Saturday, January 25, 2014

വള്ള്യാട് മേഖലയില്‍ പൊലീസ് അഴിഞ്ഞാട്ടം

വടകര: വളള്യാട് മേഖലയില്‍ പൊലീസ് അഴിഞ്ഞാടി. സിപിഐ എം പ്രവര്‍ത്തകന്റെ വീട്ടില്‍ കയറിയ പൊലീസ് വീട്ടുപകരണങ്ങള്‍ തകര്‍ത്തു. സ്ത്രീകളെ അസഭ്യം പറഞ്ഞ് കടന്നാക്രമിച്ചു. പുരുഷന്‍മാരില്ലാത്ത സമയത്താണ് പള്ളിയിടിച്ച്കണ്ടി കേളപ്പന്റെ വീട്ടില്‍ കയറി പൊലീസ് ഭീകരത സൃഷ്ടിച്ചത്. കേളപ്പന്റെ ഭാര്യ ലീലയെയും മകന്റെ ഭാര്യയെയും അസഭ്യം പറഞ്ഞ് അക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച പകല്‍ 12നായിരുന്നു അക്രമം. ലീലയെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ള്യാട് നടന്ന ഒരു അക്രമത്തില്‍ മക്കള്‍ പ്രതികളാണെന്നും അവരെ കിട്ടണമെന്നും ആക്രോശിച്ചാണ് പൊലീസ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. ഞങ്ങള്‍ക്കൊന്നും അറിയില്ല അവര്‍ ജോലിക്ക് പോയതാണെന്നറിയിച്ചിട്ടും പൊലീസ് അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ അക്രമം അഴിച്ച് വിടുകയായിരുന്നു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്കും പൊലീസ് എടുത്ത്കൊണ്ട് പോയി.

രണ്ട് ദിവസം മുമ്പ് സിപിഐ എം ബ്രാഞ്ച് ഓഫീസില്‍ കയറി പാര്‍ടി പ്രവര്‍ത്തകരെ പാര്‍ടി വിരുദ്ധ ക്രിമിനല്‍ സംഘം ഭീകരമായി മര്‍ദിച്ചിരുന്നു. യഥാര്‍ഥ പ്രതികളെക്കുറിച്ച് പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ പോലും തയ്യാറാകാത്ത പൊലീസാണ് ഡിവൈഎഫ്ഐ കോട്ടപ്പള്ളി മേഖലാ സെക്രട്ടറി പി കെ റിജേഷും അച്ഛന്‍ സിപിഐ എംഅംഗമായ പി കെ കേളപ്പനും താമസിക്കുന്ന വീട്ടില്‍ കയറി അക്രമം അഴിച്ച്വിട്ടത്. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം സുമംഗലയുടെ വീട്ടിലും പൊലീസ് കയറിയിറങ്ങി. വള്ള്യാട് പ്രദേശത്ത് ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാന്‍ ഏതാനും പാര്‍ടി വിരുദ്ധര്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്രമിച്ച് കൊണ്ടിരിക്കയാണ്. ആറ് മാസം മുമ്പ് പാര്‍ടി അനുഭാവി പുതിയോട്ടില്‍ കുമാരന്റെ വീടിന് ബോംബെറിഞ്ഞു. സിപിഐ എം നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. വള്ള്യാട് പ്രദേശത്തെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന പാര്‍ടി വിരുദ്ധരെ സംരക്ഷിക്കുന്ന പൊലീസ് നിലപാട് തിരുത്തിയില്ലെങ്കില്‍ ജനങ്ങളെ മുഴുവന്‍ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐ എം കോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി റിജേഷിന്റെയും പാര്‍ടി അംഗം കേളപ്പന്റെയും വീട്ടില്‍ കയറി സ്ത്രീകളെ അപമാനിക്കുകയും കടന്നാക്രമിക്കുകയും ചെയ്ത സംഭവത്തില്‍ സിപിഐ എം പ്രതിഷേധിച്ചു. പൊലീസ് അതിക്രമത്തില്‍ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. എന്‍സിപി നേതാക്കളായ കെ കെ നാരായണന്‍, ഒ കുഞ്ഞമ്മദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ആര്‍എംപിക്കാരനെതിരെ നടപടിയെടുക്കണം

ഒഞ്ചിയം: ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തമാക്കപ്പെട്ടവരെ വെട്ടിക്കൊല്ലണമെന്ന്ചാനലില്‍ അഭിമുഖം നടത്തിയ ആര്‍എംപിക്കാരനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഒഞ്ചിയത്തെ പി എം രാഘവന്‍ വള്ളിക്കാട്ടെ സ്തൂപത്തിന് മുമ്പില്‍ നിന്ന് പൊലീസ് സാന്നിധ്യത്തില്‍ ചാനല്‍ അഭിമുഖത്തിലൂടെ പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. വെട്ടിവെട്ടി കൊല്ലണമെന്ന ഭാഗം പ്രാധാന്യത്തോടെ ചാനല്‍ സംപ്രേഷണം ചെയ്തത്. ഇത് സംബന്ധിച്ച് സിപിഐ എം നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. മാധ്യമ മര്യാദകള്‍ ലംഘിച്ച് നടത്തിയ സപ്രേഷണത്തില്‍ ചാനല്‍ അധികൃതരും ഇതേവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. സിപിഐ എം നേതാക്കളുടെ പ്രസംഗങ്ങള്‍ തലനാരിഴകീറി പരിശോധിച്ച് കേസെടുക്കുന്ന പൊലീസിന്റ പക്ഷപാതിത്വത്തിനെതിരെയുംആര്‍എംപി പ്രീണനത്തിനെതിരെയും ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.

deshabhimani

No comments:

Post a Comment