ദേശാഭിമാനി
ജാതിവിവേചനത്തിനെതിരെ സന്ധിയില്ലാ പോരാട്ടങ്ങള്‍ക്ക് ആഹ്വാനം ചെയ്ത്, സാംസ്കാരികപ്രവര്‍ത്തകര്‍ ക്ഷേത്രനഗരിയില്‍ മാനവികതയുടെ മഹാസംഗമം തീര്‍ത്തു. "ജാതിഭ്രഷ്ടിനും അനാചാരങ്ങള്‍ക്കുമെതിരെ നവോത്ഥാന പൈതൃകം ഉയര്‍ത്തിപ്പിടിക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി ഗുരുവായൂരില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് മാനവികസംഗമം സംഘടിപ്പിച്ചത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ മേളം അവതരിപ്പിച്ചും കവിത ചൊല്ലിയും ചിത്രം വരച്ചും പുല്ലാങ്കുഴല്‍ വായിച്ചും നാടന്‍ പാട്ടുപാടിയും മാജിക് അവതരിപ്പിച്ചും ജാതീയഭ്രാന്തിനെതിനെതിരെ പ്രതിഷേധജ്വാല ഉയര്‍ത്തി. ഇടത്തരിയകത്ത് കാവില്‍ പഞ്ചവാദ്യം അവതരിപ്പിക്കാനെത്തിയ ഇലത്താള കലാകാരന്‍ കല്ലൂര്‍ ബാബുവിനെ ജാതിയുടെ പേരില്‍ ഒഴിവാക്കിയതിനെതിരായ പ്രക്ഷോഭനിരകളില്‍ ഏറെ ശ്രദ്ധേയമായി സാഹിത്യസംഘത്തിന്റെ മഹാസംഗമം.
ഇരിങ്ങപ്രം ബാബുവിന്റെ നേതൃത്വത്തില്‍ കേളിയോടെയാണ് മാനവികസംഗമത്തിന് തുടക്കമായത്്. പൊതുസമ്മേളനം നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ് അധ്യക്ഷനായി. സംവിധായകന്‍ പ്രിയനന്ദനന്‍, നടന്‍ വി കെ ശ്രീരാമന്‍, ഡോ. ജെസ്മി, ആലങ്കോട് ലീലാകൃഷ്ണന്‍, പി ബാലചന്ദ്രന്‍, സജീവന്‍ അന്തിക്കാട്, സി ആര്‍ ദാസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, അശോകന്‍ പുത്തൂര്‍, ഗോപീകൃഷ്ണന്‍, അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, എം കൃഷ്ണദാസ്, വി ഡി പ്രേംപ്രസാദ്, സി ആര്‍ ദാസ്, നാസര്‍ കുന്നത്തുങ്കര എന്നിവര്‍ സംസാരിച്ചു. പുല്ലൂര്‍ സജുവിന്റെ നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളത്തിലും പഞ്ചവാദ്യത്തിലും നൂറിലധികം കലാകാരന്മാര്‍ പങ്കെടുത്തു. കഥകളി അഭ്യസിച്ചതിന്റെ പേരില്‍ മഹല്ല് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയ മലപ്പുറം സ്വദേശിനി മന്‍സിയയുടെ പങ്കാളിത്തവും ശ്രദ്ധേയമായി. കലാകാരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതില്‍ എല്ലാ മതവിഭാഗങ്ങളിലെയും യാഥാസ്ഥിതികവിഭാഗങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഇത്തരം അനീതികള്‍ക്കെതിരെ കൂട്ടായ പോരാട്ടങ്ങള്‍ ആവശ്യമാണെന്നും മന്‍സിയ പറഞ്ഞു. സാഹിത്യസംഘം ജില്ലാ സെക്രട്ടറി പ്രൊഫ.കെ യു അരുണന്‍ സ്വാഗതവും രാവുണ്ണി നന്ദിയും പറഞ്ഞു.
No comments:
Post a Comment