Wednesday, January 29, 2014

ഇനി ഇന്‍ക്വിലാബിന്റെ വഴിയില്‍

പാനൂര്‍: സംഘപരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയം ഉപേക്ഷിച്ച് പണിയാളരുടെ പടയണിയിലേക്ക് ഒഴുകിയെത്തിയത് ജനസഹസ്രങ്ങള്‍. ചരിത്രം കുറിച്ച സ്വീകരണസമ്മേളനത്തില്‍ പാനൂര്‍ ചുവന്നു. ബിജെപി ഉപേക്ഷിച്ചെത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും വരവേല്‍ക്കാനെത്തിയ ജനസാഗരത്തില്‍ നഗരം വീര്‍പ്പുമുട്ടി. സമീപകാലത്തൊന്നുമില്ലാത്ത ജനമുന്നേറ്റത്തിനാണ് ഹൈസ്കൂള്‍ മൈതാനം സാക്ഷ്യംവഹിച്ചത്. ചെറുവാഞ്ചേരി, പൊയിലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരെ അഭിവാദ്യമുദ്രാവാക്യത്തോടെയാണ് വരവേറ്റത്. തളാപ്പ് അമ്പാടിമുക്കിനെ ചുവപ്പിച്ചവരെത്തിയപ്പോഴും ആവേശം വാനോളമുയര്‍ന്നു. സ്വീകരണസമ്മേളനത്തിന്റെ മണിക്കൂര്‍ മുമ്പ്തന്നെ മൈതാനം നിറഞ്ഞു. തൊട്ടടുത്ത കെട്ടിടങ്ങളടക്കം ജനംകൈയടക്കി. ചെറുവാഞ്ചേരിയിലെ പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപി മുന്‍ ജില്ലാ ജനറല്‍സെക്രട്ടറി എ അശോകനാണ് ആദ്യം വേദിയിലെത്തിയത്. തൊട്ടുപിന്നാലെ വേദിയിലെത്തിയ ഒ കെ വാസു സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ ആശ്ലേഷിച്ചു. മുഷ്ടിചുരുട്ടി ഇന്‍ക്വിലാബ്വിളിച്ച് സദസിന് അഭിവാദ്യംനേര്‍ന്നപ്പോള്‍ ജനം ഇളകിമറിഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വേദിയിലെത്തിയതോടെ സമ്മേളനഗരിയില്‍ ആവേശത്തിന്റെ അലകളുയര്‍ന്നു. തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനൊപ്പം അണിചേരാനെത്തിയ നേതാക്കളെ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ സ്വാഗതംചെയ്തു. രാഷ്ട്രീയസംഘര്‍ഷത്തില്‍ മരിച്ച പൊയിലൂരിലെ കുഞ്ഞിരാമന്റെ സഹോദരന്‍ ചന്ദ്രനും കുടുംബവുമടക്കം ബിജെപി ഉപേക്ഷിച്ച് ചെങ്കൊടിക്ക് പിന്നില്‍ അണിചേരാനെത്തി. ഒ കെ വാസുവിന്റെയും എ അശോകന്റെയും പ്രസംഗം കാതടപ്പിക്കുന്ന കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.

ജില്ലയിലെ സിപിഐ എമ്മിന്റെ ചരിത്രത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയം ഉപേക്ഷിച്ച് ഇത്രയേറെ പേര്‍ പാര്‍ടിയിലേക്ക് കടന്നുവന്നത് ഇതാദ്യമാണ്. അഭൂതപൂര്‍വമായ പങ്കാളിത്തം ബിജെപി കേന്ദ്രങ്ങളില്‍ മാത്രമല്ല, വലുതപക്ഷനേതൃത്വത്തിലും കടുത്തഞെട്ടലാണ് സൃഷ്ട്രിച്ചത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, കെ കെ ശൈലജ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം വി ജയരാജന്‍, അഡ്വ. പി സതീദേവി, കണ്‍ട്രോള്‍കമീഷന്‍ ചെയര്‍മാന്‍ ടി കൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍, ഏരിയാസെക്രട്ടറിമാരായ കെ കെ പവിത്രന്‍, കെ ധനഞ്ജയന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ഹരീന്ദ്രന്‍, കെ ലീല, എ എന്‍ ഷംസീര്‍ എന്നിവരും സ്വീകരണസമ്മേളനത്തിനെത്തി.

സിപിഐ എം നയത്തിന്റെ തിളക്കം: ഇ പി

പാനൂര്‍: സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നയത്തിന്റെ തിളക്കമാണ് ഈ സ്വീകരണ സമ്മേളനം വ്യക്തമാക്കുന്നതെന്ന് പാര്‍ടി കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. ബിജെപി വിട്ടുവന്നവര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായമാണിത്. ഒട്ടനവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്നത്തെ കേരളം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടി. ഈ പാര്‍ടിയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനവും പാര്‍ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഐക്യവും സാഹോദര്യവുമെല്ലാം അനേകം പേരെ ആകര്‍ഷിക്കുന്നുണ്ട്. ബിജെപി വിട്ടുവന്നവരെയും ആകര്‍ഷിച്ച ഒരുഘടകം ഇതാകാം. ഈ മാറ്റം ഇനിയും ശക്തിപ്പെടും. ചിലര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ആര്‍എസ്എസ് വധശ്രമത്തില്‍നിന്നു രക്ഷപ്പെട്ട എനിക്കും പി ജയരാജനുമില്ലാത്ത ആശങ്ക ചില "കുട്ടപ്പന്മാര്‍" പ്രകടിപ്പിക്കുന്നത് എന്തിനെന്ന് വ്യക്തമാണ്. സിപിഐ എം ദുര്‍ബലപ്പെടണമെന്നാണ് ഇക്കൂട്ടരുടെ ആഗ്രഹം. ഇടതുപക്ഷം ദുര്‍ബലപ്പെട്ടാല്‍ അത് കേരളത്തിന്റെ നാശമായിരിക്കും. ജനങ്ങളുടെ രാഷ്ട്രീയമാണ് സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്നത്. നാടിന്റെയും ജനങ്ങളുടെയും സംരക്ഷണത്തിന് ഇടതുപക്ഷവും സിപിഐ എമ്മും ഇനിയും ശക്തിപ്പെടണം. അതിലേക്കുള്ള ഗുണപരമായ മാറ്റമാണ് ഈ സംഭവം.

തൃശൂരില്‍ 5000 ബിജെപിക്കാര്‍ ഉടന്‍ രാജിവയ്ക്കും: ഒ കെ വാസു

പാനൂര്‍: തൃശൂര്‍ ജില്ലയിലെ അയ്യായിരത്തോളം ബിജെപി പ്രവര്‍ത്തകര്‍കൂടി രാജിവച്ച് സിപിഐ എമ്മിലേക്കു വരാന്‍ തയ്യാറെടുക്കുകയാണെന്ന് ഒ കെ വാസു വെളിപ്പെടുത്തി. മുന്‍ ജില്ലാ പ്രസിഡന്റ് കെ പി ശ്രീശന്റെ നേതൃത്വത്തില്‍ ഇതിനായി പിണറായിയെ കാണാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാനൂരിലെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒ കെ വാസു.

രണ്ടു പാപ്പാന്മാരുള്ള ആനയാണ് ബിജെപി. ഒരാള്‍ വലത്തോട്ടെന്നു പറയുമ്പോള്‍ മറ്റേയാള്‍ ഇടത്തോട്ടെന്നു പറയും അതിനാല്‍ കുറേക്കാലമായി നേരായ വഴിക്കല്ല ആ പാര്‍ടിയുടെ പോക്ക്. മൂല്യാധിഷ്ഠിതപാര്‍ടിയെന്നാണ് പറയുന്നതെങ്കിലും മൂല്യവും അധിഷ്ഠിതവുമില്ലെന്നു തെളിഞ്ഞു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന് ബിസിനസ് വേറെയാണ്. ഇയാളെ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്നാണ് സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ സെക്രട്ടറിയും പറയുന്നത്. സിപിഐ എമ്മിലെ ഒരു നേതാവിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ മാതൃകാപരമായ നടപടിയുണ്ടായി. മറ്റുപാര്‍ടികളിലൊന്നും കാണാത്തതാണിത്. ഉള്‍പ്പാര്‍ടി ജനാധിപത്യം തൊട്ടുതീണ്ടാത്ത പാര്‍ടിയാണ് ബിജെപി. അതിന്റെ ഫാസ്സ്റ്റ് സമീപനം നേരിട്ട് അനുഭവിച്ചവരാണ് ഞങ്ങള്‍. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയുമല്ലോ.

ബിജെപിയും ആര്‍എസ്എസ്സുമായുള്ള ബന്ധം മാത്രമല്ല, നമോവിചാര്‍ മഞ്ചുമായുള്ള ബന്ധവും ഉപേക്ഷിച്ചാണ് ഞങ്ങള്‍ കേരളത്തിലെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന, അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ടിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഞങ്ങളെ ബിജെപി പുറത്താക്കിയതല്ല. ഞങ്ങള്‍ സ്വയം പുറത്തുകടന്നതാണ്. എന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതെന്നാണ് ചിലരുടെ പ്രചാരണം. അതുതെളിയിച്ചാല്‍ ഇവര്‍ പറയുന്ന പണിയെടുക്കും ഞാന്‍. കൈ കൊണ്ട് ഞാന്‍ ആരെയും ആക്രമിച്ചിട്ടില്ല. എന്നാല്‍ നാക്കുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. അതിന് സിപിഐ എം പ്രവര്‍ത്തകരോട് നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ഭീഷണികളും പ്രലോഭനങ്ങളും ഫലിക്കാതെ വന്നപ്പോള്‍ ബലിദാനിയുടെ അമ്മയെവരെ രംഗത്തിറക്കി. അഖിലേന്ത്യാ സെക്രട്ടറി വീടുവീടാന്തരം കയറിയിറങ്ങി ഭിക്ഷയെടുത്തു. ഉളുപ്പുണ്ടോ ഇവര്‍ക്ക്. ബിജെപി തകര്‍ന്നു. ഇതൊരു രാഷ്ട്രീയ ഭൂകമ്പമാണ്. ഇത് കണ്ണൂരില്‍ മാത്രമായി നില്‍ക്കില്ല. ഈ ഭൂകമ്പത്തില്‍പ്പെട്ട് ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും കേരളത്തിലെ കോട്ടകൊത്തളങ്ങളൊന്നാകെ തകര്‍ന്നുവീഴും- ഒ കെ വാസു പറഞ്ഞു.

പാനൂര്‍ മേഖലയിലെ രാഷ്ട്രീയ മാറ്റത്തിന്റെ ദിശ നിര്‍ണയിക്കും: പി ജയരാജന്‍

പാനൂര്‍: പാനൂര്‍ മേഖലയിലെ രാഷ്ട്രീയ മാറ്റത്തിന്റെ ദിശ നിര്‍ണയിക്കുന്ന മഹാസമ്മേളനമാണിതെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സ്വന്തം ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി- ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് വന്നവരാണിവര്‍. ശരിയുടെ വഴിയിലേക്ക് ഈ പ്രവര്‍ത്തകര്‍ വരുന്നതില്‍ വല്ലാത്ത വിഷമവും അസഹിഷ്ണുതയും പ്രകടിപ്പിക്കുകയാണ് ചിലര്‍. കോണ്‍ഗ്രസും മന്ത്രി കെ പി മോഹനുമെല്ലാം ഇവരെ സമീപിച്ചിരുന്നു. തങ്ങളുടെ മോഹം നടക്കാതെ വന്നതോടെയാണ് സിപിഐ എമ്മിനെതിരായ അധിക്ഷേപം. ഇവരെ മോഡിയുടെ ആളുകളായി ചിത്രീകരിക്കാനും ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു. മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ പരിശ്രമിക്കുന്ന ആര്‍എസ്എസ്സും ബിജെപിയും നമോ വിചാര്‍ മഞ്ചില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നവരുമാണ് മോഡിയുടെ ആളുകള്‍. ആ രാഷ്ട്രീയം ഉപേക്ഷിച്ചു വന്ന ഇവരല്ല- ജയരാജന്‍ പറഞ്ഞു.

ഇനിയും ആളുകളെത്തും: എ അശോകന്‍

പാനൂര്‍: ചെങ്കൊടിയേന്താന്‍ ആര്‍എസ്എസ്സിന്റെ തടവറയില്‍ നിന്ന് മോചനംനേടി ഇനിയും നൂറുകണക്കിനാളുകളെത്തുമെന്ന് ബിജെപി മുന്‍ ജില്ലാ ജനറല്‍സെക്രട്ടറി എ അശോകന്‍ പറഞ്ഞു. സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മാലിന്യങ്ങളുടെ കൂമ്പാരമാണിപ്പോള്‍. ആര്‍ക്കും അതില്‍ തുടരാനാവില്ല. അതിന്റെ തുടക്കമാണിപ്പോള്‍ പാനൂരിലുണ്ടായത്. ആവേശത്തിന്റെ പുറത്തുള്ള തീരുമാനമല്ലിത്. തീരുമാനം വൈകിപ്പോയെന്നാണിപ്പോള്‍ പലരും പറയുന്നതെന്നും എ അശോകന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment