Tuesday, January 21, 2014

ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സിപിഐ എം ഏരിയ സെക്രട്ടറിയുടെ ഷോപ്പിങ് കോംപ്ലക്സിനെ പരാമര്‍ശിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രം പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിവിധി. നിരുപാധികം മാപ്പുപറഞ്ഞുള്ള പ്രസ്താവന പത്രത്തിന്റെ ഒന്നാംപേജില്‍ ആറുമാസത്തിനകം പ്രസിദ്ധീകരിക്കാനും തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സബ്കോടതി ജഡ്ജി കെ എസ് അംബിക ഉത്തരവായി. റഷീദിന്റെ രാഷ്ട്രീയജീവിതം തകര്‍ക്കും വിധമാണ് വസ്തുതകള്‍ അന്വേഷിക്കാതെ കഥ മെനഞ്ഞത് എന്ന് കോടതി നിരീക്ഷിച്ചു.

സിപിഐ എം പാളയം ഏരിയ സെക്രട്ടറിയായ അഡ്വ. എ എ റഷീദ് നേരത്തെ കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് മെമ്പര്‍ ആയിരുന്നു. ഈ കാലയളവില്‍ നടന്ന അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിലേക്കുള്ള നിയമനം സംബന്ധിച്ച് ലോകായുക്തയില്‍ കേസുകള്‍ ഉണ്ടായിരുന്നു. നിയമനം നടന്ന കാലയളവിലാണ് റഷീദ് ഷോപ്പിങ് കോംപ്ലക്സ് പണിതത് എന്ന് വാര്‍ത്തയില്‍ പരാമര്‍ശമുണ്ടായിരുന്നു. സാമ്പത്തിക സ്രോതസ് സംബന്ധിച്ച് റഷീദ് നല്‍കിയ വിശദീകരണംപോലും ദുരൂഹത സൃഷ്ടിക്കുന്നു എന്ന വ്യാഖ്യാനത്തോടെയാണ് ഷോപ്പിങ് കോംപ്ലക്സിന്റെ ചിത്രം സഹിതം രണ്ടുദിവസങ്ങളിലായി വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അസിസ്റ്റന്റ് ഗ്രേഡ്-2 നിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത കേസ് അന്വേഷിക്കാന്‍ റിട്ട. ജഡ്ജി എന്‍ സുകുമാരന്റെ നേതൃത്വത്തില്‍ ഉന്നത അധികാര സമിതിയെ ഹൈക്കോടതി നിയമിച്ചിരുന്നു. ആ സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ എ എ റഷീദിന്റെ നിരപരാധിത്വം വ്യക്തമാക്കിയിരുന്നു. അത് ഹൈക്കോടതിയും ലോകായുക്തയും അംഗീകരിച്ചു. വാര്‍ത്തയില്‍ അഴിമതിയുടെ സൂചനയില്ലായിരുന്നുവെന്നും വാസ്തുശാസ്ത്രം തെറ്റെന്ന് കാണിക്കാനാണ് വാര്‍ത്ത കൊടുത്തത് എന്നുമായിരുന്നു ലേഖകന്‍ സബ്ലു തോമസ് കോടതിയില്‍ നല്‍കിയ മൊഴി. പൊതുതാല്‍പ്പര്യം കണക്കിലെടുത്താണ് വാര്‍ത്ത നല്‍കിയത് എന്ന പ്രതിഭാഗം വാദവും കോടതി തള്ളി. കെട്ടുകഥയുണ്ടാക്കിയ അപകീര്‍ത്തിയും മനോവിഷമവും പണംകൊണ്ട് പരിഹരിക്കാവുന്നതല്ലെന്ന് വിലയിരുത്തിയാണ് നിരുപാധികം മാപ്പ് പറയാന്‍ പത്രത്തിന്റെ ഉടമസ്ഥരോടും ചീഫ് എഡിറ്ററോടും കോടതി ഉത്തരവിട്ടത്. അഡ്വ. എ എ റഷീദിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ എസ് വി രാജന്‍ ഹാജരായി.

deshabhimani

No comments:

Post a Comment