Thursday, January 30, 2014

മനുഷ്യാവകാശം ചിലര്‍ക്ക് ബാധകമല്ലെന്ന നിലപാട് ശരിയല്ല: പിണറായി

കണ്ണൂര്‍: മനുഷ്യാവകാശങ്ങള്‍ ചിലര്‍ക്ക് ബാധകമല്ലെന്ന നിലപാട് ശരിയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന പ്രവണത വര്‍ധിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ കൂട്ടായി ഇതിനെ എതിര്‍ക്കാറുണ്ടെങ്കിലും തൊഴില്‍സ്ഥാപനത്തിന്റെ നയത്തിനനുസരിച്ച് കാര്യങ്ങള്‍ മാറും. മനുഷ്യാവകാശം ചിലര്‍ക്ക് ബാധകമല്ലെന്ന നിലപാടെടുക്കും. ഉദാഹരണത്തിന് ജയില്‍. ഇത് മനുഷ്യനെ പീഡിപ്പിക്കാനുള്ള സ്ഥലമെന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ആര്‍ക്കും ഗുണമുള്ള കാര്യമല്ല. അത്തരം താല്‍പര്യങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ വര്‍ധിക്കുന്നതായും പിണറായി പറഞ്ഞു. ദേശാഭിമാനി സബ് എഡിറ്ററായിരുന്ന രാജീവന്‍ കാവുമ്പായിയുടെ സ്മരണാര്‍ഥം കണ്ണൂര്‍ പ്രസ്ക്ലബ്ബും ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക പുരസ്കാരം മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ ബിജുവര്‍ഗീസിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹം ആരാധിക്കുന്ന നേതാക്കളെ ഉടുതുണിയില്ലാതെ ജോലി ചെയ്യിച്ച അനുഭവമുണ്ട് ജയിലുകള്‍ക്ക്. കഷ്ടിച്ച് നാണം മറയ്ക്കാനുള്ള വസ്ത്രമാണ് അനുവദിച്ചത്. പിന്നീട് കാര്യങ്ങള്‍ മാറി. സമൂഹത്തെ പിന്നിലേക്കു നയിക്കുന്ന അത്തരം രീതികള്‍ ആവര്‍ത്തിക്കണമെന്ന വാദം ശരിയല്ല. തിരുവനന്തപുരത്തെ ജയപ്രസാദിന്റെ ജനനേന്ദ്രിയം പൊലീസ് തകര്‍ത്ത സംഭവത്തിലെ, ബിജുവര്‍ഗീസിന്റെ ചിത്രം സമൂഹമനസ്സില്‍ ആഴത്തില്‍ പതിഞ്ഞതാണ്. നമ്മുടെ നാട്ടിലെ പൊലീസ് ഇക്കാലത്തും ഇത്രയും ക്രൂരത ചെയ്യാറുണ്ടെന്ന് ഈ ഫോട്ടോ നമ്മെ ഓര്‍മിപ്പിക്കും. പൊലീസിന്റെ കിരാതനടപടികള്‍ 1957ലെ ഇഎം എസ് മന്ത്രിസഭ വന്നപ്പോഴേ അവസാനിപ്പിച്ചതാണ്. ജന്മിമാര്‍ക്കും ധനികവര്‍ഗത്തിനും വേണ്ടിയായിരുന്നു അതുവരെ പൊലീസ് സംവിധാനം. മര്‍ദകരെന്ന പൊലീസിന്റെ ചിത്രം മാറിവരികയായിരുന്നു. ഈ സംഭവം ആ ധാരണ മാറ്റിമറിച്ചു. ഇത്ര പരസ്യമായ ഭീകരമര്‍ദനം ഇതിനു മുമ്പുണ്ടായിട്ടില്ല. വന്ദ്യവയോധികനായ കേളുവേട്ടനെയും മുതിര്‍ന്ന നേതാവ് ശിവദാസമേനോനെയും റോഡിലിട്ട് തല്ലിച്ചതയ്ക്കുന്നത് നാം കണ്ടതാണ്. അതിനെ മറികടക്കുന്ന കിരാതത്വമാണിത്. ഇത് കേരളീയര്‍ക്ക് എക്കാലവും അപമാനമാണെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment