Friday, January 31, 2014

ഉമ്മന്‍ചാണ്ടി -ഫയാസ് ബന്ധം അന്വേഷണമില്ല

തലശേരി: സ്വര്‍ണക്കടത്ത്കേസ് പ്രതി മാഹി ഈസ്റ്റ്പള്ളൂരിലെ തൊണ്ടന്റവിട ഫയാസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണമില്ല. ഫയാസുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ മുന്‍മിസ് സൗത്ത് ഇന്ത്യ ശ്രവ്യസുധാകര്‍ ഉള്‍പ്പെടെ പലരെയും സിബിഐ വിളിച്ചുവരുത്തി ചോദ്യംചെയ്തിട്ടും മുഖ്യമന്ത്രിയെയും ഓഫീസിനെയും തൊടാന്‍ അന്വേഷണസംഘത്തിന് ഭയം. ഭരണതലത്തിലുള്ള ഇടപെടലിനെ തുടര്‍ന്നാണ് അന്വേഷണം നീണ്ടുപോകുന്നത്. ഫയാസിന് ഗ്രീന്‍ചാനലിലൂടെ സ്വര്‍ണം കടത്താന്‍ സഹായം നല്‍കിയത് കസ്റ്റംസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസുമായിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ജിക്കുമോനും കണ്ണൂര്‍ ജില്ലക്കാരനായ പേഴ്സണല്‍സ്റ്റാഫ് അംഗവുമെല്ലാം ഫയസിന് ഏറെ വേണ്ടപ്പെട്ടവരായിരുന്നു. കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രതികളായിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണപരിധിക്ക് പുറത്താണിപ്പോഴും.

മുഖ്യമന്ത്രിയും ഫയാസും തമ്മിലുള്ള ബന്ധം തെളിവ് സഹിതം മാസങ്ങള്‍ക്ക് മുമ്പേ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ്. പ്രതിപക്ഷ നേതാവായിരിക്കെ 2008ല്‍ ഉമ്മന്‍ചാണ്ടിയെ ദുബൈ അല്‍ഖറൂദില്‍ ചേര്‍ന്ന പുതുച്ചേരി പ്രവാസി അസോസിയേഷന്‍(നോര്‍പ്പ) യോഗത്തിലേക്കെത്തിച്ചത് ഫയാസാണ്. നോര്‍പ്പ ജനറല്‍സെക്രട്ടറിയും മാഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ റമീസ് അഹമ്മദ് കഴിഞ്ഞ സപ്തംബര്‍ 27ന് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടി ദുബൈയിലെത്തുമ്പോഴെല്ലാം സ്വീകരിക്കാനും ആതിഥ്യമൊരുക്കാനും ഫയാസ് എത്തിയിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ പിടിവീഴുമെന്ന് ഉറപ്പായഘട്ടത്തിലും ബന്ധപ്പെട്ടത് രക്ഷകനായ മുഖ്യമന്ത്രിയുടെ ഓഫീസിനെയായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ചാണ്ടി തലശേരി വഴിപോകുമ്പോള്‍ ദേശീയപാതയില്‍ വാഹനം നിര്‍ത്തി ഫയാസുമായി അരമണിക്കൂറോളം സംസാരിച്ചതും ആരും മറന്നിട്ടില്ല. മുന്‍കൂട്ടി സംസാരിച്ചുറപ്പിച്ച് ദേശീയപാതയില്‍ കാത്തുനിന്നാണ് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുപത്കിലോ സ്വര്‍ണവുമായി ആരിഫയും ആസിഫയും സപ്തംബര്‍ 19ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായപ്പോഴാണ് ഫയാസിന്റെ അന്താരാഷ്ട്രബന്ധമുള്ള സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ഒന്നൊന്നായി പുറത്തുവരുന്നത്. യുഡിഎഫ് ഭരണം ഒരുക്കിയ ഗ്രീന്‍ചാനലിലൂടെ ഏറെ സ്വര്‍ണം ഇയാള്‍ കടത്തിയിട്ടുണ്ടെന്ന് വ്യക്തം.

deshabhimani

No comments:

Post a Comment