Thursday, January 23, 2014

നന്ദിഗ്രാം വെടിവയ്പ് : തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രണം: സിബിഐ

ബംഗാളില്‍ ഇടതുമുന്നണിയെ വേട്ടയാടിയ നന്ദിഗ്രാം വെടിവയ്പിലേക്കു നയിച്ച സംഭവങ്ങള്‍ക്കു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നെന്ന് വ്യക്തമായി. കേസ് അന്വേഷിച്ച സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വെടിവയ്പിലേക്ക് നയിച്ച അനിഷ്ടസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഭൂരിപക്ഷം പേരും തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരുമാണെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2007 മാര്‍ച്ച് 14നാണ് 13 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടന്നത്. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവുപ്രകാരം അനേഷണം ഏറ്റെടുത്ത സിബിഐ ആറരവര്‍ഷത്തിനു ശേഷമാണ് ഹാല്‍ദിയ സബ്ഡിവിഷണല്‍ കോടതിയില്‍ രണ്ട് കുറ്റപത്രം സമര്‍പ്പിച്ചത്. നന്ദിഗ്രാമില്‍ ഭംഗബേരാ പാലം, ഗോകുല്‍ നഗര്‍ എന്നിവിടങ്ങളിലാണ്് വെടിവയ്പ് നടന്നത്. രണ്ട് കുറ്റപത്രത്തിലും മുഖ്യപ്രതികളില്‍ ഭൂരിഭാഗവും തൃണമൂലുകാരാണ്.

അന്നത്തെ സംസ്ഥാനസര്‍ക്കാര്‍ ക്രമസമാധാനം സംരക്ഷിക്കുന്നതിന് വേണ്ട മുന്നറിയിപ്പോടെയാണ് പൊലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചത്. പൊലീസിനെ തടയാന്‍ ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധ കമ്മിറ്റിയുടെ പേരില്‍ നിയമരഹിതമായി ജനങ്ങളെ സംഘടിപ്പിച്ച് പ്രകോപനം സൃഷ്ടിച്ചു. ജനങ്ങളുടെയിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുകയും പൊലീസിനെ ലക്ഷ്യമാക്കി വെടിവയ്ക്കുകയും ബോംബ് എറിയുകയും ചെയ്തു. ഭംഗബേരായില്‍ 129 പേരുടെ പേരിലും ഗോകുല്‍ നഗറില്‍ 37 പേരുടെ പേരിലുമാണ് കുറ്റം ചുമത്തിയത്. ഇതില്‍ ഭൂരിപക്ഷം പേരും തൃണമൂലിന്റെ സജീവപ്രവര്‍ത്തകരാണ്. സ്ഥിതി ശാന്തമാക്കാന്‍ ജില്ലാ ഭരണനേതൃത്വവും പൊലീസും എല്ലാശ്രമവും നടത്തിയതായും അതിനായി രാഷ്ട്രീയകക്ഷികളുടെയും ഭൂമി ഏറ്റെടുക്കല്‍ വിരോധ കമ്മിറ്റിക്കാരുടെയും നിരവധി യോഗം വിളിച്ചിരുന്നെന്ന് സിബിഐ കുറ്റപത്രത്തില്‍ എടുത്തുകാട്ടി. സ്ഥിതി മെച്ചപ്പെട്ടില്ലെന്നു മാത്രമല്ല നിയന്ത്രണം വിടുകയും ചെയ്തു. അതിനാല്‍ പൊലീസിന് കൂടുതല്‍ ഇടപെടേണ്ടി വന്നു.

വെടിവയ്പിലേക്ക് നയിച്ച സംഭവത്തിന് ഇടയായ കാരണങ്ങളെ കുറിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടിലും ഉള്ളത്. നന്ദിഗ്രാമിന്റെ പേരില്‍ കലാപം സൃഷ്ടിച്ച് അധികാരത്തിലെത്തിയ മമത ബാനര്‍ജി അധികാരത്തില്‍ വന്നതിനുശേഷം കേസുമായി ബന്ധപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ സിബിഐ സംഘത്തിന് അനുമതി ലഭിച്ചിരുന്നില്ല. പല നിര്‍ണായക വിവരവും അതുകൊണ്ട് പുറത്തുവന്നിട്ടില്ല.

ഗോപി deshabhimani

No comments:

Post a Comment