ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നുതവണ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിനുശേഷം ഡീസലിന്റെ വിലനിയന്ത്രണംകൂടി എടുത്തുകളയുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യത്തെ ജനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ്. ആഗോളവിപണിയിലെ വിലയ്ക്കനുസരിച്ച് രാജ്യത്ത് എണ്ണവില നിശ്ചയിക്കാനുള്ള പൂര്‍ണമായ അവകാശമാണ് കമ്പനികള്‍ക്ക് ഇതോടെ ലഭിക്കുന്നത്. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളയുന്ന തീരുമാനം നേരത്തെ സര്‍ക്കാര്‍ എടുത്തിരുന്നു. രാജ്യത്ത് മൊത്തം ഉപയോഗിക്കുന്ന ഇന്ധനത്തില്‍ നല്ലൊരു പങ്കും ഡീസലാണ്. ഡീസലിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ചരക്കുകടത്തുനിരക്കില്‍ നേരിട്ട് പ്രതിഫലിക്കും. എല്ലാ അവശ്യസാധനങ്ങളുടെ വിലയും ഇതോടെ കുതിച്ചുകയറും. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയായിരിക്കും ഇതോടെ ഉണ്ടാവുക. രാജ്യത്തെ കര്‍ഷകരെയും ഇത് പ്രതികൂലമായി ബാധിക്കും. മഹാഭൂരിപക്ഷം കര്‍ഷകരും ജലസേചനത്തിനായി ഉപയോഗിക്കുന്നത് ഡീസലാണ്. ലക്ഷക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ പുതിയ തീരുമാനം സൃഷ്ടിക്കുന്ന പ്രത്യാഘാതം വിവരണാതീതമായിരിക്കും.
കഴിഞ്ഞ ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയം ധനമന്ത്രി വ്യക്തമാക്കിയിരുന്നു. വില നിശ്ചയിക്കാനുള്ള ബാധ്യതയോ ഉത്തരവാദിത്തമോ സര്‍ക്കാരിനില്ലെന്നും അത് നിര്‍ണയിക്കുന്നത് കമ്പോളത്തിന്റെ നിയത നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു. മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസിന്റെ ഇന്നത്തെ നേതൃത്വവും സ്വീകരിച്ച നയമാണ് അതിലൂടെ വ്യക്തമാക്കിയത്. പൊതുമേഖലയ്ക്ക് പ്രാധാന്യം നല്‍കുകയും സര്‍ക്കാര്‍ ഇടപെടലുകളിലൂടെ നിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്ത നെഹ്റുവിന്റെ നയങ്ങളെ നിഷ്കരുണം തള്ളിക്കളഞ്ഞ് പുതിയ സാമ്പത്തികനയം 1991ല്‍ നടപ്പാക്കിയ മന്‍മോഹന്‍സിങ് അതിവേഗത്തില്‍ ഉദാരവല്‍ക്കരണപ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനാണ് ശ്രമിക്കുന്നത്. എല്ലാം കമ്പോളം തീരുമാനിക്കുമെന്ന കഴുത്തറുപ്പന്‍ മൂലധന മുദ്രാവാക്യമാണ് ഈ സര്‍ക്കാര്‍ പിന്തുടരുന്നത്.
ജി 20 ഉച്ചകോടി കഴിഞ്ഞുള്ള മടക്കയാത്രയുടെ സന്ദര്‍ഭം പുതിയ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി തെരഞ്ഞെടുത്തത് ബോധപൂര്‍വമാണ്. അമേരിക്കയ്ക്കും ആഗോളമൂലധനശക്തികള്‍ക്കും നല്‍കിയ ഉറപ്പ് പരസ്യമാക്കുകയാണ് ഇതിലൂടെ പ്രധാനമന്ത്രി ചെയ്തത്. വിലനിയന്ത്രണം എടുത്തുകളയുന്നതിനൊപ്പം എണ്ണക്കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടിയും വേഗത്തിലാക്കിയിട്ടുണ്ട്. ഇതുകൂടി കഴിഞ്ഞാല്‍ മണ്ണെണ്ണയുടെയും പാചകവാതകവത്തിന്റെയും വിലയും കമ്പോളം തീരുമാനിക്കും.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം നയങ്ങള്‍ നടപ്പാക്കുന്നതിന് കോണ്‍ഗ്രസും മന്‍മോഹന്‍സിങ്ങും ആഗ്രഹിച്ചിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദംമൂലം അത് നടക്കാതെ പോയി. ആ കാലത്ത് ജനജീവിതം കൂടുതല്‍ ദുസ്സഹമാകാതിരിക്കുന്നത് ഇടതുപക്ഷം നടത്തിയ ജനപക്ഷ ഇടപെടലിന്റെ ഭാഗമായാണ്. ഇപ്പോള്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍, സുരക്ഷിത ഭൂരിപക്ഷം ഈ സര്‍ക്കാരിനില്ലെന്നും അധികാരം നിലനിര്‍ത്തുന്നതിനായി തരംതാണ കളികള്‍വരെ നടത്തേണ്ടിവരുമെന്നും കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം തെളിയിച്ചിരുന്നു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന് വിശാലമായ സമരനിര ഉയര്‍ന്നിട്ടുണ്ട്. രണ്ടാം യുപിഎ ഘടകകക്ഷികളില്‍ ചിലത് ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഏത് പക്ഷത്തു നില്‍ക്കുന്നെന്ന ചോദ്യം പ്രസക്തമായി ഉയരുന്ന സന്ദര്‍ഭങ്ങളിലൊന്നാണ് ഇത്. കേരളത്തില്‍ യുഡിഎഫിന് ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ടികളും ഇതിന് ഉത്തരം കാണേണ്ടിവരും. സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യംമാത്രമുള്ള ഈ പാര്‍ടികള്‍ മടികാണിച്ചാലും അവയ്ക്കു പുറകില്‍ അണിനിരന്നിട്ടുള്ള ജനങ്ങള്‍ തിരിച്ചറിവോടെ നിലപാട് സ്വീകരിക്കും. രാജ്യത്തിന്റെ സ്വാശ്രയത്വത്തെയും സ്വാതന്ത്ര്യത്തെയുംവരെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ ഉയരുന്ന പ്രതിഷേധനിരയില്‍ അവരും അണിചേരുകതന്നെ ചെയ്യും.
ദേശാഭിമാനി മുഖപ്രസംഗം 01072010

ReplyDelete