നൂറു കോടിയിലധികം കിട്ടാക്കടമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരം വിവരാവകാശപ്രകാരം നല്‍കാനാവില്ലെന്ന് വീണ്ടും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ പ്രയോജനം ലഭിച്ച കോര്‍പറേറ്റുകളുടെ വിവരങ്ങള്‍ പുറത്തറിയാതിരിക്കാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഈ നടപടി സ്വീകരിക്കുന്നതെന്ന് ബാങ്കിങ്രംഗത്തെ വിദഗ്ധര്‍ പറയുന്നു. കിട്ടാക്കടം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യസ്വഭാവമുള്ളതാണെന്നും അതിനാലാണ് ഇതു വെളിപ്പെടുത്താതിരിക്കുന്നതെന്നും എസ്ബിഐ സ്ട്രെസ്ഡ് അസ്സെറ്റ്സ് മാനേജ്മെന്റ് ഗ്രൂപ്പ് (എസ്എഎംജി) മുംബൈ ജനറല്‍ മാനേജര്‍ വ്യക്തമാക്കി. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപ്പീലിലാണ് എസ്ബിഐ ഇക്കാര്യം വിശദമാക്കിയത്. ഇതേ ആവശ്യമുന്നയിച്ച് ആദ്യം അപേക്ഷ സമര്‍പ്പിച്ചപ്പോഴും കിട്ടാക്കടം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന നിലപാടിലായിരുന്നു എസ്ബിഐ അധികൃതര്‍. ഇതേത്തുടര്‍ന്ന് അപ്പലേറ്റ് അതോറിറ്റിയായ എസ്എഎംജി ജനറല്‍ മാനേജര്‍ക്ക് അപ്പീല്‍ നല്‍കി. ഇവിടെയും ആവശ്യം നിരാകരിക്കുകയായിരുന്നു. വിവരാവകാശ നിയമത്തിലെ 8(1) ഇ, 8(1) ഐ, 8(1) ഡി എന്നീ വ്യവസ്ഥകള്‍ പ്രകാരമാണ് വിവരങ്ങള്‍ നല്‍കാത്തതെന്ന് അപ്പീലിനു നല്‍കിയ മറുപടിയില്‍ പറയുന്നു.
എന്നാല്‍, ബാങ്കിന്റെ നടപടി വിവരാവകാശനിയമം അനുശാസിക്കുന്നതിന് വിരുദ്ധമാണെന്ന് ബാങ്കിങ്രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ നിയമത്തിലെ 8(1) ഇ വകുപ്പ് അനുസരിച്ച് വിദേശസര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടുള്ള രഹസ്യവിവരമാണ് വെളിപ്പെടുത്തലില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 8(1) ഐ അനുസരിച്ച് വ്യക്തിഗതവും പൊതുതാല്‍പ്പര്യവുമായി ബന്ധമില്ലാത്തതും സ്വകാര്യതയെ ബാധിക്കുന്നതുമായ വിവരം നല്‍കേണ്ടതില്ല. കേന്ദ്ര പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ അപ്പീല്‍ അധികാര സ്ഥാപനത്തിനോ ഭൂരിപക്ഷ പൊതുതാല്‍പ്പര്യത്തിനു വിരുദ്ധമാണെന്നു വ്യക്തമായാല്‍ വിവരം നല്‍കാതിരിക്കാം. എന്നാല്‍, പാര്‍ലമെന്റിനോ സംസ്ഥാന നിയമസഭയ്ക്കോ നിഷേധിക്കാവുന്നതല്ലാത്ത വിവരം ഏതെങ്കിലും വ്യക്തിക്ക് നല്‍കാതിരിക്കാന്‍ പാടില്ല. 8(1) ഡി അനുസരിച്ച് പൊതുമുതലിന്റെ വിവരം നല്‍കാന്‍ ഭൂരിപക്ഷ താല്‍പ്പര്യം ആവശ്യപ്പെടുന്നെന്ന് ബോധ്യമാവുമ്പോഴല്ലാതെ വ്യക്തിക്ക് വിവരം കൈമാറേണ്ടതില്ല. ബാങ്കിങ് റെഗുലേഷന്‍ ആക്ട് അനുസരിച്ച് ഇടപാടുകാരന്റെ വരുമാനം, വരുമാന സ്രോതസ്സ്, വ്യക്തിഗത വിവരങ്ങള്‍ എന്നിവയാണ് വെളിപ്പെടുത്തേണ്ടതില്ലാത്തത്. എന്നാല്‍, ജനങ്ങളുടെ പണം കൈകാര്യംചെയ്യുന്ന സ്ഥാപനം എന്ന നിലയില്‍ അത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിശദീകരിക്കാന്‍ ബാങ്കിന് ബാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
deshabhimani
No comments:
Post a Comment