Friday, April 5, 2013

വികാര പ്രകടനങ്ങള്‍ ശത്രുക്കളെ മാത്രമേ സഹായിക്കൂ: സിപിഐ എം


ആലപ്പുഴ: പാര്‍ടി മാനദണ്ഡങ്ങള്‍ പാലിച്ചാണ് കഞ്ഞിക്കുഴി, അരൂര്‍ ഏരിയാകമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചതെന്ന് സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അറിയിച്ചു. ഇക്കാര്യത്തിലുള്ള വികാര പ്രകടനങ്ങള്‍ ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ. പാര്‍ടി അച്ചടക്കം പാലിക്കുവാനും സിപിഐ എമ്മിന്റെ കരുത്ത് സംരക്ഷിക്കുവാനും സംയമനത്തോടെ പ്രശ്നങ്ങളെ സമീപിക്കുവാന്‍ പാര്‍ടി ഘടകങ്ങളും പ്രവര്‍ത്തകരും തയ്യാറാകണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു അഭ്യര്‍ത്ഥിച്ചു.

ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടന്ന സമ്മേളനങ്ങളെ സംബന്ധിച്ച് പാര്‍ടി സംസ്ഥാനക്കമ്മിറ്റിയും കീഴ്കമ്മിറ്റികളും വിശദമായി പരിശോധിച്ചിരുന്നു. സമ്മേളനങ്ങള്‍ അംഗീകരിച്ച ഭാവിചുമതലകള്‍ നടപ്പാക്കുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാണ്. സമ്മേളനത്തിന്റെ ഭാഗമായി സംഭവിച്ച അപാകതകള്‍ പരിഹരിച്ച് പാര്‍ടിയെ ശരിയായ നിലയില്‍ പ്രവര്‍ത്തിപ്പിക്കുക എന്നതും പ്രധാന ഉത്തരവാദിത്വമാണ്. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ സമ്മേളനങ്ങള്‍ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയത്. സമ്മേളനം സംബന്ധിച്ച പാര്‍ടി മാനദണ്ഡങ്ങള്‍ ലംഘിച്ച സ്ഥലങ്ങളില്‍ ആവശ്യമായ തിരുത്തല്‍ പ്രക്രിയ ആവശ്യമാണെന്നും ജില്ലാകമ്മറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അരൂര്‍, കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുവാനും കുട്ടനാട്, അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര ഏരിയാ കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ചില പ്രവര്‍ത്തകരെ അതാത് ഏരിയാകമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുവാനും തീരുമാനിച്ചു.

അരൂര്‍, കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ച തീരുമാനം നിലവിലുള്ള കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാര്‍ച്ച് 31ന് രണ്ട് ഏരിയക്കമ്മിറ്റികളും വിളിച്ചിരുന്നു. അരൂര്‍ ഏരിയയില്‍ യോഗം നടന്നു. കഞ്ഞിക്കുഴിയില്‍ നിലവിലുള്ള സെക്രട്ടറി സി കെഭഭാസ്കരന്‍ എത്താതിരുന്നതിനാല്‍ യോഗം കൂടിയില്ല. ഏപ്രില്‍ ഒന്നിന് ജില്ലാസെക്രട്ടറി സി കെ ഭാസ്കരനെ നേരില്‍ കണ്ടപ്പോള്‍ ആശുപത്രിയില്‍ പോകേണ്ടിവരുമെന്ന് പറഞ്ഞതിന്റെയടിസ്ഥാനത്തിലാണ് ഏപ്രില്‍ രണ്ടിന് കഞ്ഞിക്കുഴി ഏരിയാകമ്മിറ്റിയോഗം പാര്‍ടി ജില്ലാക്കമ്മറ്റി മുന്‍കയ്യെടുത്ത് വിളിച്ചുകൂട്ടിയത്. ആ യോഗം കൂടുകയും ചെയ്തു. ഉള്‍പ്പാര്‍ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ടിയില്‍ തീരുമാനങ്ങളോട് യോജിക്കുന്നതുപോലെ തന്നെ വിയോജിക്കുന്നതിനും അവസരമുണ്ട്. സമ്മേളനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ പാര്‍ടി ജില്ലാകമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ്. അതില്‍ വിയോജിപ്പുള്ളവര്‍ക്ക് ഉയര്‍ന്ന ഘടകങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാന്‍ അവസരമുണ്ട്. ചൊവ്വാഴ്ച ചേര്‍ന്ന കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയിലും ഇക്കാര്യം ചര്‍ച്ച ചെയ്തു. സംഘടനാതത്വങ്ങളുടെയും പാര്‍ടി മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് സിപിഐ എം തീരുമാനമെടുക്കുന്നത്. ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും പരിഹാരം തേടാനും അതിന്റേതായ മാര്‍ഗമുണ്ട്. പാര്‍ടി തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിക്കുന്നതും പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുന്നതും നല്ലപ്രവണതയല്ലെന്നും ചന്ദ്രബാബു പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 050413

No comments:

Post a Comment