Friday, January 24, 2014

വാഗ്ദാനങ്ങള്‍ വെറും പൊള്ള; ചെലവ് വെട്ടിചുരുക്കേണ്ടിവരും : ഐസക്

ബജറ്റ് വിലക്കയറ്റം രൂക്ഷമാക്കും

തിരു: വിലക്കയറ്റം രൂക്ഷമാക്കുന്ന നിര്‍ദേശത്തോടെ 2014-15 ലേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എം മാണി വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു.   കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്ന ഒട്ടേറെ നികുതി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ജനങ്ങളെ വലയ്ക്കുന്ന പ്രത്യക്ഷ- പരോക്ഷ നികുതികളുമുണ്ട്.തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൊള്ളയായ വാഗ്ദാനങ്ങളാണു ബജറ്റിലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പദ്ധതി ചെലവ് ഗണ്യമായി വെട്ടിച്ചുരുക്കേണ്ടിവരുന്ന സാമ്പത്തിക കുരുക്കിലേക്കാണു സംസ്ഥാനം നീങ്ങുന്നതെന്ന് മുന്‍ ധനമന്ത്രി ഡോ.  തോമസ് ഐസക്ക് പ്രതികരിച്ചു. കേരള ചരിത്രത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വെട്ടിക്കുറവ് വേണ്ടിവരും. ബജറ്റ് കണക്കുകള്‍ കള്ളത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പതിന് ധനമന്ത്രി കെ എം മാണി ബജറ്റ് പ്രസംഗം ആരംഭിച്ചു.സാമ്പത്തിക മാന്ദ്യം വരുമാന വര്‍ദ്ധനവിന് തടസ്സമാകുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാന ധനസ്ഥിതി മെച്ചമാണ് . റവന്യു കമ്മി വര്‍ദ്ധിച്ചു. ആളോഹരി വരുമാനം 63, 493 ആയി വര്‍ദ്ധിച്ചിട്ടുണ്ട് മാണി പറഞ്ഞു. കെ എം മാണി  അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ ബജറ്റാണിത്. ആളോഹരി വരുമാനം 63,491 രൂപയായി. എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞു. ബജറ്റ് കമ്മി വര്‍ധിക്കുകയും കേന്ദ്ര വിഹിതം കുറയുകയും ചെയ്തു.2000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ് ബജറ്റിലുള്ളത് കൃഷി, ഗ്രാമ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. കാര്‍ഷീക പദ്ധതികള്‍ക്ക് 964 കോടി നീക്കിവെച്ചതായും പറയുന്നു

വന്‍കിട പദ്ധതിയ്ക്ക് 1225 കോടി രൂപ. ഐ ടി വകുപ്പ് മുഖേന കര്‍ഷക കുടുംബത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് നല്‍കും. ഇതിനായി 10 കോടി മാറ്റിവെച്ചു. കേരളത്തെ ഹൈടെക് കര്‍ഷക സംസ്ഥാനമാക്കും.വില നിര്‍ണ്ണയ അവകാശം കര്‍ഷകര്‍ക്ക് നല്‍കും. 18.77 ലക്ഷം കര്‍ഷകര്‍ക്ക് വായ്പയുള്‍പ്പെടെ ലഭ്യമാക്കുന്നതിന് അഗ്രികാര്‍ഡ് നല്‍കും. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്ക് വരുമാന ഉറപ്പ്. 25 വിളകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കും. ഹൈടെക് കൃഷിയ്ക്ക് 5ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കും.

വനിത സ്വയംസംരഭക പദ്ധതിക്ക് താത്പര്യമുള്ള വനിതകള്‍ക്ക് പ്രത്യേക പരിശീലനം. കോളജുകളിലെ സ്വയംസംരംഭക പദ്ധതിക്ക് അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക്. മത്സ്യവിപണന മേഖലകള്‍ തുടങ്ങാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സഹായം. ഇതിനായി കോര്‍പ്പറേഷനുകള്‍ക്ക് 4ലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 3 ലക്ഷവും പഞ്ചായത്തുകള്‍ക്ക് 2 ലക്ഷവും നല്‍കും.ഇതിനായി 30 കോടി വകയിരുത്തും. മില്‍മ മാതൃകയില്‍ കര്‍ഷക സഹകരണസംഘം ആരംഭിക്കും കര്‍ഷകര്‍ നേരിടുന്ന വന്യമൃഗ ശല്യം ദൂരീകരിക്കാന്‍ കരിങ്കല്‍ ഭിത്തികളും വൈദ്യുതി കമ്പികളും സ്ഥാപിക്കും. ഇതിനായി 10 കോടി നല്‍കും.

സംരംഭകരായ വിദ്യാര്‍ത്ഥികള്‍ക്ക് യുവപ്രതിഭാ പുരസ്കാരം. ദീര്‍ഘകാല വായ്പകള്‍ക്ക് 50 ശതമാനം സബ്സിഡി. മഴവെള്ള സംഭരണികള്‍ക്ക് 50 ശതമാനം സബ്സിഡി നല്‍കും. 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്. മത്സ്യതൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ. ഇതിനായി 100 കോടി വകയിരുത്തും. അര്‍ബുദ രോഗ ചികിത്സയ്ക്ക് 10 കോടി. ഇതിന് എല്ലാ ജില്ലയിലും പ്രത്യേക മെഡിക്കല്‍ സംഘം. നിത്യരോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍ക്കായി പ്രതിമാസം 1000 രൂപ വരെ സര്‍ക്കാര്‍ സഹായം. കാര്‍ഷിക പാഴ്വസതുക്കളില്‍ നിന്ന് ഉത്പന്നങ്ങള്‍. 400 പുതിയ സേവനങ്ങള്‍ കൂടി ഇലക്ട്രോണിക് സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.

കെട്ടിട നികുതി ഇരട്ടിയാക്കി.ലോട്ടറി വില കൂട്ടി. ഉഴുന്നുപൊടിയുടെ നികുതി ഒരു ശതമാനമാക്കി.തവിടിന്റെയും തവിടെണ്ണയുടെയും നികുതി ഒഴിവാക്കി മംഗല്യനിധി സെസ് നിയമത്തിലെ അപാകതകള്‍ പരിഹരിക്കും സ്വര്‍ണാഭരണ രംഗത്തെ കോമ്പൗണ്ടിങ് നികുതിഘടനയില്‍ മാറ്റം വരുത്തി.

കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക പ്രതിസന്ധി മറിക്ടക്കാന്‍ 150 കോടി. ഗ്രാമീണ മേഖലയില്‍ 1000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും. അനാഥകുട്ടികളുടെ ഹയര്‍ സെക്കണ്ടറി വരെയുള്ള പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും.ഇടുക്കിയില്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മിക്കും. തിരുവനന്തപുരം- ചെങ്ങന്നുര്‍- ഹരിപ്പാട് റോഡില്‍ സബര്‍ബെന്‍ ട്രെയില്‍ സര്‍വീസ് തുടങ്ങും. തിരുവനന്തപുരത്തും കോഴിക്കോടും ബയോ മാലിന്യപദ്ധതി. കേരള വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ മെയ്ഡ് ഇന്‍ കേരള പദ്ധതി.

കൊച്ചി - ബിനാലെ നടത്തിപ്പിന് രണ്ട് കോടി നല്‍കും. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡിക്ക് 100 കോടി. വ്യവസായ മേഖലയിലെ നവീന ആശയങ്ങള്‍ക്ക് അംഗീകാരം നല്‍കും. കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് 3 ലക്ഷം വരെ പുരസ്കാരവും നല്‍കും. കൊച്ചിയില്‍ ഗ്ലോബല്‍ അഗ്രി മീറ്റ് സംഘടിപ്പിക്കും. നാനോ ടെക്നോളജിക്ക് ഒരു കോടി രൂപ. നിത്യരോഗികളുടെ കുടുംബത്തിന് പ്രതിമാസം 1000 രൂപയുടെ സഹായം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്കാണ് ആനുകൂല്യം നല്‍കുക.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ട് അപ് കിറ്റിനായി രണ്ട് കോടി വകയിരുത്തി. കൊച്ചിയില്‍ കാന്‍സര്‍ സെന്ററിന് അനുമതി. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിനായി 5 കോടി വകയിരുത്തി. ജല വൈദ്യുത പദ്ധതികള്‍ക്ക് 215 കോടി രൂപ നീക്കിവെച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് 10 കോടി നീക്കിവെച്ചു.
അവിവാഹിതരായ സ്ത്രീകളുടെ പെന്‍ഷന്‍ 800 രൂപയാക്കി. പത്രപ്രവര്‍ത്തക പെന്‍ഷന്‍ 8,000 രൂപയാക്കി . നോണ്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് 5000 രൂപ പെന്‍ഷന്‍. വാര്‍ധക്യകാല പെന്‍ഷന്‍ 600 രൂപയാക്കി

പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് ഗ്രീന്‍ ഫിനാന്‍സ് പദ്ധതി ഇതിനായി 10 കോടി. 2 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 6 ശതമാനത്തിന് ഭവന വായ്പ . ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 4 ശതമാനത്തിന് ഭവന വായ്പ . ഐ.ടി.പാര്‍ക്കുകളുടെ വികസനത്തിന് 134 കോടി. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യു.ഐ.ഡി കാര്‍ഡ് ഏര്‍പ്പെടുത്തും. ഇതിനായി മൂന്നു കോടി നീക്കിവെച്ചു.

വാഹനത്തിനും മദ്യത്തിനും വിലകൂടും കെട്ടിടനിര്‍മ്മാണത്തിന് ചെലവേറും

തിരു: പുതിയ ബജറ്റ് പ്രകാരം ആഡംബര കാറുകള്‍ക്കും വിദേശമദ്യത്തിനും കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്കും വിലകൂടും. ഓട്ടോ ടാക്സി നിരക്കുകളും കൂടും. ആഡംബര ബൈക്കുകളുടെ വിലയും കൂടും. ഒരുകോടിയിലധികം വിറ്റുവരവുള്ള തുണിക്കടകള്‍ക്ക് 2 ശതമാനം നികുതി ഏര്‍പ്പെടുത്തി. ചെറിയ കാറുകളുടെ നികുതി 12 ശതമാനമാക്കി. 1500 സിസിയില്‍ കൂടുതലുള്ള ടാക്സി കാറുകളെ ആഡംബര വിഭാഗത്തില്‍പെടുത്തും.15 ലക്ഷത്തിന് മുകളിലുള്ള കാറുകള്‍ക്ക് 33ശതമാനം നികുതി.

അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് കൂട്ടി. സീറ്റൊന്നിന് 1000 രൂപ നികുതി ഈടാക്കും. വിദേശമദ്യത്തിന് 10 ശതമാനം നികുതി ഏര്‍പ്പെടുത്തും. മെറ്റലിനും പാറപ്പൊടിക്കും വിലകൂടും. സര്‍വീസ് അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് 12.5 ശതമാനം ആഡംബര നികുതി ഏര്‍പ്പെടുത്തും.

യുപിഎസ് , ഇന്‍വെര്‍ട്ടര്‍, അലൂമിനിയം ഷീറ്റ് എന്നിവയുടെ നികുതി കൂട്ടി. ചിട്ടി , കുറി വരിയോലയുടെ വില 1000 രൂപക്ക് 50 രൂപയാക്കി. ഭൂമിയുടെ ന്യായവില കൂടും.ഇതിനായി നിയമഭേദഗതി കൊണ്ടുവരും. സ്റ്റാമ്പ് ഡ്യൂട്ടി ആറ് ശതമാനമാക്കി ഏകീകരിച്ചു. വെളിച്ചെണ്ണ ഒഴികെയുള്ള ഭഷ്യ എണ്ണകള്‍ക്ക് 5 ശതമാനം നികുതി. വെളിച്ചെണ്ണക്ക് ഒരു ശതമാനം നികുതി ഈടാക്കും.

വില കുറയുന്നവ

ആട്ട, മൈദ എന്നിവയുടെ നികുതി കുറച്ചതിനാല്‍ മധുര പലഹാരങ്ങളുടെ വില കുറയും. എല്‍ഇഡി ബള്‍ബുകള്‍ , റബര്‍ സ്പ്രേ, ഓയില്‍ എന്നിവക്കും വിലകുറയും. എല്‍പിജി സബ്സിഡി സിലിണ്ടറുകളുടെ വാറ്റ് ഒഴിവാക്കുന്നതിനാല്‍ അവക്ക് 43 രൂപ വിലകുറയും.

വാഗ്ദാനങ്ങള്‍ വെറും പൊള്ള; ചെലവ് വെട്ടിചുരുക്കേണ്ടിവരും : ഐസക്

തിരു: കേരളം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് ബജറ്റ് അവലോകനം ചെയ്ത് തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി വെട്ടികുറവിനാണ് കേരളം കാണാനിരിക്കുന്നത്. പദ്ധതിചെലവ് മൂന്നിലൊന്ന് വെട്ടികുറയ്ക്കേണ്ടിവരും. ഇത് അപകടം പിടിച്ച പോക്കാണ്.

കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച കള്ളത്തരം ഇത്തവണയും ആവര്‍ത്തിച്ചിരിക്കയാണ്. ധനമന്ത്രി പറഞ്ഞതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് റവന്യൂ കമ്മി.വരുമാനത്തില്‍ 4000 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് പൊള്ളയായ വാഗ്ദാനങ്ങളാണ് നല്‍കിയിട്ടുള്ളത്.

കേരളം പത്ത് വര്‍ഷം കൊണ്ടുണ്ടാക്കിയ ധനനിയന്ത്രണത്തിലെ നേട്ടങ്ങള്‍ രണ്ട് വര്‍ഷം കൊണ്ട് പൊളിച്ചടക്കിയിരിക്കയാണ്. പടിപടിയായി ഉയര്‍ന്ന പദ്ധതി ചെലവ് ഇപ്പോള്‍ മൂക്കും കുത്തി വീണു. 1800 കോടി രൂപയാണ് കോണ്‍ട്രാക്ടര്‍ മാര്‍ക്ക് ഇതുവരെ കൊടുത്ത് തീര്‍ക്കാനുള്ളത്. പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മതിയോ. ഇതിനെല്ലാം പണം എവിടെ നിന്ന് കണ്ടെത്തും എന്നുകൂടി പറയേണ്ടതല്ലെ എന്നും ബദല്‍ കണക്കുകള്‍ അവതരിപ്പിച്ച് ഐസക് ചോദിച്ചു.

deshabhimani

No comments:

Post a Comment