തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എം കെ രാഘവന്‍ എംപി നടത്തിയ ""വികസന സന്ദേശ യാത്ര"" അദ്ദേഹത്തെ തെരഞ്ഞെടുത്ത വോട്ടര്‍മാരെ മാത്രമല്ല, ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളെയാകെ അവഹേളിക്കലാണ്. വികസന വരള്‍ച്ച നേരിട്ട കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ മുമ്പില്‍ രാഷ്ട്രീയ നാടകമാടുകയായിരുന്നു അദ്ദേഹം. സത്യത്തില്‍, ഈ ജനപ്രതിനിധി കഴിഞ്ഞ അഞ്ചുവര്‍ഷം നല്‍കിയ വാഗ്ദാനങ്ങളുടെ ശവപ്പറമ്പാണ് കോഴിക്കോട്. കേന്ദ്രത്തില്‍ ഭരണംനടത്തുന്ന കക്ഷിയുടെ പ്രതിനിധിയായിട്ടും സ്വന്തം മണ്ഡലത്തില്‍ എന്തെങ്കിലും പദ്ധതി കൊണ്ടുവരാന്‍ കഴിയാത്തതിലുള്ള ജാള്യം മറയ്ക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രനഗരമായ കോഴിക്കോടിന് ഓര്‍മിക്കത്തക്ക എന്തെങ്കിലും ഒരു പദ്ധതി ആവിഷ്കരിക്കാനോ കേന്ദ്ര അംഗീകാരം നേടാനോ എംപിക്കായില്ല. കോഴിക്കോടിനോട് വൈകാരികമായ അടുപ്പം പോലുമില്ലാത്ത ഒരാള്‍, പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ദുരന്തമാണ് നാം അനുഭവിച്ചത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചതായും അത് തന്റെ നേട്ടമാണെന്നും കാണിച്ച് എംപിയുടെ ചിത്രമടങ്ങുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നഗരം മുഴുവന്‍ സ്ഥാപിച്ചിരുന്നു. ഈ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്ന ഒന്നും ഇവിടെ നടന്നില്ല. ട്രെയിന്‍ യാത്രയ്ക്കെത്തുന്നവര്‍ക്ക് മഴ കൊള്ളാതെ വണ്ടിയില്‍ കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയാണ്. പ്ളാറ്റ്ഫോമുകളില്‍ മേല്‍പ്പുര പണിയാന്‍പോലും കഴിഞ്ഞില്ല. സ്റ്റേഷനു ചുറ്റും പൊട്ടിപ്പൊളിഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമായ ഓടകളാണ്. മൂക്ക് പൊത്തിയല്ലാതെ സ്റ്റേഷന്‍ പരിസരത്ത് ചെല്ലാനാവില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്റ്റേഷന്‍ വികസനത്തിന് കാര്യമായ ഒരു ഫണ്ടും കോഴിക്കോട്ട് ചെലവഴിച്ചിട്ടില്ല.
രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപാസ് പൂര്‍ത്തീകരിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമഫലമായിട്ടാണ് ബൈപാസ് നിര്‍മാണം രാമനാട്ടുകരയില്‍നിന്നാരംഭിച്ചത്. പൂളാടിക്കുന്ന് വരെയുള്ള ഭാഗം പൂര്‍ത്തീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാരുകളുടെ ശ്രമഫലമായിട്ടാണ്. പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള പ്രവൃത്തിക്ക് ഫണ്ട് അനുവദിക്കാനോ പ്രവൃത്തി ആരംഭിക്കാനോ എംപി ചെറുവിരലനക്കിയിട്ടില്ല. ഒരു കേന്ദ്ര പൊതുമേഖലാ വ്യവസായ പദ്ധതിപോലും ഈ കാലയളവില്‍ കോഴിക്കോടിന് ലഭിച്ചില്ല. യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ തകര്‍ച്ചയിലെത്തിച്ച ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സിനെ പുനരുദ്ധരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര പൊതുമേഖലാ കമ്പനിയായ "സെയിലു"മായി സംയുക്ത കരാറുണ്ടാക്കിയിരുന്നു. അതനുസരിച്ച് "റോളിങ് മില്‍" സ്ഥാപിക്കാന്‍ യാതൊന്നും ചെയ്യാന്‍ എംപിക്കായില്ല. സ്റ്റീല്‍ കോംപ്ലക്സ് ഇപ്പോള്‍ ഗുരുതരമായ പ്രതിസന്ധിയിലാണ്. കിനാലൂര്‍ വ്യവസായ പാര്‍ക്കില്‍ ""ഭക്ഷ്യസംസ്കരണ വ്യവസായ പദ്ധതി"" സ്ഥാപിക്കുമെന്ന എംപിയുടെ പ്രഖ്യാപനം കേട്ട് ജനങ്ങള്‍ ആവേശഭരിതരായിരുന്നു. എന്നാല്‍, ആ പ്രഖ്യാപനം അകാലചരമമടഞ്ഞു. ഇപ്പോള്‍ പുതിയ വാഗ്ദാനം ഫുട്വെയര്‍ ഡിസൈന്‍ സെന്ററിനെക്കുറിച്ചാണ്. വാഗ്ദാനങ്ങള്‍ക്ക് മുതല്‍മുടക്ക് ആവശ്യമില്ലല്ലോ.
കുന്നത്തറ ടെക്സ്റ്റൈല്‍സ്, കിന്‍ഫ്ര ഏറ്റെടുത്തത് എന്തോ ആനക്കാര്യമായി എംപി പറഞ്ഞതായി കേട്ടു. കുന്നത്തറ ടെക്സ്റ്റൈല്‍സിലെ മുന്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച ആനുകൂല്യങ്ങള്‍ കിന്‍ഫ്ര നല്‍കണമെന്നും അതിനു പകരമായി ടെക്സ്റ്റൈല്‍സിന്റെ ഭൂമി കിന്‍ഫ്രയ്ക്ക് കൈമാറുമെന്നുമാണ് സര്‍ക്കാര്‍ തീരുമാനം. ഫലത്തില്‍ ടെക്സ്റ്റൈല്‍സിന്റെ ഭൂമി കിന്‍ഫ്രയ്ക്ക് വിറ്റു. ഇത് "വന്‍ വികസന"മായി ചിത്രീകരിക്കാനുള്ള തൊലിക്കട്ടി അപാരം! കോഴിക്കോടിന് അനുവദിക്കപ്പെട്ട ദേശീയ നിലവാരമുള്ള പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, രണ്ടാം യുപിഎ ഗവണ്‍മെന്റില്‍ ഡിഎംകെക്കുള്ള സ്വാധീനമുപയോഗിച്ച് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. കോഴിക്കോട് എംപിക്ക് ഇക്കാര്യത്തില്‍ ഇടപെടാനോ തടയാനോ കഴിഞ്ഞില്ല. കോഴിക്കോട്ടെ കോംട്രസ്റ്റ് ഫാക്ടറിയും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രശ്നത്തില്‍ "മറ്റെല്ലാവരും തോറ്റിടത്ത് എംപി ഇടപെടുന്നു" എന്ന രീതിയില്‍ കോണ്‍ഗ്രസ് അനുകൂല പത്രങ്ങളെക്കൊണ്ട് വാര്‍ത്തകള്‍ പടച്ചുണ്ടാക്കി. എന്നാല്‍ കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ല. അതുകൊണ്ട് ഏറ്റെടുക്കല്‍ പ്രാവര്‍ത്തികമായിട്ടില്ല. ഇക്കാര്യത്തിലും ഒന്നും ചെയ്യാന്‍ എംപിക്കായിട്ടില്ല.
