Friday, January 31, 2014

രാജ്യസഭയില്‍ ചേക്കേറാന്‍ കോണ്‍.നേതാക്കള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ജനവിധി ഭയന്ന് രാജ്യസഭയില്‍ അഭയം തേടുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദിഗ്വിജയ്സിങ്, മധുസൂദന്‍ മിസ്ത്രി, മുന്‍മന്ത്രി കുമാരി ഷെല്‍ജ, സഞ്ജയ്സിങ് എന്നിവരാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്ന പ്രമുഖര്‍. ദിഗ്വിജയ്സിങ്ങിനെ രാജ്യസഭയില്‍ അയക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം അനുചിതമാണെന്ന് എഐസിസി സെക്രട്ടറി ദേവാസ് സജ്ജന്‍സിങ് വര്‍മ പറഞ്ഞു. നേതാക്കള്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് മാതൃക കാട്ടണമെന്ന് മധ്യപ്രദേശിലെ മറ്റൊരു കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ ലോക്സഭാംഗം സഞ്ജയ്സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടിയാല്‍ വിജയിക്കില്ലെന്ന ആശങ്ക കാരണം ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെട്ടാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുന്നത്.

രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ദിഗ്വിജയ്സിങ്ങിനെതിരെ സ്വന്തം സംസ്ഥാനമായ മധ്യപ്രദേശില്‍ കലാപം ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമാവാന്‍ കാരണം ദ്വിഗ്വിജയ്സിങ്ങിനെപ്പോലുള്ള നേതാക്കളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മധ്യപ്രദേശിലെ ഏതെങ്കിലും മണ്ഡലത്തില്‍നിന്ന് മത്സരിക്കുകയെന്ന അപകടം അദ്ദേഹം ഒഴിവാക്കി. ഗുജറാത്തിലെ സബര്‍കാന്ത എംപി മധുസൂദനന്‍മിസ്ത്രിയും നേതൃത്വത്തിന് പ്രിയങ്കരനാണ്. ജനവിധി തേടാന്‍ മിസ്ത്രിയും തയ്യാറല്ല. കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവച്ച കുമാരി ഷെല്‍ജ ഹരിയാനയിലെ അംബാലയില്‍നിന്നുള്ള ലോക്സഭാംഗമാണ്. മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡയുടെ എതിരാളിയായ ഷെല്‍ജയെ വീണ്ടും അംബാലയില്‍ മത്സരിപ്പിക്കുന്നത് ബുദ്ധിയല്ലെന്ന് കണ്ടാണ് രാജ്യസഭാ സീറ്റ് നല്‍കിയത്. സോണിയ ഗാന്ധിയുടെ വിശ്വസ്തയാണ് സെല്‍ജ. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍ക്കെതിരെ രണ്ട് വിമതര്‍ നല്‍കിയ പത്രിക വരണാധികാരി സ്വീകരിച്ചതും പാര്‍ടിക്ക് പൊല്ലാപ്പായി. ഫെബ്രുവരി എട്ടിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറിയുള്ള വോട്ടുകള്‍ക്ക് ഇതോടെ സാധ്യതയേറി.

deshabhimani

No comments:

Post a Comment