Sunday, January 26, 2014

പ്രസാര്‍ ഭാരതിയും സ്വകാര്യവല്‍ക്കരിക്കുന്നു

പൂര്‍ണമായ സ്വയംഭരണം നല്‍കാനെന്ന പേരില്‍ പ്രസാര്‍ ഭാരതി കോര്‍പറേഷന്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നു. ഇതിനായി 1990ലെ പ്രസാര്‍ ഭാരതി നിയമം ദേഭഗതി ചെയ്യും. സാം പിട്രോഡ കമ്മിറ്റി ശുപാര്‍ശപ്രകാരമാണ് പ്രസാര്‍ഭാരതി സ്വകാര്യവല്‍ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. 5400 കോടിയോളം രൂപയാണ് പ്രസാര്‍ഭാരതിയുടെ നിലവിലുള്ള ആസ്തിമൂല്യം. ഇതില്‍ കണ്ണുവച്ച് കോര്‍പറേറ്റുകള്‍ നടത്തിവരുന്ന നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങുകയാണ്.

തുച്ഛമായ വിലയ്ക്ക് ആസ്തികള്‍ കൈമാറാനുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാകുന്ന രീതിയില്‍ പ്രക്ഷേപണരംഗത്ത് സ്വകാര്യപങ്കാളിത്തം അനുവദിക്കാനും നീക്കമുണ്ട്. സാം പിട്രോഡ കമീഷന്‍ ശുപാര്‍ശകള്‍ ചര്‍ച്ചചെയ്യാന്‍ ഈയാഴ്ചതന്നെ യോഗം ചേരുമെന്ന് വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പ് പ്രസാര്‍ഭാരതിയുടെ കച്ചവടം ഉറപ്പിക്കാനാണ് സര്‍ക്കാര്‍ തിരക്കിട്ട് നീങ്ങുന്നത്. കോര്‍പറേഷന്റെ ആസ്തികള്‍ ഉപയോഗിച്ച് പരമാവധി ഫണ്ട് സമാഹരിക്കണമെന്ന് സാം പിട്രോഡ കമീഷന്‍ ശുപാര്‍ശചെയ്യുന്നു. പ്രൊഫഷണലുകളെ കൊണ്ടുവരുന്നുവെന്ന പേരില്‍ പ്രസാര്‍ ഭാരതിയുടെ ഡയറക്ടര്‍ബോര്‍ഡില്‍ കോര്‍പറേറ്റുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തും.

തുടക്കത്തില്‍ എത്രത്തോളം സ്വകാര്യപങ്കാളിത്തം വേണമെന്ന് കമീഷന്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ക്രമേണ പൂര്‍ണമായും പൊതുഉടമസ്ഥത നഷ്ടപ്പെടുന്ന സ്ഥിതിയില്‍ കോര്‍പറേഷനെ എത്തിക്കാനാണ് പദ്ധതി. കോര്‍പറേഷന്റെ ആസ്തിയും മനുഷ്യവിഭവശേഷിയും പുതിയ സംവിധാനത്തിന് മൊത്തത്തില്‍ കൈമാറണമെന്നും ഭരണപരമായും സാമ്പത്തികമായും സ്വയംഭരണാവകാശം നൂറു ശതമാനവും നല്‍കണമെന്നും കമീഷന്‍ആവശ്യപ്പെടുന്നു. നിലവില്‍ 32,500 ജീവനക്കാരാണ് പ്രസാര്‍ ഭാരതിയിലുള്ളത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമീഷന്‍ ശുപാര്‍ശചെയ്യുന്നു. പരിപാടികളുടെ നിര്‍മാണം പുറംകരാര്‍ നല്‍കണം.

ആകാശവാണിയുടെയും ദൂരദര്‍ശന്റെയും നിലവിലുള്ള എല്ലാ പരിപാടികളും പുനഃപരിശോധിക്കണം. പ്രക്ഷേപണരംഗത്തും സ്വകാര്യപങ്കാളിത്തം അനുവദിക്കും. നിര്‍ണായക സാഹചര്യങ്ങളില്‍ രാജ്യസുരക്ഷതന്നെ അപകടത്തിലാക്കുന്ന നടപടിയാണിത്. വാര്‍ത്താവിതരണത്തിന്റെ നിയന്ത്രണം കോര്‍പറേറ്റുകളുടെ കൈപ്പിടിയില്‍ ഒതുങ്ങാന്‍ ഇത് വഴിയൊരുക്കും. വിശ്വസനീയമായ വാര്‍ത്തകള്‍ കിട്ടാന്‍വേണ്ടിയാണ് പ്രസാര്‍ഭാരതിയെ സ്വകാര്യവല്‍ക്കരിക്കേണ്ടതെന്ന വിചിത്രമായ ന്യായവും സാം പിട്രോഡ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നു.

കോര്‍പറേറ്റ് ഉടമസ്ഥതയില്‍ വിപുലമായ മാധ്യമവ്യവസായശൃംഖല പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ ഭാഗികമായെങ്കിലും പൊതുനിയന്ത്രണത്തിലും ഉത്തരവാദിത്തത്തിലും നിലകൊള്ളുന്ന പ്രസാര്‍ഭാരതിയെയും കച്ചവടത്തിനു മാത്രമായി വിട്ടുകൊടുക്കുകയാണ്.

സാജന്‍ എവുജിന്‍

deshabhimani

No comments:

Post a Comment