ആരോഗ്യസംരക്ഷണത്തില്‍ വടക്കന്‍ കേരളത്തിന്റെ ആശ്രയമായ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വികസനകാര്യത്തില്‍ ഒരു എംപിയുടെ സാന്നിധ്യമറിയുന്നത് സിപിഐ എം രാജ്യസഭാംഗം ടി എന്‍ സീമയിലൂടെയാണ്. അവരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ച് ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തില്‍ ആധുനിക സംവിധാനങ്ങളുള്ള ഒരു വാര്‍ഡിന്റെ പണി പൂര്‍ത്തിയായിവരുന്നു. ഇതിന്റെ പകുതി തുകപോലും ഏതെങ്കിലുമൊരു പ്രവൃത്തിക്ക് കോഴിക്കോട് എംപിക്ക് നല്‍കാനായിട്ടില്ല. പ്രതിരോധവകുപ്പിന്റെ യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാകേന്ദ്രം ബേപ്പൂര്‍ ചാലിയത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ചാലിയത്ത് റവന്യൂ വകുപ്പിന്റെ 42 ഏക്കര്‍ ഭൂമി ഈ ആവശ്യത്തിന് വിട്ടുകൊടുത്തതും എല്‍ഡിഎഫ് സര്‍ക്കാരാണ്. അതനുസരിച്ച് പദ്ധതിക്ക് 2010-ല്‍ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി തറക്കല്ലിടുകയും ചെയ്തു. ഈ പദ്ധതിയും തന്റെ അക്കൗണ്ടില്‍ ചേര്‍ക്കാന്‍ എംപി നടത്തുന്ന പരിശ്രമം എത്ര പരിഹാസ്യമാണെന്ന് ജനങ്ങള്‍ക്കറിയാം.
അതേസമയം, 2011-ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചാലിയത്തെ "നിര്‍ദേശ്" എന്ന പദ്ധതിയുടെ ഒരു പ്രവൃത്തിയും നടന്നില്ല എന്നത് അദ്ദേഹം മറച്ചുവയ്ക്കുന്നു. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി, നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വ്യവസായ പാര്‍ക്കുകള്‍, നേരത്തെയുള്ള കിനാലൂര്‍ വ്യവസായ പാര്‍ക്ക്, മാവൂരിലെ ഗ്രാസിം ഭൂമി എന്നിവയൊക്കെ പദ്ധതികള്‍ക്ക് ലഭ്യമാണെന്നിരിക്കെ, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി എന്തെങ്കിലും ഒരു പദ്ധതി കൊണ്ടുവരുന്നതില്‍ എംപി പരാജയപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഇംഹാന്‍സ് എന്നീ സ്ഥാപനങ്ങളുടെ വികസനത്തിന് പദ്ധതികള്‍ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ബീച്ച് ജനറല്‍ ആശുപത്രി എന്നിവയുടെ വികസനങ്ങളെല്ലാം നടന്നത് എല്‍ഡിഎഫ് ഭരണകാലത്താണ്. ആ സത്യങ്ങളെല്ലാം മറച്ചുവെച്ചാണ് എംപിയുടെ അവകാശവാദങ്ങള്‍. കേന്ദ്രവും സംസ്ഥാനവും ഒരേ കക്ഷി ഭരിച്ചാല്‍ സംസ്ഥാനത്ത് വന്‍ വികസനമുണ്ടാകുമെന്ന കോണ്‍ഗ്രസ്സിന്റെ അവകാശവാദങ്ങള്‍, പൂര്‍ണമായും തകര്‍ന്നു. അതിന്റെ മികച്ച ഉദാഹരണമാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം. എംപിയുടെ പ്രാദേശിക വികസന ഫണ്ട് വീതംവെപ്പും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രചാരണവും മാത്രമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം നടന്നത്. കോഴിക്കോടിന്റെ പ്രശ്നങ്ങള്‍ ഒരിക്കലെങ്കിലും പാര്‍ലമെന്റില്‍ ഉന്നയിച്ചതായും ആരും കേട്ടിട്ടില്ല. വികസനരംഗത്ത് കോഴിക്കോട് പിറകിലാകാന്‍ പ്രധാന കാരണം എംപിയുടെ നിസ്സംഗതയും ഇടപെടലിന്റെ അഭാവവും യുഡിഎഫ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വവുമാണ്. കക്ഷിരാഷ്ട്രീയഭേദമെന്യേ ജനങ്ങള്‍ ഈ യാഥാര്‍ഥ്യം മനസ്സിലാക്കും.
എളമരം കരീം എംഎല്‍എ deshabhimani
No comments:
Post a Comment