Sunday, January 26, 2014

ഇന്ത്യ-ജപ്പാന്‍ ആണവകരാര്‍ ഒപ്പിടരുത്: സിപിഐ എം

 ഇന്ത്യ-ജപ്പാന്‍ ആണവകരാര്‍ ഒപ്പിടരുതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. വിദേശകമ്പനികള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്ന വന്‍കിട ആണവനിലയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ആണവവിപത്ത് നന്നായി മനസ്സിലാക്കിയ രാജ്യമാണ് ജപ്പാന്‍. ഇന്ത്യയില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കരുതെന്ന് ജപ്പാന്‍സര്‍ക്കാരിനോട് കാരാട്ട് ആവശ്യപ്പെട്ടു. ആണവനിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള സഖ്യത്തിന്റെ (സിഎന്‍ഡിപി) ആഭിമുഖ്യത്തില്‍ ജന്തര്‍മന്ദറില്‍ നടത്തിയ ധര്‍ണയെ അഭിവാദ്യംചെയ്യുകയായിരുന്നു കാരാട്ട്.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യവും തമ്മില്‍ ആണവകരാര്‍ ഒപ്പിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ. ഫുക്കുഷിമ ദുരന്തത്തിനുശേഷം ജപ്പാനില്‍ ആണവനിലയങ്ങള്‍ പൂട്ടുകയാണ്. ജപ്പാനുവേണ്ടാത്ത ആണവനിലയങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് അനുചിതമാണ്. രാജ്യത്തിന്റെ ഊര്‍ജസുരക്ഷയ്ക്ക് ആണവോര്‍ജം അനിവാര്യമാണെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിലപാട്. എന്നാല്‍, ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവുള്ള ആണവോര്‍ജം സുരക്ഷാഭീഷണിയും ഉയര്‍ത്തുന്നതാണ്. ജ

പ്പാനിലെ ജനവികാരവും ആണവോര്‍ജത്തിന് എതിരാണ്-കാരാട്ട് ചൂണ്ടിക്കാട്ടി. പ്രഫുല്‍ ബിദ്വായ്, സിപിഐ നേതാവ് പല്ലവ്സെന്‍ ഗുപ്ത, സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി കെ എന്‍ രാമചന്ദ്രന്‍, സുന്ദര്‍ എന്നിവര്‍ സംസാരിച്ചു. ആണവനിരായുധീകരണ പ്രക്ഷോഭത്തിന്റെ ഭാഗമായി മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും രാജ്യത്ത് ആണവനിലയങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങളിലും സിഎന്‍ഡിപിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.

deshabhimani

No comments:

Post a Comment