ഈണമിട്ട് സാംസ്കാരിക കേരളം
തിരു: മതനിരപേക്ഷ ഇന്ത്യ, വികസിതകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നായകത്വത്തില്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന കേരളരക്ഷാമാര്‍ച്ചിന്റെ സന്ദേശഗാനങ്ങളുടെ സമാഹാരമായ ഓഡിയോ സിഡി "കേരള രക്ഷാഗീതങ്ങള്‍" പ്രകാശനംചെയ്തു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ നടന്‍ മുകേഷിന് നല്‍കി സിഡി പ്രകാശനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ അധ്യക്ഷനായി. കുത്തഴിഞ്ഞ കേരളീയസമൂഹത്തെ സാമൂഹ്യ വിരുദ്ധശക്തികളില്‍നിന്ന് രക്ഷിക്കാന്‍ ഏറ്റവും പ്രാപ്തന്‍ പിണറായി വിജയന്‍ ആണെന്ന് നടന്‍ മുകേഷ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് ഉഴലുന്ന കേരളത്തെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനുപോലും താല്‍പ്പര്യമില്ലാതായിരിക്കുകയാണെന്ന് പ്രകാശനം നിര്‍വഹിച്ച കോടിയേരി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ശിഥിലമാക്കിയിരിക്കുകയാണ് മതതീവ്രവാദ ശക്തികള്‍. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. 4000 കോടി രൂപയുടെ അധിക നികുതിയാണ് യുഡിഎഫ് ഭരണം ജനങ്ങള്‍ക്ക് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാനപീഠം ജേതാവ് ഒ എന്‍ വി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വയലാര്‍ അവാര്‍ഡ് ജേതാവ് പ്രഭാവര്‍മ, റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോ. മധു വാസുദേവന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവരുടെ എട്ടു ഗാനങ്ങളാണ് സിഡിയിലുള്ളത്. പ്രമുഖ സംഗീത സംവിധായകരായ എം കെ അര്‍ജുനന്‍, എം ജയചന്ദ്രന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, രമേശ് നാരായണന്‍ എന്നിവരാണ് സംഗീതം പകര്‍ന്നത്. എം ജി ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ്, രാജലക്ഷ്മി, സുധീപ് കുമാര്‍, മുരുകന്‍ കാട്ടാക്കട, സി ജെ കുട്ടപ്പന്‍ തുടങ്ങിയ വലിയൊരു ഗായകസംഘംതന്നെ രക്ഷാഗീതങ്ങള്‍ ആലപിക്കുന്നു. ചടങ്ങില്‍ പ്രഭാവര്‍മയുടെ ഗാനം സുധീപ് കുമാര്‍ ആലപിച്ചു. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍കൂടിയായ കവി പ്രഭാവര്‍മയും സംസാരിച്ചു. ഓഡിയോ ആല്‍ബത്തില്‍ ശബ്ദം നല്‍കിയ ഷോബി തിലകന്‍, മേയര്‍ കെ ചന്ദ്രിക എന്നിവരുള്‍പ്പെടെ സാമൂഹ്യ, രാഷ്ട്രീയ, കലാ രംഗത്തെ പ്രമുഖര്‍ പ്രസ്ക്ലബ് ഹാളിലെ ചടങ്ങില്‍ സന്നിഹിതരായി. ദേശാഭിമാനി സീനിയര്‍ പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ആര്‍ എസ് ബാബു സ്വാഗതവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment