Saturday, January 25, 2014

യുഡിഎഫ് വിടും: ഗൗരിയമ്മ

ആലപ്പുഴ: ജനവിരുദ്ധനയങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യുഡിഎഫ് വിടാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. ജെഎസ്എസ് സംസ്ഥാന സമ്മേളനം റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരിയമ്മ.

യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും സ്ത്രീപീഡനവും ക്വട്ടേഷന്‍-ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടവും പ്രോത്സാഹിപ്പിക്കുകയാണ്. വിലക്കയറ്റം ഇത്ര രൂക്ഷമായ കാലം ഉണ്ടായിട്ടില്ല. മണിക്കൂറുകള്‍വച്ചാണ് വിലകുതിച്ചുയരുന്നത്. മാനഭംഗവും ബലാത്സംഗവും തുടര്‍ക്കഥയായി. സ്ത്രീകള്‍ക്ക് സുരക്ഷയില്ല. 90 ശതമാനം സ്ത്രീകളും അഭ്യസ്തവിദ്യരാണ്. ഉദ്യോഗസ്ഥകളാണ് പലരും. പക്ഷേ സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങാനാകുന്നില്ല. താനാണ് സര്‍ക്കാര്‍ എന്ന ധാരണയാണ് മുഖ്യമന്ത്രിക്ക്. തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങളൊന്നും നടപ്പാക്കുന്നില്ല. പണമുണ്ടെങ്കില്‍ എന്തും വിലയ്ക്ക് വാങ്ങാം. ഈ സര്‍ക്കാരിന് കീഴില്‍ ജെഎസ്എസിന്റെ മുദ്രാവാക്യങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫില്‍ തുടരേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചതെന്ന് ഗൗരിയമ്മ പറഞ്ഞു.

തന്നെ സിപിഐ എം പുറത്താക്കിയപ്പോള്‍ അഭയംതന്നത് കോണ്‍ഗ്രസല്ല. കമ്യൂണിസ്റ്റുകാരാണ്. അന്ന് ഒത്തുചേര്‍ന്നവര്‍ രൂപം നല്‍കിയതാണ് ജെഎസ്എസ്. ജനകീയശക്തിയായി മാറിയപ്പോഴാണ് കെ കരുണാകരന്‍ യുഡിഎഫിലേക്ക് ക്ഷണിച്ചത്. ഒപ്പംനിര്‍ത്തി ഇല്ലായ്മ ചെയ്യാനാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രമിച്ചത്. മത്സരിക്കാന്‍ സീറ്റുനല്‍കുകയും പിന്നില്‍നിന്ന് കുത്തി തോല്‍പിക്കുകയുമായിരുന്നു അവര്‍. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ താന്‍ സിപിഐ എമ്മിനൊപ്പമാണ് നിന്നത്. തനിക്ക് സിപിഐ എം പരിപാടിയോടായിരുന്നു എന്നും വിശ്വാസമെന്നും ഗൗരിയമ്മ പറഞ്ഞു.

യുഡിഎഫ് വിടണമെന്ന് ജെഎസ്എസ് പ്രതിിധികളും

ആലപ്പുഴ: ജെഎസ്എസിനെ കൂടെ നിര്‍ത്തി ഇല്ലാതാക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്നും മുന്നണി വിടണമെന്നും ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളന പ്രതിനിധികളും അഭിപ്രായപ്പെട്ടു. ശനിയാഴ്ച രാവിലെ ആരംഭിച്ച പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ചത്. യുഡിഎഫില്‍ തുടരുന്ന ഓരോ നിമിഷവും ജെഎസ്എസ് ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുകയാണെന്ന് ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു.

യുഡിഎഫ് വിടാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ചര്‍ച്ചയില്‍ പങ്കെടുത്ത 28 പ്രതിനിധികളില്‍ 27 പേരും ഇതേ വികാരമാണ് പങ്കുവെച്ചത്. വിയോജിപ്പ് പ്രകടിപ്പിച്ച പ്രതിനിധിയാകട്ടെ ഭൂരിപക്ഷ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നും അറിയിച്ചു. ഞായറാഴ്ച ഏതാനും പ്രതിനിധികള്‍ മാത്രമാണ് പൊതു ചര്‍ച്ചയില്‍ പങ്കെടുക്കുക. അതിനാല്‍ യുഡിഎഫ് വിടാനുള്ള തീരുമാനം ഏകകണ്ഠമാകുമെന്ന് ഉറപ്പായി. 2006ല്‍ ഗൗരിയമ്മയെ അരൂരില്‍ തോല്‍പ്പിച്ചു.

2011ല്‍ ചേര്‍ത്തലയിലും തോല്‍പ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും വേണ്ട പരിഗണന നല്‍കിയില്ല. തന്നതാകട്ടെ തോല്‍ക്കുന്ന സീറ്റുകളും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റിലും തോല്‍പ്പിച്ചു. ജെഎസ്എസിനെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് ഘടകകക്ഷിയായി പരിഗണിച്ചിട്ടില്ലെന്ന് മറ്റൊരു പ്രതിനിധി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. കെ കെ ഷാജുവിന് പ്രോത്സാഹനം നല്‍കി ജെഎസ്എസ് പിളര്‍ന്നെന്ന് വരുത്താന്‍ മുഖ്യമന്ത്രിയാണ് ഗൂഢാലോചന നടത്തുന്നത്.

അരൂര്‍ പഞ്ചായത്ത് ഓഫീസില്‍ കയറി ജെഎസ്എസ് ജനപ്രതിനിധിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ഹരിപ്പാട്ട് ജെവൈഎസ് ജില്ലാ പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്തു. ജെഎസ്എസിനെ നിരന്തരം ദ്രോഹിക്കാനാണ് കോണ്‍ഗ്രസും സര്‍ക്കാരും ശ്രമിക്കുന്നതെന്നും ചില പ്രതിനിധികള്‍ പറഞ്ഞു. പൊതുചര്‍ച്ച ഞായറാഴ്ചയും തുടരും. ഉച്ചയ്ക്ക് ശേഷം ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ മറുപടി പറയും. രാഷ്ട്രീയ പ്രമേയം അംഗീകരിക്കും. പുതിയ കമ്മിറ്റിയെയും തെരഞ്ഞെടുക്കും.

deshabhimani

No comments:

Post a Comment