തലശേരി: ബിജെപിയെ നയിച്ച പ്രമുഖരടക്കം രണ്ടായിരത്തിലേറെപേര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിചേരുമ്പോള്‍ രാഷ്ടീയകേരളത്തിന്റെ ശ്രദ്ധ വീണ്ടും കണ്ണൂരിലേക്ക്. ബിജെപി മുന്‍നേതാവ് ഒ കെ വാസുവിന്റെയും എ അശോകന്റെയും നേതൃത്വത്തിലാണ് അണികള്‍ ഒന്നടങ്കം ചെങ്കൊടിക്ക് കീഴില്‍ അണിചേരുന്നത്. കണ്ണൂരിന്റെ സമീപകാല രാഷ്ട്രീയചരിത്രത്തില്‍ ഇത്രയേറെ പേര്‍ ഒരുമിച്ച്, ബിജെപി ഉപേക്ഷിച്ച് കമ്യൂണിസ്റ്റ് ആശയഗതിക്കൊപ്പം അണിചേരുന്നത് ഇതാദ്യം. നരേന്ദ്രമോഡിയെ മുന്നില്‍ നിര്‍ത്തി ഇന്ദ്രപ്രസ്ഥം പിടിക്കാനിറങ്ങിയ ബിജെപിക്ക് കേരളത്തില്‍നിന്നുള്ള ആദ്യ തിരിച്ചടിയാണിത്. സിപിഐ എം ഉയര്‍ത്തിപ്പിടിച്ച തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും തെളിമയാര്‍ന്ന നയത്തിന്റെയും പക്ഷത്തേക്കാണ് ജനം ഒഴുകിയെത്തുന്നത്. കമ്യൂണിസ്റ്റ് വിരോധത്തില്‍ കെട്ടിപ്പൊക്കിയ വലതുപക്ഷ രാഷ്ട്രീയത്തിനും ഇത് തിരിച്ചടിയാണ്.
പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ ശക്തിദുര്‍ഗമായിരുന്നു മുന്‍പ് പാനൂരും പരിസരപ്രദേശങ്ങളും. പിഎസ്പിയുടെ ഗുണ്ടായിസത്തില്‍ വിറങ്ങലിച്ച നാട്. കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല, ലീഗുകാരും കോണ്‍ഗ്രസുകാരുമെല്ലാം അക്രമത്തിനിരയായി. പി ആര്‍ കുറുപ്പിന്റെയും സംഘത്തിന്റെയും മാടമ്പിവാഴ്ചക്കെതിരെ ഗത്യന്തരമില്ലാതെ ലീഗും കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും കൈകോര്‍ത്ത് കര്‍മസമിതി രൂപീകരിക്കേണ്ടിവന്നു. പിഎസ്പി വിട്ട് പി ആര്‍ കുറുപ്പ് കോണ്‍ഗ്രസിലേക്കും പിന്നീട് ജനതാപാര്‍ടിയിലേക്കും ചേക്കേറിയതോടെ പാനൂരിനെ വിറപ്പിച്ച പ്രജാ സോഷ്യലിസ്റ്റ് പാര്‍ടി തുടച്ചുമാറ്റപ്പെട്ടു. കമ്യൂണിസ്റ്റ്വേട്ടക്ക് നേതൃത്വം നല്‍കിയ പി ആര്‍ കുറുപ്പും കമ്യൂണിസ്റ്റ്പാര്‍ടിയും പില്‍ക്കാലത്ത് സഹകരിച്ചുപ്രവര്‍ത്തിച്ചുവെന്നത് ചരിത്രം. കയ്പേറിയ പോയകാലം ഇതിന് തടസ്സമായില്ല. ഇടതുപക്ഷ പിന്തുണയോടെ എംഎല്‍എയും മന്ത്രിയുമൊക്കെയായി അദ്ദേഹം മാറി.
പഴയ പ്രജാ സോഷ്യലിസ്റ്റ് സ്വാധീനകേന്ദ്രങ്ങളാണ് പിന്നീട് ആര്‍എസ്എസ്-ബിജെപി ശക്തികേന്ദ്രമായ ചെറുവാഞ്ചേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍. കമ്യൂണിസ്റ്റ്വിരുദ്ധരാഷ്ട്രീയമാണ് പ്രജാ സോഷ്യലിസ്റ്റുകാരും പിന്നീട് ആര്‍എസ്എസും ഇവിടെ കൈകാര്യംചെയ്തത്. അതിന്റെ ഭാഗമായുണ്ടായ സംഘര്‍ഷവും പാനൂര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. കൊടികെട്ടാന്‍പോലും ആളില്ലാത്ത അവസ്ഥയില്‍നിന്ന് പാനൂരിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമായി സിപിഐ എം വളര്‍ന്നതിന് പിന്നില്‍ ആദ്യകാലനേതാക്കളുടെയും പ്രവര്‍ത്തകരുടെയും മഹാത്യാഗമുണ്ട്. ജീവനും ജീവിതവും വെടിഞ്ഞ്, പ്രതിലോമ രാഷ്ട്രീയത്തിനെതിരെ ഇഞ്ചോടിഞ്ച് പൊരുതിയാണ് കമ്യൂണിസ്റ്റ്പ്രസ്ഥാനം കരുത്താര്‍ജിച്ചത്. ഇതര രാഷ്ട്രീയപാര്‍ടികള്‍ വിട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിചേര്‍ന്നവരെ ഇവിടെ കാണാം. പരസ്യമായി കമ്യൂണിസ്റ്റ്പാര്‍ടി പതാക നശിപ്പിച്ചവരടക്കം പിന്നീട് ചെങ്കൊടിയുമേന്തി സമരമുഖത്ത് അണിനിരന്നതാണ് ചരിത്രം. ചെറുവാഞ്ചേരിപോലെ അപൂര്‍വം സ്ഥലങ്ങള്‍ എന്നിട്ടും കട്ടപിടിച്ച കമ്യൂണിസ്റ്റ് വിരോധത്തിന്റെ പോക്കറ്റുകളായി നിലകൊണ്ടു. ഇവിടങ്ങളിലാണ് ഇപ്പോഴത്തെ അവിശ്വസനീയവും ആവേശകരവുമായ രാഷ്ട്രീയ ഉരുള്‍പൊട്ടല്‍. സിപിഐ എമ്മിന് വിലക്ക് കല്‍പിച്ച സ്ഥലങ്ങളിലെല്ലാം ചെങ്കൊടി ഉയരുന്നു. അണികളുടെ കൊഴിഞ്ഞുപോക്കിനൊപ്പം സ്വാധീനമേഖലകള്‍ നഷ്ടപ്പെടുന്നതും ജില്ലയിലെ ബിജെപിയെ കൂടുതല്‍ ദുര്‍ബലമാക്കും.
deshabhimani
No comments:
Post a Comment