Saturday, January 25, 2014

തരൂരിനെ രക്ഷിക്കാന്‍ കോര്‍പറേറ്റ് ഇടപെടലും

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം മരുന്നുകള്‍ കൂടിയ അളവില്‍ അബദ്ധത്തില്‍ കഴിച്ചതുകൊണ്ട് സംഭവിച്ചതാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഉന്നതങ്ങളില്‍ ഇടപെടല്‍ സജീവം. അപകടമരണമല്ലെന്നതിന് ഒട്ടനവധി തെളിവുകള്‍ നിലനില്‍ക്കെ മാധ്യമങ്ങളെയടക്കം സ്വാധീനിച്ചുകൊണ്ട് ഇത്തരമൊരു പ്രചാരണത്തിനു പിന്നില്‍ കോര്‍പറേറ്റുകള്‍ ഉള്‍പ്പെടെ വന്‍ ലോബിയാണുള്ളത്. തരൂരിനെ ഏതുവിധേനയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ ഇടപെടല്‍.

ഐപിഎല്ലിലെ കള്ളക്കളികള്‍ വെളിപ്പെടുത്തുമെന്നു പറഞ്ഞതിനു പിന്നാലെയാണ് ഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസില്‍ സുനന്ദ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെടുന്നത്. ഐപിഎല്‍ വിവാദഘട്ടത്തില്‍ തരൂര്‍ തന്നെ കരുവാക്കുകയാണുണ്ടായതെന്ന് സുനന്ദ പല മാധ്യമപ്രവര്‍ത്തകരോടും മരണത്തിന്റെ തലേന്ന് പറഞ്ഞിരുന്നു. അടുത്ത ദിവസം എത്തിയാല്‍ അഭിമുഖം അനുവദിക്കാമെന്നും അറിയിച്ചു. ഐപിഎല്ലുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങള്‍ തനിക്ക് വെളിപ്പെടുത്താനുണ്ടെന്ന് സുനന്ദ സുഹൃത്തുക്കളായ പല മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞിരുന്നു. എന്നാല്‍, മാധ്യമങ്ങളെ വിശദമായി കാണുന്നതിനുമുമ്പുതന്നെ സുനന്ദയുടെ മരണം സംഭവിച്ചു. സുനന്ദയുടെ മരണം ആദ്യദിവസം കാര്യമായി റിപ്പോര്‍ട്ടുചെയ്ത ദേശീയ മാധ്യമങ്ങളെല്ലാം തുടര്‍വാര്‍ത്തകള്‍ തമസ്കരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളൊന്നും വാര്‍ത്തയായതേയില്ല. സുനന്ദയുടെ ശരീരത്തില്‍ പതിനഞ്ചോളം മുറിപ്പാടുകളുണ്ടായിരുന്നുവെന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍തന്നെ പല മാധ്യമങ്ങളും തയ്യാറായില്ല. മരണത്തില്‍ ദുരൂഹമായി ഒന്നുമില്ലെന്ന പൊലീസിന്റെ വിശദീകരണം പലരും അതേപടി വാര്‍ത്തയാക്കുകയും ചെയ്തു. മാധ്യമങ്ങളുടെ പിന്തുണ ഉറപ്പിച്ച തരൂര്‍ സ്വന്തം പാര്‍ടിയുടെ വിശ്വാസ്യതയും നേടി. മുഖ്യപ്രതിപക്ഷമായ ബിജെപിയും സുനന്ദയുടെ ദുരൂഹമരണം കണ്ടില്ലെന്ന നാട്യത്തിലാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയെങ്കിലും തരൂര്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ആവശ്യംപോലും ബിജെപിയുടെ കേന്ദ്രനേതൃത്വത്തില്‍നിന്നുണ്ടാകുന്നില്ല.

എം പ്രശാന്ത് deshabhimani

No comments:

Post a Comment