Wednesday, January 29, 2014

പിന്തുണയുമായി ഇതര സംഘടനകളും

ആലപ്പുഴ: ഇടതുപക്ഷ കേരളത്തിന് അടിത്തറയിട്ട വയലാര്‍ സമരഭൂമിയില്‍നിന്ന് സിപിഐ എം ആരംഭിക്കുന്ന കേരളരക്ഷാ മാര്‍ച്ചിന് പിന്തുണയുമായി ഇതര സംഘടനകളും. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച ജെഎസ്എസ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചു. മാര്‍ച്ചിലും പ്രചാരണപ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയിലെ സാംസ്കാരിക സംഘടനകളും സന്നദ്ധ സംഘടനകളും മാര്‍ച്ചില്‍ അണിചേരും.

ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, നാടകരചയിതാവ് ഫ്രാന്‍സിസ് ടി മാവേലിക്കര, നടന്‍ അനൂപ് ചന്ദ്രന്‍, ചെറിയാന്‍ കല്‍പ്പകവാടി, ഗുജറാത്തില്‍ പൊലീസ് വെടിവച്ചുകൊന്ന പ്രാണേഷ്കുമാറിന്റെ അച്ഛന്‍ ഗോപിനാഥപിള്ള, എന്‍എസ്എസ് കുട്ടനാട് താലൂക്ക് മുന്‍ പ്രസിഡന്റ് ജി ത്യാഗരാജന്‍, ആലപ്പി വിവേകാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയില്‍ എട്ട് സ്വീകരണകേന്ദ്രങ്ങളില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

മൂന്നുദിവസങ്ങളിലായി നാലായിരത്തോളം സ്ക്വാഡുകള്‍ ഗൃഹസന്ദര്‍ശനം നടത്തി. വിപുലമായ പ്രചാരണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. മാര്‍ച്ച് പ്രചാരണത്തിന് വെബ് സൈറ്റ് ആരംഭിച്ചു. രാജീവ് ആലുങ്കലും ശരത്ചന്ദ്രവര്‍മയും എഴുതിയ ഗാനങ്ങളുടെ ഓഡിയോ സിഡി പുറത്തിറങ്ങി. എല്ലാ കേന്ദ്രങ്ങളിലും പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുകളും നിറഞ്ഞു. വയലാര്‍ രക്തസാക്ഷിമണ്ഡപത്തിനു സമീപം ഫെബ്രുവരി ഒന്നിന് പകല്‍ മൂന്നിന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനാകും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബി ജോണ്‍ എന്നിവരാണ് മാര്‍ച്ചിലെ അംഗങ്ങള്‍.

deshabhimani

No comments:

Post a Comment