Wednesday, January 22, 2014

കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് 31ന്

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളുക, റബറിന്റെ ഇറക്കുമതി പൂര്‍ണമായും നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ 31നു ഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കും. കേരളത്തിലെ അഞ്ചുലക്ഷം കര്‍ഷകര്‍ ഒപ്പിട്ട ഭീമഹര്‍ജി പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷി-പരിസ്ഥിതി മന്ത്രിക്കും നല്‍കും. അന്ന് കേരളത്തിലെ എല്ലാ വില്ലേജ് കേന്ദ്രത്തിലും പന്തംകൊളുത്തി പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും.

പശ്ചിമഘട്ടമേഖലയിലെ തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലെ കര്‍ഷകരും പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിനിരക്കും. പശ്ചിമഘട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പുതിയ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും സമിതിയില്‍ സാമൂഹ്യശാസ്ത്രജ്ഞര്‍, പരിസ്ഥിതി വിദഗ്ധര്‍, ഭൗമശാസ്ത്രജ്ഞര്‍, സാമ്പത്തികവിദഗ്ധര്‍, കര്‍ഷകസംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉല്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭ പാതയിലാണ് അഖിലേന്ത്യാ കിസാന്‍സഭ. കേരളത്തില്‍ ഒമ്പതു ലക്ഷം റബര്‍ കര്‍ഷകരും കടുത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. ടയര്‍ കമ്പനികള്‍ വിദേശത്തുനിന്ന് റബര്‍ ഇറക്കുമതി ചെയ്ത് സംഭരിക്കുകയാണ്. ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചാലും റബര്‍ കര്‍ഷകരുടെ പ്രശ്നത്തിന് പരിഹാരം കാണാനാകില്ല. ഈ പശ്ചാത്തലത്തില്‍ റബറിന്റെ ഇറക്കുമതി പൂര്‍ണമായും നിരോധിക്കണം. ഈ ദുരിതപര്‍വത്തില്‍ കേരള കര്‍ഷകസംഘം സംഘടിപ്പിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിലും അനുബന്ധപരിപാടികളിലും എല്ലാകര്‍ഷകരും പങ്കെടുക്കണമെന്ന് കര്‍ഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment