Friday, April 5, 2013

അതിജീവനത്തിന് ഐക്യനിര ഉയര്‍ത്തുക

എം കെ പന്ഥെ നഗര്‍ (കണ്ണൂര്‍): സാധാരണക്കാരുടെ ഉപജീവന മാര്‍ഗങ്ങളെ കടന്നാക്രമിച്ച് നവ ഉദാരനയങ്ങളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തൊഴിലാളിവര്‍ഗം മുഴുവന്‍ കൂടുതല്‍ ഐക്യപ്പെട ണമെന്ന് സിഐടിയു ആഹ്വാനം ചെയ്തു. തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങളും ഉപജീവനവും സമ്പദ്ഘടനയുടെ താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ സംഘടിത- അസംഘടിത മേഖലകളില്‍ ഐക്യത്തോടെയുള്ള സമരം വ്യാപിപ്പിക്കണമെന്നും പതിനാലാം അഖിലേന്ത്യാ സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ അവതരിപ്പിച്ച പ്രമേയത്തെ സ്വദേശ് ദേബ്റോയ് പിന്താങ്ങി.

കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ സംഘടനകളും പത്ത് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ രണ്ടുദിവസത്തെ അഖിലേന്ത്യാ പണിമുടക്കിനോട് ആവേശകരമായി പ്രതികരിച്ച തൊഴിലാളികളെ പ്രമേയം അഭിനന്ദിച്ചു. പണിമുടക്കിനെ പിന്തുണച്ച ബഹുജനങ്ങളോടും സമ്മേളനം കൃതജ്ഞത പ്രകടിപ്പിച്ചു. ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനം ഒന്നടങ്കം തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവല്‍പ്രശ്നങ്ങളില്‍ പൊതുസമരവേദിയില്‍ അണിനിരന്ന് ഐക്യനിര ഉയര്‍ത്തി. തൊഴിലാളി സംഘടനകളുടെ ഐക്യം മാത്രമല്ല, വ്യവസായ- സേവനമേഖലകളിലെ സംഘടിതരും അസംഘടിതരുമായ തൊഴിലാളികളുമാണ് പൊതുപണിമുടക്കില്‍ ഒന്നിച്ചത്. ഇനിയുള്ള സമരങ്ങളിലും ഈ ഐക്യം നിലനിര്‍ത്താന്‍ സിഐടിയു മുന്നണിയിലുണ്ടാവും. തൊഴിലാളികളെ മാത്രമല്ല, നവ ഉദാരനയങ്ങളുടെ ആക്രമണങ്ങള്‍ക്കിരയാവുന്ന ബഹുജനങ്ങളെക്കൂടി പൊതുസമരവേദിയില്‍ അണിനിരത്തണം- പ്രമേയം ആഹ്വാനം ചെയ്തു.

തുടര്‍പ്രക്ഷോഭത്തിന് ആഹ്വാനം

കണ്ണൂര്‍: സിഐടിയു ദേശീയ സമ്മേളന വേദിയിലും ഐക്യ ട്രേഡ് യൂണിയന്‍ സമ്മേളനത്തിലും ഉയര്‍ന്നത് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിനുള്ള ആഹ്വാനം. ഫെബ്രുവരിയിലെ പണിമുടക്കിന്റെ തീ അണയാതെ തൊഴിലാളികളുടെ ഐക്യം തുടരണമെന്ന് 11 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതാക്കള്‍ ഉദ്ഘാടന വേദിയില്‍ ഒറ്റ സ്വരത്തില്‍ ആവശ്യപ്പെട്ടു. ലോക ട്രേഡ് യൂണിയന്റെയും ഐഎല്‍ഒയുടെയും പ്രതിനിധികള്‍ ഇതിനെ പിന്തുണച്ചു. ഭരണകൂടത്തിന്റെ നിരന്തര അക്രമത്തിനിരയായ തൊഴിലാളികളുടെ പ്രത്യാക്രമണമാണ് ഫെബ്രുവരിയിലെ പണിമുടക്കെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത ഉറപ്പിക്കുന്നു. സര്‍ക്കാര്‍ കടന്നാക്രമിച്ചാല്‍ തൊഴിലാളികള്‍ തിരിച്ചടിക്കും. ശക്തിപ്പെട്ട ഐക്യം സര്‍ക്കാര്‍ നയം മാറ്റിക്കാനുള്ള തുടര്‍ പ്രക്ഷോഭത്തിന് കരുത്തേകുമെന്നും ഇതിന് സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടാവുമെന്നും ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു.

തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഐഎന്‍ടിയുസി എക്കാലവും മുന്നിലുണ്ടാവുമെന്ന് വൈസ് പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക നയം തിരുത്തിക്കുന്നതിനപ്പുറം നയം നിര്‍ണയിക്കുന്ന ശക്തിയായി തൊഴിലാളികളെ മാറ്റുന്നതിനുള്ള സമരമാണ് ഇനി വേണ്ടതെന്ന് ബിഎംഎസ് സെക്രട്ടറി ദൊരൈരാജ് പറഞ്ഞു. നവലിബറല്‍ നയങ്ങളെ പരാജയപ്പെടുത്താന്‍ ലോകമാകെ തൊഴിലാളികളുടെ കൂട്ടായ്മ ശക്തിപ്പെടുകയാണെന്നും അതില്‍ സിഐടിയുവിന്റെ പങ്ക് പരമപ്രധാനമാണെന്നും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) പ്രതിനിധി ഏരിയല്‍ കാസ്ട്രോ പറഞ്ഞു. തൊഴില്‍ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ചൂഷണത്തിന്റെ സ്വഭാവവും മാറി. തൊഴിലിന്റെ കരാര്‍വല്‍ക്കരണം രൂക്ഷമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. നവലിബറല്‍ സാമ്പത്തികനയങ്ങളുടെ കാലഘട്ടത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് പൂര്‍ണമായും സ്ത്രീകളാണെന്ന് സേവാ സെക്രട്ടറി സോണിയ ജോര്‍ജ് പറഞ്ഞു.

ഇന്ത്യയില്‍ നടന്ന 48 മണിക്കൂര്‍ പണിമുടക്ക് അന്താരാഷ്ട്രതലത്തിലെ തൊഴിലാളി പോരാട്ടങ്ങള്‍ക്ക് പ്രചോദനമായതായി വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് പ്രതിനിധി അലക്സാന്‍ഡ്ര ലിംപേരി പറഞ്ഞു. ടിയുസിസി ജനറല്‍ സെക്രട്ടറി എസ് പി തിവാരി, എഐയുടിയുസി വൈസ് പ്രസിഡന്റ് സി കെ ലൂക്കോസ്, എല്‍പിഎഫ് ജനറല്‍ സെക്രട്ടറി എം ഷണ്‍മുഖന്‍ എന്നിവരും തൊഴിലാളികളുടെ ഐക്യം പരമപ്രധാനമാണെന്ന് വ്യക്തമാക്കി. സുശീലാഗോപാലന്‍ നഗറില്‍( കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍) നടന്ന ഐക്യ ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അധ്യക്ഷനായി. ബിഎംഎസ് സെക്രട്ടറി ദൊരൈരാജ്, അബനിറോയി, പി എം ദിനേശന്‍, എസ് ദേബ്റോയ് എന്നിവര്‍ സംസാരിച്ചു. ബാന്റ് ഡിസ്പ്ലേയില്‍ സമ്മാനാര്‍ഹരായ ഏരിയകള്‍ക്ക് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉപഹാരം നല്‍കി. സിഐടിയു ജില്ലാജനറല്‍ സെക്രട്ടറി സി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
(പി സുരേശന്‍)

യുഡിഎഫ് കേരളത്തെ തകര്‍ക്കുന്നു: കോടിയേരി

കണ്ണൂര്‍: രാജ്യത്തെ തകര്‍ക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിനും തൊഴിലാളിവര്‍ഗ ഐക്യത്തിനും സിഐടിയു ദേശീയ സമ്മേളനം കരുത്തുപകരുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊതു, സഹകരണ, പരമ്പരാഗത മേഖലകളെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെയും യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കണം. സിഐടിയു 14-ാം ദേശീയ സമ്മേളനത്തില്‍ സ്വാഗതം പറയുകയായിരുന്നു കോടിയേരി.

സ്വകാര്യവല്‍ക്കരണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അടിസ്ഥാന സമീപനം. ഇതിലൂടെ സംസ്ഥാനത്തിന്റെ നാനാമേഖലയെയും സര്‍ക്കാര്‍ നാശോന്മുഖമാക്കി. കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിച്ച് ഉത്തരവിറക്കി. വൈദ്യുതി ബോര്‍ഡും പൊതുഗതാഗത സംവിധാനവും പ്രതിസന്ധിയിലാണ്. സഹകരണമേഖല നിയമഭേദഗതി നീക്കത്തിലൂടെ നാശത്തിന്റെ വക്കിലെത്തി. ജീവനക്കാരുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് പുതിയ പെന്‍ഷന്‍ സംവിധാനവും നടപ്പാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ച പൊതുമേഖല വീണ്ടും നാശത്തിന്റെ പാതയിലാണ്. പരമ്പരാഗതമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ അവസ്ഥയും പരിതാപകരം.

ഇതിനെല്ലാമെതിരെ കേരളത്തിലെ തൊഴിലാളികള്‍ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്ന സന്ദര്‍ഭത്തിലാണ് സിഐടിയു സമ്മേളനം. പോരാട്ടചരിത്രവും പാരമ്പര്യവും ഏറെയുള്ള കണ്ണൂരിന് സിഐടിയു സമ്മേളനത്തിന് ആതിഥ്യം വഹിക്കാനായത് അഭിമാനകരമാണ്. ദേശീയ പ്രസ്ഥാനത്തോട് കണ്ണിചേര്‍ത്ത് നാടുവാഴി പ്രഭുക്കള്‍ക്കെതിരെ ശക്തമായ കര്‍ഷക പ്രക്ഷോഭത്തിന് വേദിയായ ഇടമാണ് ഉത്തര മലബാര്‍. കയ്യൂരും കരിവെള്ളൂരും തില്ലങ്കേരിയും പാടിക്കുന്നും മുനയന്‍കുന്നും മട്ടന്നൂരും ഉള്‍പ്പെടെ അനേകം രണഭൂമികളുടെ ചുവന്നമണ്ണാണ് കണ്ണൂര്‍. അടിസ്ഥാന വിഭാഗങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ 150 ലേറെ പേരാണ് ഇവിടെ രക്തസാക്ഷികളായത്. ആ വിപ്ലവഭൂമിയില്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ ദേശീയ സമ്മേളനം സംഘടിപ്പിക്കാനായതില്‍ അഭിമാനവും സന്തോഷവും ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

ജെപിസിയെ ചെയര്‍മാന്‍ തെറ്റായ ദിശയില്‍ നയിക്കുന്നു: ഗുരുദാസ് ദാസ് ഗുപ്ത

കോഴിക്കോട്: പി സി ചാക്കോയെ ജെപിസി ചെയര്‍മാനാക്കിയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും സംയുക്ത പാര്‍ലമെന്റ് സമിതിയെ പി സി ചാക്കോ തെറ്റായ ദിശയിലേക്കാണ് നയിക്കുന്നതെന്നും ജെപിസി അംഗവും എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഗുരുദാസ് ദാസ് ഗുപ്ത എംപി കുറ്റപ്പെടുത്തി.

2 ജി സ്പെക്ട്രം അനുവദിച്ചതില്‍ രാജ്യത്തിന് കോടികളുടെ നഷ്ടം വന്നിട്ടുണ്ടെന്ന സിഎജിയുടെ റിപ്പോര്‍ട്ട് ശരിയല്ലെന്ന് സ്ഥാപിച്ചെടുക്കാനാണ് ചാക്കോയുടെ ശ്രമം. പ്രധാനമന്ത്രിയെ ജെപിസി മുമ്പാകെ വിളിപ്പിച്ച് തെളിവെടുക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയാണ്. ജെപിസി എന്നത് പ്രഹസനമായി മാറിയിരിക്കുകയാണ്.സൗദിയിലെ ഇന്ത്യക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം. രാജ്യത്തിനകത്ത് ജോലി സാധ്യത സൃഷ്ടിച്ച് വിദേശങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം സര്‍ക്കാര്‍ അവസാനിപ്പിക്കണം. മുലായംസിങ് ചാഞ്ചാടുകയാണ്. സോഷ്യലിസ്റ്റ് സ്വഭാവം പേരിലല്ല പ്രവൃത്തിയിലാണ് രാഷ്ട്രീയ പാര്‍ടികള്‍ കാണിക്കേത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചില്ലെങ്കില്‍ ശക്തമായ സമരനടപടികളിലേക്ക് ട്രേഡ്യൂണിയന്‍ സംഘടനകള്‍ നീങ്ങുമെന്നും കലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

deshabhimani 050413

No comments:

Post a Comment