Wednesday, January 22, 2014

കോണ്‍ഗ്രസ്-ബിജെപിയിതര സര്‍ക്കാര്‍ വരും: പിണറായി

കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസിതര, ബിജെപിയിതര സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന സന്ദര്‍ഭങ്ങളിലെല്ലാം തെരഞ്ഞെടുപ്പിനുശേഷമാണ് അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. ഇപ്പോഴും സമാനമായ സാഹചര്യമാണ്-ഡല്‍ഹി മലയാളികള്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ച് സംസാരിക്കവെ പിണറായി പറഞ്ഞു.

ദുര്‍ഭരണവും അഴിമതിയും കോണ്‍ഗ്രസിനെ ജനങ്ങളില്‍നിന്ന് അകറ്റി. അതിസമ്പന്നര്‍ക്കു മാത്രമാണ് കോണ്‍ഗ്രസ് ഭരണം പ്രയോജനംചെയ്തിട്ടുള്ളത്. ഗുജറാത്തിലെ വംശഹത്യക്ക് നേതൃത്വം നല്‍കിയ മോഡിയെ ഉയര്‍ത്തിക്കാട്ടുന്ന ബിജെപിയോടൊപ്പം കൂടാന്‍ ആരും തയ്യാറല്ല. കൂടെനിന്ന ഐക്യജനതാദള്‍ പോലും അവരെ വിട്ടുപോയി. കോണ്‍ഗ്രസ് ദുര്‍ബലമായ പല സംസ്ഥാനങ്ങളിലും ബിജെപിയും പ്രാദേശികകക്ഷികളും തമ്മിലാണ് മത്സരം. ഒറ്റപ്പെടലിന്റെ സാഹചര്യത്തില്‍ വര്‍ഗീയലഹളകള്‍ സൃഷ്ടിച്ച് വര്‍ഗീയവികാരം വളര്‍ത്താനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. ബിഹാറിലും മുസഫര്‍നഗറിലും ഉണ്ടായത് ഈ ശ്രമമാണ്. അതേസമയം വര്‍ഗീയതയ്ക്കെതിരെ ഇടതുപക്ഷവും ജനാധിപത്യകക്ഷികളും ചേര്‍ന്ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍തന്നെ ജനങ്ങളില്‍ പ്രത്യാശ ഉളവാക്കി. തെരഞ്ഞെടുപ്പിന് ഇനിയും രണ്ടുമൂന്ന് മാസമുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും പങ്കാളിത്തമില്ലാത്ത ഭരണസംവിധാനത്തിനുള്ള സാഹചര്യം വരികയാണ്. ഇതിനായി കേരളത്തിന് എത്രത്തോളം സംഭാവന നല്‍കാന്‍ കഴിയുമെന്ന ചോദ്യം പ്രസക്തമാണ്. എല്ലാ കൊള്ളരുതായ്മകള്‍ക്കും അഴിമതികള്‍ക്കും നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. എത്ര അപമാനം സഹിച്ചും അധികാരത്തില്‍ തുടരും എന്ന് ആദ്യമായി പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവ് ഉമ്മന്‍ചാണ്ടിയാണ്.

എല്‍ഡിഎഫിനോടുള്ള ചെറിയ പരിഭവങ്ങളുടെ പേരില്‍ യുഡിഎഫിനെ വാശിയോടെ പിന്തുണച്ച് അധികാരത്തില്‍ കൊണ്ടുവന്ന എല്ലാ സാമൂഹിക ശക്തികളും ഇന്ന് ദുഃഖിതരാണ്. യുഡിഎഫിനെ തള്ളിപ്പറയാന്‍ ഇനി ആരും ബാക്കിയില്ല. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തില്‍ ആവര്‍ത്തിക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടില്ല. എല്‍ഡിഎഫ് നടത്തുന്ന പ്രക്ഷോഭങ്ങളെ അപമാനിക്കുന്ന ശൈലി ഇപ്പോള്‍ കാണുന്നുണ്ട്. പ്രക്ഷോഭങ്ങളുടെ വിജയം ജനങ്ങള്‍ വിധിയെഴുതും. ഞങ്ങള്‍ക്ക് വേവലാതിയില്ല. സിപിഐ എം സമരം നടത്തിയതുകൊണ്ടല്ല, രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടതുകൊണ്ടാണ് എല്‍പിജി സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. അതിനുമുമ്പും രാഹുല്‍ഗാന്ധി ഈ നാട്ടില്‍ ഉണ്ടായിരുന്നല്ലോ? ഇടതുപക്ഷത്തിന് പ്രയോജനം കിട്ടുമെന്ന രാഷ്ട്രീയചിന്തയുടെ പേരില്‍ നാട്ടില്‍ നടക്കുന്ന പല കാര്യങ്ങളും മാധ്യമങ്ങള്‍ അവഗണിക്കുകയാണ്. ഏതാനും നാള്‍മുമ്പ് ഡല്‍ഹിയില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത റാലി നടന്നു. ഇടതുപക്ഷക്കാരും അല്ലാത്തവരും അതില്‍ പങ്കെടുത്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലുകളുടെ ക്യാമറപോലും ഇതിനുനേരെ കണ്ണടച്ചു. സമരത്തിന്റെ നേട്ടം ഇടതുപക്ഷത്തിന് കിട്ടുമെന്ന ചിന്തയാണ് മാധ്യമങ്ങളെ നയിച്ചത്. ബംഗാളിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആട്ടിയോടിച്ചശേഷം ഗുണ്ടകള്‍ ബൂത്തില്‍ കയറി വോട്ടുചെയ്തു. ഇക്കാര്യവും മാധ്യമങ്ങള്‍ കണ്ടില്ല. തനിക്കുനേരെ പല ഘട്ടങ്ങളിലും മാധ്യമങ്ങള്‍ നടത്തിയ ആക്രമണവും വ്യക്തിപരമായ ലക്ഷ്യംവച്ചല്ല, പാര്‍ടിയോടുള്ള എതിര്‍പ്പിന്റെ ഭാഗമായിട്ടാണെന്നും പിണറായി പറഞ്ഞു.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment