Tuesday, January 28, 2014

സുനന്ദയുടെ ദുരൂഹമരണം: അന്വേഷണം നിലച്ചു

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹമരണത്തില്‍ പൊലീസ് അന്വേഷണം പൂര്‍ണമായും നിലച്ചു. കേസ് ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് വിസമ്മതിക്കുകയായിരുന്നു. ഇതിന് കാരണം വ്യക്തമല്ല. ആദ്യം അന്വേഷിച്ച സരോജനിനഗര്‍ പൊലീസ് സ്റ്റേഷന് ക്രൈംബ്രാഞ്ച് രേഖകളും മറ്റും കൈമാറി. സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം കേസില്‍ ഒരന്വേഷണവും നടന്നിട്ടില്ല.നടപടികള്‍ ഏറെക്കുറെ സ്തംഭനത്തിലാണെന്ന് ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പറഞ്ഞു. ഉന്നതങ്ങള്‍ ഇടപെട്ടതോടെയാണ് ക്രൈംബ്രാഞ്ച് പിന്‍വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഏതുരീതിയില്‍ അന്വേഷിക്കണമെന്നത് സംബന്ധിച്ചാണ് നിര്‍ദേശം. ഇത് വിവാദമാകുമെന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പിന്മാറ്റം. കൂടുതല്‍ അന്വേഷണത്തിന് പ്രസക്തിയില്ലാത്തതുകൊണ്ട് പിന്‍വാങ്ങിയതെന്നാണ് ചില ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജീവനക്കാര്‍ ഇല്ലാത്തതുകൊണ്ട് ലോക്കല്‍ പൊലീസിന് കേസ് മടക്കിനല്‍കിയതാണെന്നും ചിലര്‍ പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് വിട്ട ഡല്‍ഹി പൊലീസ് കമീഷണര്‍ ബി എസ് ബസ്സി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല. ഇനി ആര് അന്വേഷിക്കുമെന്ന കാര്യവും അവ്യക്തം.

മരണം സംഭവിച്ച് മൂന്ന് സാധ്യതകള്‍ പരിശോധിക്കാനാണ് എസ്ഡിഎം പൊലീസിനോട് ആവശ്യപ്പെട്ടത്. ഒന്ന്, ആത്മഹത്യ, രണ്ട് കൊലപാതകം, മൂന്ന് അപകടമരണം. അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടാല്‍ ഇടപെടുമെന്ന് എസ്ഡിഎം അറിയിച്ചിരുന്നു. അന്വേഷണം മുടങ്ങിയിട്ട് ദിവസങ്ങളായിട്ടും എസ്ഡിഎം ഇടപെട്ടിട്ടില്ല. ഇപ്പോഴത്തെ രീതിയിലാണ് കേസ് മുന്നോട്ടുപോകുന്നതെങ്കില്‍ ചുരുളഴിയാതെ കിടക്കുന്ന നൂറുകണക്കിന് കേസിലൊന്നായി സുനന്ദ പുഷ്കര്‍ കേസും മാറും. ബന്ധുക്കള്‍ പരാതിയോ സംശയമോ പ്രകടിപ്പിക്കാത്തതാണ് കേസ് അവസാനിപ്പിക്കാന്‍ പൊലീസിന് പ്രേരണ. മാത്രമല്ല രാഷ്ട്രീയസമ്മര്‍ദവുമില്ല. മുഖ്യപ്രതിപക്ഷമായ ബിജെപി തരൂരിനെ സഹായിക്കുകയാണ്. ദേശീയ മാധ്യമങ്ങളും കേസ് കൈവിട്ടു. തരൂരിനെ പൂര്‍ണമായി സംരക്ഷിക്കുകയെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം എത്തി. തരൂര്‍ ആവശ്യപ്പെട്ടതോടെ കേസ് നടപടി വേഗം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പൊലീസിനോട് നിര്‍ദേശം നല്‍കി. ഷിന്‍ഡെ ഇടപെട്ടതിന് ശേഷമാണ് കേസ് പൂര്‍ണമായും സ്തംഭിച്ചത്.
(എം പ്രശാന്ത്)

കാരണം ബാഹ്യഇടപെടല്‍: മഹിള അസോ.

