Monday, April 22, 2013

മലപ്പുറത്തിന്റെ സൌമ്യസാന്നിധ്യം

deshabhimani 220413

മലപ്പുറത്തിന്റെ സൗമ്യസാന്നിധ്യം

മലപ്പുറം: ലാളിത്യമായിരുന്നു ഉമ്മര്‍ മാഷിന്റെ മുഖമുദ്ര. കലര്‍പ്പുകളില്ലാത്ത ആ വ്യക്തിമഹിമ മരണംവരെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായി. മലപ്പുറത്തിന്റെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളെ തന്റെ നിര്‍ഭയമായ പൊതുപ്രവര്‍ത്തന രീതികൊണ്ട് അദ്ദേഹം മറികടന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന് ജില്ലയില്‍ ആഴവും വേരും ഉണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ജില്ലയ്ക്ക് നഷ്ടമായത്.

ദരിദ്രപൂര്‍ണമായ ജീവിത സാഹചര്യങ്ങളോട് പടപൊരുതിയാണ് ഉമ്മര്‍ മാസ്റ്റര്‍ ബാല്യം പിന്നിട്ടത്. പത്താം ക്ലാസ് പഠനത്തിനുശേഷം റൊട്ടി വിറ്റ് ഉപജീവനം കണ്ടെത്തി. മണ്ണഴി എയുപി സ്കൂളില്‍ പ്യൂണായി ജോലി ലഭിച്ചപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇടവേള നല്‍കിയില്ല. സ്കൂളിലെ അധ്യാപകനും കമ്യൂണിസ്റ്റ് പാര്‍ടി നേതാവുമായ പി വി കൃഷ്ണന്‍ നായര്‍ മാഷിന്റെ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി. ജോലിക്കിടയില്‍ ടിടിസി പാസായി ഇതേ സ്കൂളില്‍ അധ്യാപകനായി. അധ്യാപക സംഘടനാ രംഗത്തും സജീവമായി. 1993 ല്‍ സ്കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ചതോടെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. അടിയന്തരാവസ്ഥയുടെ കാലയളവില്‍ ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം ഒളിവിലായപ്പോള്‍ അണികളെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള ചുമതല ഉമ്മര്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായിരുന്നു. സ്കൂള്‍ മാനേജ്മെന്റിന്റെ കുടത്ത വെല്ലുവിളികളെയും പൊലീസ് ഭീകരതയെയും കൂസലില്ലാതെ അദ്ദേഹം നേരിട്ടു. മിച്ചഭൂമി സമരമുള്‍പ്പെടെ ജില്ലയിലെ പ്രധാന പ്രക്ഷോഭ സമരമുഖങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. 1979-84 കാലയളവില്‍ പൊന്മള പഞ്ചായത്ത് പ്രസിഡന്റായി. അവികസത പ്രദേശമായിരുന്ന പൊന്മളയെ വികസനപന്ഥാവിലേക്ക് ഉയര്‍ത്തിയതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഏറെക്കാലമായി ഹൃദ്രോഗബാധിതനായ അദ്ദേഹം അതിനെ അവഗണിച്ചും പൊതുരംഗത്ത് സജീവമായിരുന്നു. തിരൂരില്‍ നടന്ന കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിഷേയന്‍ സംസ്ഥാന സമ്മേളനത്തിലാണ് അവസാനമായി പങ്കെടുത്തത്.

മികച്ച സംഘാടകന്‍: പിണറായി

തിരു: മലപ്പുറം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് നിര്‍ണായക സംഭാവന നല്‍കിയ സമര്‍ഥനായ സംഘാടകനായിരുന്നു കെ ഉമ്മര്‍ മാസ്റ്ററെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വര്‍ഗീയത ഇളക്കി ജനങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ന്യൂനപക്ഷ സമുദായ സംഘടനകളും കക്ഷികളും നടത്തുന്ന ശ്രമങ്ങള്‍ക്ക് തടയിടാനും ഒറ്റപ്പെടുത്താനും വേണ്ടി മതനിരപേക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ ഉമ്മര്‍ മാസ്റ്റര്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. സാമുദായിക വേര്‍തിരിവും കലാപവും സൃഷ്ടിക്കാന്‍ ഛിദ്രശക്തികള്‍ നടത്തിയ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ഉമ്മര്‍മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉപകരിച്ചിട്ടുണ്ട്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര കരുത്തും സംഘടനാ അച്ചടക്കവും പാലിച്ച് പ്രതിസന്ധി ഘട്ടങ്ങളിലടക്കം പ്രസ്ഥാനത്തെ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വപരമായ പങ്കു വഹിച്ചു.

പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചുവന്ന ഉമ്മര്‍ മാസ്റ്റര്‍ രണ്ടു ഘട്ടങ്ങളിലായി മലപ്പുറത്ത് പാര്‍ടി ജില്ലാ സെക്രട്ടറിയായിരുന്നു. അധ്യാപകനായിരുന്ന അദ്ദേഹം കര്‍ഷകരെ സംഘടിപ്പിച്ചാണ് പ്രസ്ഥാനത്തില്‍ സജീവമായത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്ന ഉമ്മര്‍ മാസ്റ്റര്‍ അടിയന്തരാവസ്ഥ കാലയളവില്‍, പാര്‍ടിയുടെ നല്ലൊരു പങ്ക് നേതാക്കള്‍ ഒളിവിലും ജയിലിലുമായിരുന്നപ്പോള്‍ മലപ്പുറം ജില്ലാ കേന്ദ്രത്തിലെ പരസ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും സവിശേഷമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഉമ്മര്‍ മാസ്റ്ററുടെ നിര്യാണത്തില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി അഗാധമായ ദുഃഖവും അനുശോചനവും പിണറായി അറിയിച്ചു.

No comments:

Post a Comment