പൊതുമേഖലാ എണ്ണക്കമ്പനികളും റിഫൈനറിയും വരുത്തിയ നികുതി കുടിശ്ശിക കണക്കാക്കാന്‍ സാധിക്കില്ലെന്ന് വാണിജ്യ നികുതിവകുപ്പ്. എണ്ണക്കമ്പനികള്‍ കാലാകാലങ്ങളായുള്ള അഡ്മിറ്റഡ് നികുതി അടച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആകെയുള്ള കണക്കെടുപ്പ് നടത്തുമ്പോള്‍ നികുതി കുടിശ്ശിക കൂടാറുണ്ട്. ഇവയെല്ലാം പുതുക്കുകയോ അല്ലെങ്കില്‍ സെയില്‍ ടാക്സ് അപ്പലേറ്റ് ട്രിബ്യൂണല്‍ ഓഫീസിലോ അപ്പീല്‍ ആയി ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലോ എത്തും.
ഇങ്ങനെ നികുതി കണക്കെടുപ്പിന്റെ നിരവധി അപ്പീലുകള്‍ തീര്‍പ്പാകാതെ കിടക്കുകയാണ്. കൂടാതെ റിഫൈനറിയും എണ്ണക്കമ്പനികളും വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും വിവിധ കോടതികളില്‍ തീര്‍പ്പാകാത്ത നിലയിലാണ്. ഇതുമൂലമാണ് കുടിശ്ശിക കണക്കാക്കാന്‍ കഴിയാത്തതെന്ന് വാണിജ്യ നികുതിവകുപ്പ് കമീഷണറുടെ കാര്യാലയത്തില്‍നിന്നുള്ള വിവരാവകാശ രേഖയില്‍ പറയുന്നു. എണ്ണക്കമ്പനികളുടെയും റിഫൈനറിയുടെയും വാണിജ്യനികുതി കൃത്യമായി കണക്കാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന് വന്‍തോതിലുള്ള സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.
ജനോപകാരപ്രദമായ പദ്ധതികളൊന്നും ചെയ്യാന്‍ പണമില്ലെന്നുപറയുന്ന സര്‍ക്കാര്‍ ഇങ്ങനെയുള്ള നികുതിനഷ്ടം കണ്ടില്ലെന്നു നടിക്കുകയാണ്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്കു വിവരാവകാശ നിയമപ്രകാരം നല്‍കിയ വിവരങ്ങളിലാണ് കുടിശ്ശിക കണക്കാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നികുതി കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, എണ്ണ ശുദ്ധീകരണ ശാലയായ കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡ് എന്നിവയാണ് കുടിശ്ശിക വരുത്തിയത്.
ഇവയുടെ നികുതി കുടിശ്ശിക എഴുതിത്തള്ളിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷംവരെ പൊതുമേഖലാ എണ്ണക്കമ്പനികളും റിഫൈനറിയും വരുത്തിയ കുടിശ്ശിക വിവരാവകാശ രേഖകള്‍ പ്രകാരം വാണിജ്യ നികുതിവകുപ്പ് നല്‍കിയിരുന്നു. വിവിധ അപ്പലേറ്റ് അധികാരികള്‍, കോടതി എന്നിവയില്‍നിന്നുള്ള സ്റ്റേ തുകകള്‍ ഉള്‍പ്പെടെ 2089.61 കോടിയുടെ കുടിശ്ശികയാണ് നല്‍കാനുണ്ടായിരുന്നതെന്ന് 2013 മാര്‍ച്ച് 18ന് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയുടെ അടിസ്ഥാനത്തില്‍ വാണിജ്യ നികുതിവകുപ്പ് വ്യക്തമാക്കിയിരുന്നു. 1980-81 മുതല്‍ 2012-13 വരെയാണ് ഇത്രയും കുടിശ്ശിക. ഇതിന്റെ പേരിലുള്ള കേസുകളും അവസാനിച്ചിട്ടില്ല.
deshabhimani
No comments:
Post a Comment