സുനന്ദ പുഷ്കറിന്റെ ദുരൂഹമരണം അന്വേഷിക്കുന്നതില്‍ അധികൃതര്‍ കാട്ടുന്ന അലംഭാവത്തില്‍ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും അന്വേഷണം ആരംഭിച്ചിട്ടില്ല. ന്യായീകരണമില്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് ക്രൈംബ്രാഞ്ച് ദക്ഷിണ ഡല്‍ഹി ജില്ലാ പൊലീസിന് മടക്കി അയച്ചു. കേന്ദ്രമന്ത്രി ശശിതരൂര്‍ ഉള്‍പ്പെട്ട കേസില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നുവെന്ന സംശയം ഇത് ബലപ്പെടുത്തുന്നു. സുനന്ദയുടെ മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മരണകാരണമായ ആക്രമണമോ മറ്റെന്തെങ്കിലുമോ ഉണ്ടായിട്ടുണ്ടോ എന്നും ശശി തരൂരിന്റെ പങ്ക് എന്താണെന്നും അന്വേഷിക്കാന്‍ പൊലീസ് ബാധ്യസ്ഥമാണ്. അധികൃതര്‍ പിന്തുടരുന്ന അമാന്തവും പൊലീസിന്റെ അനാസ്ഥയും സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അന്വേഷണം നിഷ്പക്ഷവും വേഗത്തിലുള്ളതുമാവണം. അന്വേഷണം പൂര്‍ത്തിയാകുംവരെ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കരുത്. അന്വേഷണ ഏജന്‍സികള്‍ കേസ് തട്ടിക്കളിക്കുന്നതിന്റെ കാരണം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് മാലിനി ഭട്ടാചാര്യയും ജനറല്‍ സെക്രട്ടറി ജഗ്മതി സാങ്വാനും ആവശ്യപ്പെട്ടു.

സുനന്ദയുടെ ദുരൂഹമരണം: കേസ് ഫയല്‍ മുക്കി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള ഫയല്‍ മുക്കി. സുനന്ദ പുഷ്കറിന്റെ മരണം അന്വേഷിക്കാനാകില്ലെന്ന് അറിയിച്ച് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം ഫയല്‍ മടക്കിയിരുന്നു. എന്നാല്‍, കേസന്വേഷിക്കാന്‍ തുടക്കത്തില്‍ ചുമതലപ്പെട്ട സരോജനി നഗര്‍ സ്റ്റേഷനില്‍ ഫയല്‍ എത്തിയിട്ടില്ല. ഫയല്‍ എവിടെയെന്ന് അറിയില്ലെന്ന് സരോജനിനഗര്‍ എസ്എച്ച്ഒ അതുല്‍ സൂദ് പറഞ്ഞു. കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെക്കുറിച്ചും ഡല്‍ഹി പൊലീസിന് വ്യക്തതയില്ല. ലീലാ ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ട് രണ്ടാഴ്ചയോളമാകുമ്പോഴാണ് അന്വേഷണം വഴിമുട്ടുന്നത്.

പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ സുനന്ദയുടെ ശരീരത്തില്‍ പതിനഞ്ചോളം മുറിവുള്ളതായി കണ്ടെത്തി. ഇടത്തേ കൈത്തണ്ടയില്‍ ആഴത്തില്‍ കടിയേറ്റ പാടുമുണ്ട്. മരണത്തിനുമുമ്പ് പിടിവലി നടന്നിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. അസ്വാഭാവിക മരണമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം എന്ന രണ്ട് സാധ്യതകളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സബ്ഡിവിഷണല്‍ മജിസ്ട്രേട്ടാണ് പ്രാഥമിക അന്വേഷണം നടത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും മറ്റും അടിസ്ഥാനത്തില്‍ മൂന്ന് സാധ്യതകള്‍ പരിശോധിക്കണമെന്ന നിര്‍ദേശത്തോടെയാണ് എസ്ഡിഎം ലോക്കല്‍ പൊലീസിന് റിപ്പോര്‍ട്ട് കൈമാറിയത്. ആത്മഹത്യ, കൊല, അപകടമരണം എന്നീ സാധ്യതകള്‍ പരിശോധിച്ചശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് എസ്ഡിഎം ആവശ്യപ്പെട്ടത്. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഇടപെടുമെന്നും എസ്ഡിഎം അറിയിച്ചിരുന്നു. കേസ് രേഖകള്‍ പൊലീസിന് കൈമാറിയതിന്റെ അടുത്ത ദിവസംതന്നെ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് കമീഷണര്‍ അറിയിച്ചു. രേഖകളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍, അന്വേഷണത്തില്‍നിന്ന് പിന്‍വാങ്ങുന്നുവെന്ന അറിയിപ്പാണ് ക്രൈംബ്രാഞ്ചില്‍നിന്നുണ്ടായത്. കേസ് എങ്ങനെ അന്വേഷിക്കണമെന്ന നിര്‍ദേശം ഉന്നതങ്ങളില്‍നിന്ന് വന്നതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് തലവന്‍ സ്പെഷ്യല്‍ കമീഷണര്‍ ധര്‍മേന്ദ്ര കുമാര്‍ പിന്‍വാങ്ങിയത്. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഇടപെടുമെന്ന് അറിയിച്ചിരുന്ന എസ്ഡിഎം നിശ്ശബ്ദമാണ്.

deshabhimani

No comments:

Post a Comment