Tuesday, January 28, 2014

കേസ് സിബിഐക്ക് വിടാന്‍ അധികാരമില്ല: സിപിഐ എം

കുറ്റപത്രം സമര്‍പ്പിച്ച ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആര്‍എംപി നേതാവ് രമയും സിപിഐ എം വിരുദ്ധരും ആവശ്യപ്പെടുന്നതുപോലെ പുനരന്വേഷണം തീരുമാനിക്കാനോ സിബിഐയെ ഏല്‍പ്പിക്കാനോ സര്‍ക്കാരിന് അധികാരമില്ലെന്ന് സിപിഐ എം സംസ്ഥാന കമ്മറ്റി വ്യക്തമാക്കി.

സിപിഐ എമ്മിന്റെ ഉന്നത നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയില്ലെന്ന രമയുടെ ആരോപണം തികച്ചും രാഷ്ട്രീയപ്രേരിതമാണ്. തീര്‍ത്തും നിയമവിരുദ്ധമായ ഒരാവശ്യമാണിത്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണം നടന്നിരുന്നു. അതില്‍ ഒരു കേസിലാണ് ഇപ്പോള്‍ കോടതി വിധി വന്നത്. കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ച കേസില്‍ ഇനി മറ്റൊരന്വേഷണം, രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥയനുസരിച്ച് ഒരു കാരണവശാലും സാധ്യമല്ലെന്ന് സംസ്ഥാന കമ്മറ്റി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍എംപിയും സംസ്ഥാന സര്‍ക്കാരും മാര്‍ക്സിസ്റ്റ് വിരുദ്ധ ശക്തികളും കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്ട് കോടതിയില്‍ നിലവിലുള്ള മറ്റൊരു കേസിനെ സംബന്ധിച്ചാണ് ഇപ്പോള്‍ പരാമര്‍ശിക്കുന്നത്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷിച്ച സംഘം 2009-ല്‍ ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നാരോപിച്ച് 2012-ല്‍ ചാര്‍ജ്ജ് ചെയ്ത കേസാണിത്്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കി മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് കമ്മിറ്റ് ചെയ്ത് സെഷന്‍സ് കോടതിയില്‍ വിചാരണയ്ക്കു വെച്ച കേസില്‍ മറ്റൊരന്വേഷണം നിലവിലുള്ള നിയമവ്യവസ്ഥയനുസരിച്ച് സാധ്യമല്ല. മാത്രവുമല്ല, വിധി പറഞ്ഞ കേസ് അന്വേഷിച്ച അതേ ടീം തന്നെയാണ് ഈ കേസും അന്വേഷിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മറ്റൊരു അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ ജഡ്ജി വിധി പ്രഖ്യാപിച്ചതോടെ സിപിഐ എമ്മിനെ വേട്ടയാടിയവരെല്ലാം കടുത്ത നിരാശയിലാണെന്ന് സംസ്ഥാന കമ്മറ്റി ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment