രാജ്യത്തെ ഗ്രസിച്ച സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്നതിനിടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കാല്‍ശതമാനം ഉയര്‍ത്തി. പലിശനിരക്കുകള്‍ ഉയരാന്‍ ഇത് ഇടയാക്കും. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് ഏഴേമുക്കാലില്‍നിന്ന് എട്ടുശതമാനമായാണ് ഉയര്‍ത്തിയത്. വാണിജ്യബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിനുള്ള റിവേഴ്സ്റിപ്പോ ആറേമുക്കാലില്‍നിന്ന് എട്ട് ശതമാനവുമാക്കി.
മാന്ദ്യം രൂക്ഷമാകുമ്പോള്‍ വിപണിയില്‍ പണമൊഴുക്ക് കൂട്ടാന്‍ റിപ്പോനിരക്ക് താഴ്ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തീവ്രപരിഷ്കരണവാദിയായതിനാല്‍ വിപണിയുടെ താല്‍പ്പര്യത്തിന് വഴങ്ങുമെന്നും സാമ്പത്തികനിരീക്ഷകര്‍ കരുതിയിരുന്നു. എന്നാല്‍, പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാനാകാതെ തുടരുന്നതിനാല്‍ കരുതല്‍ ധനാനുപാതം നാല് ശതമാനമായി നിലനിര്‍ത്തി. അതേസമയം, നടപ്പുസാമ്പത്തികവര്‍ഷം വളര്‍ച്ച അഞ്ച് ശതമാനത്തില്‍ താഴെയാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മാന്ദ്യം ആശങ്കാജനകമായി തുടരുകയാണ്. വ്യാവസായിക ഉല്‍പ്പാദനമേഖലയിലെ ഇടിവാണ് നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയിലും ആഭ്യന്തര മൊത്തം ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയില്‍ മാന്ദ്യമുണ്ടാകാന്‍ കാരണം. ഒന്നാംപകുതിയില്‍ വളര്‍ച്ച 4.6 ശതമാനം മാത്രമായിരുന്നു. അടുത്തവര്‍ഷം വളര്‍ച്ചയില്‍ നേരിയ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നാലു ലക്ഷം കോടി രൂപയുടെ 130 പദ്ധതി യാഥാര്‍ഥ്യമായാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് ബാങ്ക് നിരീക്ഷിച്ചു. എന്നാല്‍പ്പോലും ആറ് ശതമാനത്തിലേറെ വളര്‍ച്ച അടുത്തവര്‍ഷവും അസാധ്യമാകും.
കഴിഞ്ഞ ഡിസംബറില്‍ ചില്ലറവ്യാപാരമേഖലയില്‍ പണപ്പെരുപ്പനിരക്ക് 9.52 ശതമാനമായിരുന്നു. വരുന്ന മാര്‍ച്ചോടെ പണപ്പെരുപ്പം കുറയുമെന്ന് റിസര്‍വ്ബാങ്ക് അവകാശപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കള്ളപ്പണം ഒഴുകാന്‍ ഇടയുള്ളതിനാല്‍ പണപ്പെരുപ്പം രൂക്ഷമാകാനാണ് സാധ്യത. പണപ്പെരുപ്പം വിനാശകരമായ രോഗമാണെന്ന് രഘുറാം രാജന്‍ പറഞ്ഞു. എട്ടു ശതമാനത്തില്‍ കൂടുതല്‍ പണപ്പെരുപ്പം നിലനില്‍ക്കുന്നത് സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമെന്ന് റോ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് പണമൊഴുക്ക് നിയന്ത്രിക്കാന്‍ പലിശനിരക്കുകള്‍ കൂട്ടുകയെന്ന തന്ത്രം പരീക്ഷിക്കുന്നത്. റിസര്‍വ്ബാങ്ക് നിരക്കുകള്‍ ഉയരുമ്പോള്‍ വാണിജ്യബാങ്കുകള്‍ ഭവന-വാഹനവായ്പകളുടെ പലിശ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. സാധാരണക്കാരെയാണ് ഇത് ബുദ്ധിമുട്ടിലാക്കുക.
deshabhimani
No comments:
Post a Comment