ടി പി ചന്ദ്രശേഖരന് വധക്കേസില്‍ 15 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. ഗൂഢാലോചനയില്‍ പങ്കാളികളായതായി ആരോപിക്കപ്പെട്ടിരുന്ന സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനന് അടക്കം 21 പ്രതികളെ വെറുതെവിട്ടു.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി പ്രോസിക്യൂഷന് ആരോപിച്ചിരുന്ന എം.സി അനൂപ്, കിര്‍മാണി മനോജ് , കൊടി സുനി എന്ന സുനില്‍ കുമാര്‍, ടി കെ എന്ന ടി കെ രജീഷ്, മുഹമ്മദ് ഷാഫി, സീജിത്ത് എന്ന അണ്ണന് സിജിത്ത്, ഷിനോജ് എന്നീ ഏഴുപേര്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മറ്റ് എട്ടുപേര്‍ കൂടി കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
2012 മെയ് നാലിന് രാത്രിയാണ് ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 11നാണ് കേസില്‍ വിചാരണ തുടങ്ങിയത്. 159 പ്രവൃത്തിദിവസമെടുത്ത് ഡിസംബര്‍ 20നാണ് വിചാരണ പൂര്‍ത്തിയായത്. കുറ്റപത്രത്തില്‍ 76 പേരെയായിരുന്നു പ്രതിചേര്‍ത്തത്. ഇതില്‍ രണ്ടുപേരെ പിടികൂടിയിട്ടില്ല. തെളിവുകളൊന്നുമില്ലാത്ത രണ്ടുപേരെ കുറ്റപത്രം വായിച്ചുകേള്പ്പിക്കുന്നതിനുമുമ്പുതന്നെ കോടതി ഒഴിവാക്കി. രാഷ്ട്രീയമായി പ്രതിചേര്‍ത്ത സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് ഉള്‍പ്പെടെ 15 പേരുടെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്യുകയുമുണ്ടായി. സാക്ഷിമൊഴികളോ തെളിവോ ഇല്ലാത്ത 20 പ്രതികളെ ക്രിമിനല്‍ നടപടിച്ചട്ടം 232-ാം വകുപ്പനുസരിച്ച്് കോടതി വെറുതെ വിട്ടു. കഴിഞ്ഞ സെപ്തംബര്‍ 11നായിരുന്നു നിര്‍ണായക വിധി. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജന്, എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന് ശശി എന്നിവരടക്കമുള്ളവരെയാണ് വിട്ടയച്ചത്. സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയ അന്വേഷണ സംഘത്തിന്റെ ശ്രമത്തിനേറ്റ തിരിച്ചടിയായിരുന്നു ഈ വിധി.
കേസില്‍ 36 പ്രതികളാണ് അവശേഷിച്ചിരുന്നത്. വിചാരണാ വേളയിലായിരുന്നു സി എച്ച് അശോകന്റെ അന്ത്യമുണ്ടായത്. പ്രതി ചേര്‍ക്കപ്പെട്ട സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന് അടക്കം 11 പേര് ഒന്നരവര്‍ഷമായി ജാമ്യംപോലും നിഷേധിക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ്. കേസില്‍ പ്രോസിക്യൂഷന് 582 രേഖകളും പ്രതിഭാഗം 66 രേഖകളും ഹാജരാക്കി. 284 പേരുടെ സാക്ഷിപ്പട്ടിക ഹാജരാക്കിയെങ്കിലും പ്രോസിക്യൂഷന് 166 പേരെയാണ് സാക്ഷികളായി വിസ്തരിച്ചത്. ഇതില്‍ 52 പേര് പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയെന്ന പ്രത്യേകതയും കേസിനുണ്ട്. പ്രതിഭാഗം പത്ത് സാക്ഷികളെയാണ് വിസ്തരിച്ചത്. വിധി കണക്കിലെടുത്ത് ജില്ലയില്‍ പൊലീസ് കനത്ത സുരക്ഷാസന്നാഹങ്ങളൊരുക്കിയിരുന്നു.
No comments:
Post a Comment