ആലപ്പുഴ: 1957 ഏപ്രില്‍ അഞ്ചിന് ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി ഇ എം എസും ടി വി തോമസും ഗൗരിയമ്മയുമടക്കമുള്ള നേതാക്കള്‍ വയലാറിലും വലിയചുടുകാട്ടിലും രക്തസാക്ഷികള്‍ക്ക് പ്രണാമമര്പ്പിച്ചശേഷമാണ് യാത്ര ആരംഭിച്ചത്. ആ യാത്ര കേരളത്തെ ലോകത്തിന് മാതൃകയാക്കി. ജന്മിത്വം അവസാനിപ്പിക്കാനുള്ള കാര്‍ഷിക ഭൂപരിഷ്കരണബില്ലിനും വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളിലെ മുന്നേറ്റങ്ങള്‍ക്ക് വഴിവച്ച പരിഷ്കാരങ്ങള്‍ക്കും രൂപംനല്കിയത് ചരിത്രം.
കേരളത്തിലെ നവോത്ഥാനമൂല്യങ്ങളടക്കം വെല്ലുവിളി നേരിടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ പുതിയ സാമൂഹ്യമുന്നേറ്റത്തിന് നാന്ദി കുറിക്കുന്ന കേരളരക്ഷാമാര്‍ച്ചിന് വയലാറില്‍ ഫെബ്രുവരി ഒന്നിന് തുടക്കമാവും. "മതനിരപേക്ഷ ഇന്ത്യ, വികസിതകേരളം" എന്ന മുദ്രാവാക്യവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നയിക്കുന്ന മാര്‍ച്ച് ഫെബ്രുവരി ഒന്നിന് വൈകിട്ട് മൂന്നിന് പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്യും. പിണറായി വിജയനുപുറമേ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്, എ വിജയരാഘവന്, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്, എ കെ ബാലന്, എളമരം കരീം, ബേബിജോണ്‍ എന്നിവരാണ് അംഗങ്ങള്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തില്‍ സമസ്ത മേഖലകളും പിന്നോട്ടുപോയി. കാര്‍ഷികസംസ്കൃതി തകര്‍ക്കാനുള്ള ഗൂഢനീക്കവും നടക്കുന്നു. സോളാര്‍ തട്ടിപ്പിനെയും അഴിമതിയെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ പൊതുപ്രവര്‍ത്തനരംഗം മലീമസമാക്കി. പൊതുവിതരണശൃംഖല തകര്‍ത്ത് വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നു. വര്‍ഗീയശക്തികളുടെ കടന്നാക്രമണങ്ങള്‍ മതനിരപേക്ഷ ഇന്ത്യക്ക് ഭീഷണിയാണ്. ഇവയ്ക്കെതിരായ ജനകീയമുന്നേറ്റത്തിനാണ് 57 വര്‍ഷങ്ങള്‍ക്കുശേഷം സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ വയലാറില്‍നിന്ന് തുടക്കമാകുന്നത്. ഇരുപത്താറുദിവസം ജാഥ 139 കേന്ദ്രങ്ങളില്‍ ലക്ഷങ്ങളുമായി സംവദിക്കും.
വിലക്കയറ്റം തടയുക, പൊതുവിതരണരംഗം ശക്തമാക്കുക, വര്‍ഗീയത ചെറുക്കുക, സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രി രാജിവയ്ക്കുക, അഴിമതി തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ജാഥ 26ന് കോഴിക്കോട്ട് സമാപിക്കും. ജാഥ വന്‍ വിജയമാക്കാന്‍ ജില്ല ഒരുങ്ങി.
ഡി ദിലീപ് deshabhimani
No comments:
Post a Comment