ഗുജറാത്തിലെ ഭുജില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രീംകോടതി അസാധുവാക്കി. സര്‍ക്കാര്‍ നടപടി നിയമപരമായി കണക്കിലെടുക്കുമ്പോള്‍ തെറ്റും ഏകപക്ഷീയവുമാണെന്ന് കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തയായ റവന്യൂമന്ത്രി ആനന്ദി ബെന്‍ പട്ടേലിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്. ആനന്ദി ബെന്‍ മുന്‍കൈയെടുത്താണ് ഭൂമി സ്വകാര്യകമ്പനിക്ക് കൈമാറിയത്. ഇടപാടിന് പിന്നില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ആനന്ദി ബെന്നിനെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. പൊതുസ്വത്ത് കൈകാര്യംചെയ്യുന്നവര്‍ ജനങ്ങളുടെ വിശ്വസ്ത വ്യക്തിയെന്ന നിലയിലാണ് പ്രവര്‍ത്തിക്കേണ്ടത്. ഇതിന് വിരുദ്ധമായ നടപടി ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണ്- കോടതി പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കാന്‍ വിസമ്മതിച്ച ഹര്‍ജിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
വ്യവസായപദ്ധതിക്കായി ഒരിക്കല്‍ കൈമാറിയ സ്ഥലം മൂന്നാമതൊരാള്‍ക്ക് ഏകപക്ഷീയമായി കൈമാറാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഭുജിലെ 36 ഏക്കര്‍ സ്ഥലം അലുമിന റിഫൈനറി എന്ന സ്ഥാപനത്തിനാണ് ആനന്ദി ബെന്‍ പട്ടേല്‍ മുന്‍കൈയെടുത്ത് ലേലമില്ലാതെ കൈമാറിയത്. ഇന്‍ഡിഗോള്‍ഡ് റിഫൈനറി എന്ന സ്ഥാപനത്തിനാണ് ആദ്യം സ്ഥലം കൈമാറിയത്. സമയപരിധിക്കുള്ളില്‍ റിഫൈനറി സ്ഥാപിച്ചില്ല. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അലുമിന റിഫൈനറിക്ക് സ്ഥലം വിറ്റത്. ഭൂമി തിരിച്ചെടുത്ത് ലേലംചെയ്യുന്നതിന് പകരം രണ്ട് കമ്പനികള്‍ തമ്മിലുള്ള വില്‍പ്പനയ്ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹത ആരോപിച്ച് ദീപക്ക് ബബാരിയ എന്ന കോണ്‍ഗ്രസ് നേതാവ് കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന് 3.15 കോടി രൂപ കൂടി നല്‍കിയ ശേഷം മാത്രം പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കോടതി നിര്‍ദേശിച്ചു.
deshabhimani
No comments:
Post a Comment