Monday, January 27, 2014

വിനോദ്കുമാര്‍ ബിന്നി നിരാഹാരം തുടങ്ങി; നിര്‍ത്തി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആം ആദ്മി പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ട വിനോദ് കുമാര്‍ ബിന്നി എംഎല്‍എ രാവിലെ തുടങ്ങിയ നിരാഹാരം വൈകീട്ട് അവസാനിപ്പിച്ചു. ഡല്‍ഹിയില്‍ ജന്തര്‍ മന്ദറില്‍ മരണംവരെയായിരുന്നു നിരാഹാരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പാര്‍ടിയുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആംആദ്മി സര്‍ക്കാരിന് 10 ദിവസത്തെ അവധിയനുവദിച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്. നിരാഹാരത്തിന് മുമ്പ് ബിന്നി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗുമായി ചര്‍ച്ച നടത്തിയിരുന്നു. അധികാരത്തിലേറിയിട്ടും വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ മടിക്കുന്ന ആം ആദ്മി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള ബിന്നിയുടെ നിരാഹാരത്തിന് ബിജെപി പിന്തുണ നല്‍കിയിരുന്നു. വംശീയ അധിക്ഷേപം നടത്തിയ നിയമമന്ത്രി സോംനാഥ് ഭാരതിക്കെതിരെ നടപടി വേണമെന്നും ബിന്നി ഗവര്‍ണറോട് ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ ആം ആദ്മി അധികാരത്തിലെത്തിയ ശേഷം വിനോദ് കുമാര്‍ ബിന്നി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും പാര്‍ട്ടിക്കെതിരെയും നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.ആം ആദ്മിയിലെ വിമതസ്വരമായിരുന്ന വിനോദ് കുമാര്‍ ബിന്നിയെ ഇതേത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതാണ് ബിന്നിയെ പ്രകോപിപ്പിച്ചതെന്നാണ് ആം ആദ്മി നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കെജ്രിവാളിനെ ഏകാധിപതിയാക്കാനല്ല ആംആദ്മി പാര്‍ടിക്ക് ജനങ്ങള്‍ വോട്ടുനല്‍കിയതെന്ന് ബിന്നി വാര്‍ത്താസമ്മേളനത്തില്‍ തിരിച്ചടിച്ചിരുന്നു.

എന്നാല്‍ ബിന്നി അധികാരമോഹിയാണെന്നും ലോകസഭാതെരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചതോടെയാണ് പുറത്താക്കാന്‍ തീരുമാനിച്ചതെന്നും ആം ആദ്മി അറിയിച്ചു.ബിന്നിയെ പുറത്താക്കിയതോടെ ആംആദ്മി മന്ത്രിസഭക്ക് കേവല ഭൂരിപക്ഷമായ 36 അംഗങ്ങളെയുള്ളൂ.

deshabhimani

No comments:

Post a Comment