കണ്‍സ്യൂമര്‍ ഫെഡിന്റെ വില്‍പ്പനകേന്ദ്രങ്ങളിലും സാധനങ്ങള്‍ കിട്ടാനില്ല. വില നിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ വില കുതിക്കുകയാണ്. അരിയുടെ വില രൂക്ഷമായി ഉയരുകയാണ്. ജയ, കുറുവ തുടങ്ങിയ ഇനങ്ങളുടെ വില 34-35 ല്‍ തുടരുന്നു. മട്ട അരിക്ക് 32 രൂപയാണ് വില. ഉള്ളിവില 80 രൂപയിലെത്തി. ചെറുപയര്‍ (82), വെള്ളക്കടല (100), മല്ലി (80), മുളക് (80), ശര്‍ക്കര (54), ഉഴുന്ന് (75) എന്നിവയുടെ വില അനുദിനം വര്‍ധിക്കുന്നു. വെളിച്ചെണ്ണവില റെക്കോഡ് ഭേദിച്ച് 120 രൂപയിലെത്തി. പഴം-പച്ചക്കറി വിലയും കുതിപ്പില്‍തന്നെയാണ്.
(ആര്‍ സാംബന്‍)
deshabhimani
No comments:
Post a Comment