Friday, January 31, 2014

യൂണിവേഴ്സിറ്റി ക്യാമ്പസിലെ ആക്രമണങ്ങള്‍ ആസൂത്രിതം വ്യാജ പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തേഞ്ഞിപ്പലം: കലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍ജിനിയറിങ് കോളേജിലും വാഴ്സിറ്റി ക്യാമ്പസിലും കെഎസ്യു - എംഎസ്എഫ് നടത്തുന്ന അക്രമങ്ങള്‍ ആസൂത്രിതം. ആയുധങ്ങളുമായെത്തി എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചശേഷം ആശുപത്രിയില്‍ പ്രവേശിച്ച് കേസ് കൊടുക്കുകയാണ് അക്രമികള്‍. ഇതിനായി ഭരണപക്ഷ നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്. തേഞ്ഞിപ്പലം പൊലീസില്‍ സ്വാധീനംചെലുത്തി വധശ്രമമുള്‍പ്പെടെയുള്ള കള്ളക്കേസുകള്‍ മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തുകയുംചെയ്യുന്നു. എന്‍ജിനിയറിങ് കോളേജിന് പുറത്തെ ഡിവൈഎഫ്ഐ - എസ്എഫ്ഐ കൊടിമരം തകര്‍ത്തുകൊണ്ടാണ് എംഎസ്എഫ് - കെഎസ്യുക്കാര്‍ അക്രമം ആരംഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സമാധാനപരമായി പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയുംചെയ്തു. ചൊവ്വാഴ്ച രാവിലെ മാരകായുധങ്ങളുമായെത്തി ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ഥികളെയും ആക്രമിച്ചു. പൊലീസ് രാവിലെ ക്യാമ്പസില്‍ പരിശോധിച്ചുപോയശേഷമായിരുന്നു ഇത്. അക്രമികള്‍ കോളേജിലെ ജനല്‍ചില്ലുകളും മറ്റും തകര്‍ത്തു. ഇവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതിനുശേഷമെത്തിയ പൊലീസ് നിരപരാധികളായ വിദ്യാര്‍ഥികളെ മര്‍ദിച്ചു. സാരമായി പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.

എന്‍ജിനിയറിങ് കോളേജിലെ സംഘട്ടനത്തില്‍ പരിക്കേറ്റെന്ന കള്ളക്കേസ് കൊടുത്താല്‍ പൊളിയുമെന്ന ധാരണയിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസിനെ തെരഞ്ഞെടുത്തത്. ഇവിടെയാകുമ്പോള്‍ ചില അധികൃതരുടെ പൂര്‍ണ പിന്തുണയും സിന്‍ഡിക്കേറ്റിലെ എംഎല്‍എമാരുടെ സ്വാധീനവും ഉപയോഗിക്കാമെന്നായിരുന്നു ധാരണ. ഇതനുസരിച്ചാണ് വ്യാജ പരാതി നല്‍കിയതും തേഞ്ഞിപ്പലം പൊലീസ് കള്ളക്കേസ് എടുത്തതും. ബുധനാഴ്ച ഇല്ലാത്ത ആക്രമണത്തിന്റെപേരില്‍ കെഎസ്യു പഠിപ്പുമുടക്കി പഠനവിഭാഗങ്ങളിലെ അധ്യാപനം തടഞ്ഞു. ഈ സമയം ലാംഗ്വേജ് ബ്ലോക്കില്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് കെഎസ്യുക്കാര്‍ ഇരച്ചുകയറുകയും പരിപാടി അലങ്കോലമാക്കാന്‍ ശ്രമിക്കുകയുംചെയ്തു. ഏകപക്ഷീയമായി നടത്തിയ ആക്രമണമായിരുന്നിട്ടും എസ്എഫ്ഐക്കാര്‍ മര്‍ദിച്ചുവെന്ന കള്ളപ്പരാതിയുമായി രണ്ട് കെഎസ്യുക്കാര്‍ ആശുപത്രിയില്‍പ്പോയി കിടന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനുവഴങ്ങി വിദ്യാര്‍ഥികളുടെ പേരില്‍ ഗുരുതര വകുപ്പുകളിട്ട് കേസെടുക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അക്രമം നടന്നുവെന്ന കഥയുണ്ടാക്കി കോഹിനൂരിലുള്ള എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളെയടക്കം പ്രതിയാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്യുന്നത്. സംഭവത്തിന്റെ വാസ്തവം അന്വേഷിക്കാന്‍പോലും തയ്യാറാവാതെയാണ് ഇത്.

deshabhimani

No comments:

Post a Comment