Thursday, January 30, 2014

മരിച്ചവരുടെ കണക്കില്ലെന്ന് ആരോഗ്യവകുപ്പ്

എന്‍ഡോസള്‍ഫാന്‍ പ്രയോഗംമൂലം സംസ്ഥാനത്ത് എത്രപേര്‍ മരിച്ചുവെന്നതിന് കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് ആരോഗ്യവകുപ്പ്. 2001 ജനുവരി ഒന്നുമുതല്‍ 2013 നവംബര്‍ 20 വരെ ഓരോ ജില്ലയിലും കീടനാശിനിപ്രയോഗംമൂലം എത്ര കുട്ടികള്‍ മരിച്ചുവെന്നതിന്റെ കണക്കും സംസ്ഥാന എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ ലഭ്യമല്ല. കാക്കനാട് പടമുഗള്‍ സ്വദേശി രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഈ മറുപടി നല്‍കിയത്. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു മാത്രമാണ് "സ്നേഹസാന്ത്വനം" പദ്ധതിപ്രകാരം പ്രതിമാസം ധനസഹായം നല്‍കുന്നത്. ഗുണഭോക്താക്കള്‍ മുഴുവനും കാസര്‍കോട്ടുകാരാണ്. 4518 ദുരിതബാധിതര്‍ക്കാണ് ധനസഹായം.

തൊഴിലെടുക്കാനാകാത്ത എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1,700 രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2,000 രൂപയും രോഗബാധിതരായ മറ്റുള്ളവര്‍ക്ക് 1,000 രൂപയുമാണ് ധനസഹായമെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു. ഈ തുക 10 ദിവസത്തെ മരുന്നിനുപോലും തികയില്ലെന്നതാണ് വാസ്തവം. ദുരന്തബാധിതര്‍ക്ക് കേന്ദ്രസഹായം ലഭിച്ചിട്ടുണ്ടോയെന്നതിനെക്കുറിച്ചും ആരോഗ്യവകുപ്പിന് വിവരമില്ല. 2013 നവംബര്‍ 20 വരെ ലഭിച്ച കേന്ദ്രസഹായം എത്രയാണെന്നോ തുക എത്രയാണെന്നോ ഉള്ള കണക്ക് എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ ലഭ്യമല്ലത്രെ. 2003 മുതല്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം കേരളത്തില്‍ നിരോധിച്ചതാണ്. അതിനുശേഷം എന്‍ഡോസള്‍ഫാന്‍ സംസ്ഥാനത്ത് ഉപയോഗം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് പറയുന്നത്. ദേശീയ മനുഷ്യാവകാശ കമീഷന്റെ ശുപാര്‍ശ അനുസരിച്ച് 1.5 ലക്ഷം രൂപയുടെ ആദ്യഗഡു ദുരന്തബാധിതര്‍ക്കു നല്‍കിയതായാണ് രേഖകള്‍. ദുരന്തംമൂലം എത്രപേര്‍ മരിച്ചുവെന്ന് കണക്കുകളില്ലെന്നു പറയുന്ന ആരോഗ്യവകുപ്പ്് ജില്ലയില്‍ നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കിയതായി പറയുന്നു. പട്ടികയില്‍പെട്ടവര്‍ക്ക് പ്രതിമാസ പെന്‍ഷനും സൗജന്യറേഷനും സൗജന്യ ചികിത്സയും നല്‍കുന്നുണ്ടെന്നും മറുപടിയിലുണ്ട്.

deshabhimani

No comments:

Post a Comment