Thursday, January 23, 2014

വരുമാനം ഇടിഞ്ഞു; കൃഷിയില്‍ തകര്‍ച്ച

സ്ഥാനത്തിന്റെ നികുതി വരുമാനം ഇടിഞ്ഞെന്നും കാര്‍ഷികമേഖല തകര്‍ച്ച നേരിടുകയാണെന്നും സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. റെവന്യൂ വരുമാനത്തിന്റെ വളര്‍ച്ചാനിരക്കില്‍ സാരമായ കുറവുണ്ടായി. 2011-12ല്‍ 22.65 ശതമാനമായിരുന്ന വരുമാന വളര്‍ച്ചാനിരക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം 16.12 ശതമാനമായി കുറഞ്ഞു. നികുതി വരുമാനത്തില്‍ സംസ്ഥാനത്തിന് ലക്ഷ്യം കൈവരിക്കാനാകില്ല. സാമ്പത്തിക വളര്‍ച്ചയിലുണ്ടായ കുറവ് ഭവനനിര്‍മാണം, ഓട്ടോമൊബൈല്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ സുപ്രധാന മേഖലകളെ പ്രതികൂലമായി ബാധിക്കുകയും വിഭവസമാഹരണത്തില്‍ ആഘാതമേല്‍പ്പിക്കുകയും ചെയ്തു. മൂല്യവര്‍ധിതനികുതി ഉള്‍പ്പെടെ വില്‍പ്പനനികുതിയുടെ വളര്‍ച്ചാനിരക്ക് 2011-12ല്‍ 19.63 ശതമാനമായിരുന്നത് 18.86 ശതമാനമായി കുറഞ്ഞു. 2011-12ല്‍ 17.01 ശതമാനം വളര്‍ച്ച കാണിച്ച സ്റ്റാമ്പ് രജിസ്ട്രേഷന്‍ വരുമാനം പൂജ്യത്തില്‍ താഴെയായി. (-1.61 ശതമാനം). എന്നാല്‍, നികുതിയിതര വരുമാനത്തില്‍ വര്‍ധനയുണ്ടായി. കടത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 2011-12ല്‍ 10.86 ശതമാനമായിരുന്നത് 2012-13ല്‍ 15.8 ശതമാനമായി ഉയര്‍ന്നു.

കാര്‍ഷിക വ്യവസായ തൊഴിലാളികളുടെ ഉപഭോക്തൃവിലസൂചിക 211 പോയിന്റില്‍ നിന്ന് 238 പോയിന്റായി വര്‍ധിച്ചു. കാര്‍ഷിക-ഭക്ഷ്യവിളകളുടെ അടിത്തറ ചുരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റബര്‍, വാഴ എന്നിവ ഒഴികെ എല്ലാ പ്രധാന കാര്‍ഷികവിളകളുടെയും വിസ്തൃതി കുറഞ്ഞു. റബര്‍, കുരുമുളക്, തേയില, പയറുവര്‍ഗങ്ങള്‍, വാഴ എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിച്ചപ്പോള്‍ മറ്റെല്ലാ വിളകളുടെയും ഉല്‍പ്പാദനം ഇടിഞ്ഞു. 1960-61ല്‍ ആകെ കൃഷിഭൂമിയുടെ 40.49 ശതമാനവും നെല്ല് ആയിരുന്നെങ്കില്‍ 200-11ല്‍ അത് കുത്തനെ കുറഞ്ഞ് 15.75 ശതമാനത്തിലെത്തി. 2012-13ല്‍ അത് വീണ്ടും കുറഞ്ഞ് 9.63 ശതമാനമായി. 1961-62ല്‍ യഥാര്‍ഥ കൃഷിവസ്തൃതിയുടെ 12.59 ശതമാനമായിരുന്നു മരച്ചീനിക്കൃഷി. ഇപ്പോള്‍ അത് 3.39 ശതമാനത്തിലേക്ക് ചുരുങ്ങി. പയറുവര്‍ഗങ്ങളുടെ പങ്ക് മൊത്തം കൃഷിവിസ്തൃതിയുടെ 0.14 ശതമാനമായും കുറഞ്ഞു. നാളികേര ഉല്‍പ്പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.3 ശതമാനം കുറഞ്ഞു. നാളികേരത്തിന്റ ഉല്‍പ്പാദനക്ഷമതയും കുറഞ്ഞു.

സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ കേരളമാണ് മുന്നില്‍. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2013 സെപ്തംബര്‍ 30വരെ പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 39.78 ലക്ഷമാണ്. ഇതില്‍ 60 ശതമാനം സ്ത്രീകളാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 2012-13 സാമ്പത്തികവര്‍ഷം 8.2 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയായി മന്ത്രി കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍വര്‍ഷം ഇത് എട്ടുശതമാനമായിരുന്നു. പ്രതിശീര്‍ഷ സംസ്ഥാനവരുമാനം 7.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇത് 7.2 ശതമാനമായിരുന്നെന്നും മാണി പറഞ്ഞു.

deshabhimani

No comments:

Post a Comment