Tuesday, January 28, 2014

ടി പി ചന്ദ്രശേഖരന്‍ കേസ്: 11 പ്രതികള്‍ക്ക് ജീവപര്യന്തം

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരില്‍ 11 പേര്‍ക്കും ജീവപര്യന്തം കഠിന തടവ് വിധിച്ചു. ഒന്നുമുതല്‍ 7വരെ പ്രതികളായ എം സി അനൂപ്, മനോജ്കുമാര്‍ എന്ന കിര്‍മാണി മനോജ്, എന്‍ കെ സുനില്‍കുമാര്‍ എന്ന കൊടി സുനി, ടി കെ രജീഷ് , കെ കെ മുഹമ്മദ്ഷാഫി, എസ് സിജിത് എന്ന അണ്ണന്‍, കെ ഷിനോജ്, എന്നിവരേയും എട്ടാം പ്രതി കെ സി രാമചന്ദ്രന്‍, 11-ാം പ്രതി മനോജന്‍ എന്ന ട്രൗസര്‍ മനോജന്‍, 13-ാംപ്രതി പി കെ കുഞ്ഞനന്തന്‍, 18-ാംപ്രതി പി വി റഫീഖ് എന്ന വാഴപ്പടച്ചി റഫീക്ക് എന്നിവരേയുമാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്.

31-ാംപ്രതി എം കെ പ്രദീപന്‍ എന്ന ലംബു പ്രദീപനെ മൂന്ന് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു.1മുതല്‍ 7 വരെയുള്ള പ്രതികള്‍ക്ക് കഠിന തടവിന് പുറമെ 50000 രൂപ വീതം പിഴ ശിക്ഷയും 8,11,13,18 പ്രതികള്‍ക്ക് ഒരു ലക്ഷം രൂപയും പിഴശിക്ഷ വിധിച്ചു. 31-ാം പ്രതിക്ക് 20000 രൂപയാണ് പിഴശിക്ഷ. ചൊവ്വാഴ്ച 11ന് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിയാണ് ശിക്ഷ വിധിച്ചത്.

പിഴതുകയില്‍ 3ലക്ഷം ചന്ദ്രശേഖരന്റെ ഭാര്യ രമക്കും 2 ലക്ഷം മകന്‍ അഭിനന്ദിനും നല്‍കണം. ജീവപര്യന്തം ശിക്ഷക്ക് പുറമെ കൊടിസുനിക്ക് 10 വര്‍ഷത്തെയും കിര്‍മാണി മനോജിന് 5 വര്‍ഷത്തെയും അധിക കഠിന തടവും വിധിച്ചു. എന്നാല്‍ ശിക്ഷാകാലാവധി ഒരുമിച്ചനുഭവിച്ചാല്‍ മതി.

ശിക്ഷ ഇളവ് ചെയ്ത് കിട്ടാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകരും വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകരും പറഞ്ഞു. കേസില്‍ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍ അടക്കം 24 പേരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വിട്ടയച്ചിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കെടുത്തെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച ഏഴു പേരടക്കം 12 പേര്‍ കുറ്റക്കാരാണെന്നാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപിഷാരടി വിധിച്ചിരുന്നു.

2012 മെയ് നാലിനു രാത്രിയാണ് വള്ളിക്കാട്ട് ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 11നു തുടങ്ങിയ വിചാരണ ഡിസംബര്‍ 20നു പൂര്‍ത്തിയായി. 284 പേരുടെ സാക്ഷിപ്പട്ടിക ഹാജരാക്കിയെങ്കിലും പ്രോസിക്യൂഷന്‍ 166 പേരെയേ വിസ്തരിച്ചുള്ളൂ. ഇതില്‍ 52 പേര്‍ പ്രോസിക്യൂഷന്റെ കള്ളക്കഥയ്ക്കെതിരെ മൊഴി നല്‍കി. പ്രതിഭാഗം പത്തു സാക്ഷികളെയും വിസ്തരിച്ചു.

പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം സി എച്ച് അശോകന്‍ വിചാരണയ്ക്കിടെ 2013 ജൂലൈ അഞ്ചിന് അന്തരിച്ചു. രാവിലെ പത്തരയോടെയാണ് പ്രതികളെ കോഴിക്കോട് ജില്ല ജയിലില്‍ നിന്ന് കോടതിയില്‍ കൊണ്ടുവന്നത്. കോടതി പരിസരത്ത് കനത്തസുരക്ഷ ഏര്‍പെടുത്തിയിരുന്നു. ശിക്ഷയെക്കുറിച്ച് പ്രതികള്‍ക്ക് പറയാനുള്ളത് 23ന് കോടതി കേട്ടിരുന്നു. അന്ന് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദവുമുണ്ടായി. 12 പ്രതികളില്‍ 11 പേര്‍ക്കും വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍, വധശിക്ഷ നടപ്പാക്കാനുള്ള പ്രത്യേക സാഹചര്യം കേസിലില്ലെന്ന് പ്രതിഭാഗം വാദിച്ചു.

deshabhimani

No comments:

Post a Comment