Tuesday, January 28, 2014

കേരള രക്ഷാമാര്‍ച്ച് വന്‍ വിജയമാക്കും: സിപിഐ എം

മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്നീ മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ച് വന്‍ വിജയമാക്കാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. 124 കേന്ദ്രങ്ങളില്‍ എത്തുന്ന ജാഥയ്ക്ക് വന്‍ വരവേല്‍പ് നല്‍കാനും ജാഥ ചരിത്രസംഭവമാക്കാനും വേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഇതിനകം പുരോഗമിക്കുകയാണ്. രക്തസാക്ഷികളുടെ ഓര്‍മ തുടിക്കുന്ന വയലാറില്‍ ഫെബ്രുവരി ഒന്നിന് പകല്‍ മൂന്നിന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യുന്ന ജാഥ ഫെബ്രുവരി 26ന് കോഴിക്കോട്ടാണ് സമാപിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും സംസ്ഥാന കമ്മിറ്റി യോഗം ആസൂത്രണം ചെയ്തു. പാചകവാതകക്കൊള്ളയും വിലക്കയറ്റവും തടയുന്നതിന് സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളില്‍ നടത്തിയ നിരാഹാരസമരം വിജയകരമായിരുന്നുവെന്ന് യോഗം വിലയിരുത്തി. പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചു. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. കമ്യൂണിസ്റ്റ് നവോത്ഥാനപ്രസ്ഥാനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും ജനങ്ങളില്‍ എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പ്രശസ്ത ഗ്രന്ഥകാരന്‍ ആണ്ടലാട്ടിന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം അനുശോചിച്ചു. 1978 മുതല്‍ ചിന്ത പബ്ലിഷേഴ്സിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ആണ്ടലാട്ട് ചുമതലവഹിച്ചു. 1992 മുതല്‍ എ കെ ജി പഠനഗവേഷണകേന്ദ്രം ലൈബ്രറിയുടെ മുഖ്യചുമതലക്കാരനായും ത്യാഗപൂര്‍വം സഖാവ് സേവനം അനുഷ്ഠിച്ചതായി അനുശോചനപ്രമേയം പറഞ്ഞു.

സ്വാതന്ത്ര്യസമരസേനാനിയും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല നേതാവും തിരുവനന്തപുരം സിറ്റി കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയുമായിരുന്ന മണ്ണന്തല കരുണാകരന്‍, സ്വാതന്ത്ര്യസമരസേനാനിയും ആദ്യ കേരള നിയമസഭയിലെ അംഗവും പ്രോടേം സ്പീക്കറുമായിരുന്ന പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് റോസമ്മ പുന്നൂസ് എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചിച്ചു.

സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ സി രാമകൃഷ്ണന്‍ (ആലത്തൂര്‍), കെ സി മധുസൂദനന്‍ (ഏറ്റുമാനൂര്‍), ഡി വര്‍ഗീസ് (വിളപ്പില്‍), കെ വിശ്വം (ചിറ്റൂര്‍), ടി കെ ശ്രീധരന്‍ (പനത്തടി), മുന്‍ പറവൂര്‍ ഏരിയ കമ്മിറ്റി അംഗം ഇ ജെ ബെനഡിക്ട്, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി കാസര്‍കോട് താലൂക്ക് കമ്മിറ്റി അംഗവും കരിന്തളം നെല്ലെടുപ്പുസമരത്തിലെ പങ്കാളിയും കരിവെള്ളൂര്‍ സമരസേനാനിയുമായ സി എച്ച് കേശവന്‍ മാസ്റ്റര്‍, മുന്‍ ഏരിയ കമ്മിറ്റി അംഗവും ദേശാഭിമാനി സര്‍ക്കുലേഷന്‍ ഓര്‍ഗനൈസറുമായ സ്കറിയ മാത്യു, പൂഞ്ഞാര്‍ ഏരിയ കമ്മിറ്റി മുന്‍ അംഗം കെ ജെ മാത്യു, കോന്നി മുന്‍ ഏരിയ സെക്രട്ടറി കെ പി പ്രഭാകരന്‍നായര്‍, പറവൂര്‍ മുന്‍ ഏരിയ സെക്രട്ടറി കെ കെ ഗോപി, കാര്‍ത്തികപ്പള്ളി ലോക്കല്‍ സെക്രട്ടറി ആര്‍ മനോഹരന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്റും പാര്‍ടി മുന്‍ കല്‍പ്പറ്റ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ വി മറിയക്കുട്ടി, കൊല്ലത്തെ ആദ്യകാല പ്രവര്‍ത്തകന്‍ വിശ്വംഭരന്‍, പുന്നപ്ര- വയലാര്‍ സമരസേനാനി പി ആര്‍ വാസപ്പന്‍, കരിവെള്ളൂര്‍ സമരസേനാനി കരിമ്പില്‍ അപ്പുക്കുട്ടന്‍, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ഡി നര്‍ഗീസ്, കെജിഒഎ മുന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എന്‍ കൃഷ്ണന്‍കുട്ടി, ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷന്‍ കണ്‍വീനര്‍ കെ എന്‍ വിജയകുമാരന്‍, വാഹനാപകടത്തില്‍ മരിച്ച എന്‍ജിഒ യൂണിയന്‍ മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ ശിവരാമന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം ദുഃഖം രേഖപ്പെടുത്തി.

പിന്നണി ഗായകന്‍ കെ പി ഉദയഭാനു, ബംഗാളി ചലച്ചിത്രനടി സുചിത്ര സെന്‍, പടയണി കലാകാരന്‍ രാമകൃഷ്ണപ്പണിക്കര്‍ എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചിച്ചു.

deshabhimani

No comments:

Post a Comment