Friday, April 5, 2013
ഉന്നതതല അന്വേഷണം വേണം
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അപായപ്പെടുത്താന്‍ നടന്ന ശ്രമത്തെപ്പറ്റി ഉന്നതതല പോലീസ് അന്വേഷണം ഏര്‍പ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിണറായി വിജയന്റെ വീടിനു സമീപം തോക്കും കത്തിവാളുമായി തങ്ങിയ വളയം സ്വദേശിയെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പിണറായിയെ വധിക്കുക എന്ന ഉദ്ദേശ്യമായിരുന്നു എന്ന് അയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.;മനോനിലയില്‍ ചിലപ്പോള്‍ മാറ്റമുണ്ടാകുന്ന പ്രായമുള്ള ആള്; എന്ന് പ്രതിയെ ചിത്രീകരിച്ച്, സംഭവത്തെ തെല്ലും ലഘൂകരിക്കാനാകില്ല.
അരോഗദൃഢഗാത്രനായ ഇയാള്‍ ഒന്നിലധികം ദിവസം പിണറായി വിജയന്റെ വീടിനടുത്ത് വന്നുപോവുകയും പിണറായി പങ്കെടുത്ത വിവിധ ജില്ലകളിലെ ചില പരിപാടികളെപ്പറ്റി ആ പ്രദേശങ്ങളില്‍ ചെന്ന് അന്വേഷിക്കുകയും ചെയ്തതിലൂടെ പ്രതിയുടെ നീക്കം ഗൗരവമുള്ളതാണെന്ന് വ്യക്തമാണ്. അതിനു പുറമെ, അടുത്തുനിന്ന് വെടിവച്ചാല്‍ ഗുരുതരമായി പരിക്കേല്‍ക്കുന്ന എയര്‍ഗണ്‍ പണംകൊടുത്ത് കൈവശമാക്കുകയും ഒപ്പം കത്തിവാള് സൂക്ഷിക്കുകയും ചെയ്തതിലൂടെ ഇയാള്‍ തികഞ്ഞ ആസൂത്രണമാണ് നടത്തിയതെന്ന് ആര്‍ക്കും മനസ്സിലാകും. മുമ്പ് തോക്ക് ഉപയോഗിച്ച് പരിചയമുള്ള ആളുമാണ്. അതിനുള്ള ലൈസന്‍സ് കാലഹരണപ്പെട്ടു എന്നു മാത്രം. ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമയുടെയും ആര്‍എംപി നേതാക്കളുടെ പ്രസ്താവനകളും പ്രസംഗങ്ങളുമടങ്ങുന്ന പത്രറിപ്പോര്‍ട്ടുകളും നോട്ടീസുകളും ഇയാളുടെ വീട്ടില്‍നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കോടതി റിമാന്റ് ചെയ്തിരിക്കുന്ന ഈ പ്രതിയുടെ പിന്നില്‍ ആരൊക്കെയാണെന്നും ഇയാളെ ഇതിന് പ്രേരിപ്പിച്ചതിനും വധോദ്യമ നീക്കങ്ങളിലും ആര്‍എംപി നേതാക്കളുടെ പങ്കെന്തെന്നും പോലീസ് സമഗ്രമായി അന്വേഷിക്കണം. ചന്ദ്രശേഖരന്റെ കൊലപാതകം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ അറിവോടെയാണെന്ന കല്‍പ്പിത കഥ ദുരുദ്ദേശപരമായി പ്രചരിപ്പിച്ച് പിണറായി വിജയനെതിരെ ആര്‍എംപി നേതാക്കള്‍ കൊലവിളി പതിവായി മുഴക്കുന്നു. അങ്ങനെ കൊലവിളി നടത്തുന്നവര്‍ ആരൊക്കെയാണെന്നും അവരും വധോദ്യമത്തിനെത്തിയ പ്രതിയും തമ്മിലുള്ള ബന്ധവും പോലീസ് പരിശോധിക്കണം. ഉത്തരകേരളത്തിലെ ഒരു ജില്ലയിലെ ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ സംഘടനയായ ആര്‍എംപി യുമായി കോണ്‍ഗ്രസ്സും യുഡിഎഫും ഏതാനും വര്‍ഷങ്ങളായി ആത്മബന്ധത്തിലാണ്.
ചന്ദ്രശേഖരന് വധത്തെത്തുടര്‍ന്ന് സിപിഐ എം ന്റെ സമുന്നത നേതാക്കളെയടക്കം അധിക്ഷേപിച്ച് ആര്‍എംപിയുമായി ചേര്‍ന്ന് വ്യക്തിവിദ്വേഷ പ്രചാരണം നടത്താന്‍ പോലും അധികാരസ്ഥാനങ്ങളിലുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മടിയുണ്ടായില്ല. പിണറായി വിജയനെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തോക്കും മാരകായുധവുമായി ഒരാള്‍ പിണറായിയുടെ വീടിനു സമീപനം എത്തി പോലീസ് പിടിയി ലായി എന്നത്, ആര്‍എംപിയുടെ വഴിതെറ്റിയ രാഷ്ട്രീയത്തെ പരസ്പരധാരണയോടെപ്രോത്സാഹിപ്പിക്കുന്ന അത്തരം നേതാക്കള്‍ കൂടി ഉത്തരം പറയേണ്ട ബാധ്യത സൃഷ്ടിച്ചിരിക്കുകയാ ണ്. പിണറായി വിജയനെ അപായപ്പെടുത്താന്‍ നടന്ന നീചനീക്കത്തില്‍ കക്ഷിരാഷ്ട്രീയത്തി നതീതമായി ജനാധിപത്യത്തിലും സമാധാനത്തിലും വിശ്വസിക്കുന്ന എല്ലാവരും ശക്തിയായി പ്രതിഷേധിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
രണ്ടാഴ്ചമുമ്പും പിണറായിയെ തേടി പ്രതി എത്തി
കൂട്ടുപുഴ: പിണറായിയില്‍ ആയുധങ്ങളുമായി പിടിയിലായ കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ രണ്ടാഴ്ചമുമ്പ് പിണറായി വിജയന് പങ്കെടുത്ത പൊതുപരിപാടി ലക്ഷ്യമിട്ട് കൂട്ടുപുഴയിലും എത്തി. സിപിഐ എം പേരട്ട ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ പിണറായി എത്തുന്നതിന് രണ്ടുദിവസം മുമ്പാണ് ഇയാള്‍ കൂട്ടുപുഴ കള്ളുഷാപ്പില്‍ ചെന്ന് പരിപാടി സംബന്ധിച്ച വിവരങ്ങള്‍ തിരക്കിയത്. വ്യാഴാഴ്ച ടിവിയിലും പത്രങ്ങളിലും നമ്പ്യാരുടെ ചിത്രങ്ങള്‍ കണ്ട് ഷാപ്പ് തൊഴിലാളി സുരേഷ് കുമാറാണ് നമ്പ്യാരെ തിരിച്ചറിഞ്ഞത്. മാര്‍ച്ച് 22നായിരുന്നു കോളിത്തട്ടില്‍ നിര്‍മിച്ച സിപിഐ എം ഓഫീസായ ഇ കെ നായനാര്‍ സ്മാരക മന്ദിരത്തിെന്റ ഉദ്ഘാടനം. ഷാപ്പിലെത്തി ഒരു കുപ്പി കള്ള് വാങ്ങിയ ശേഷമാണ്, കോളിത്തട്ടിലേക്കുള്ള വഴി നമ്പ്യാര്‍ അന്വേഷിച്ചത്. പാര്‍ടി ഓഫീസ് ഉദ്ഘാടനത്തെക്കുറിച്ചും വിശദമായി തിരക്കി. ഇതിനുമുമ്പും ഒരു തവണ ഷാപ്പില് വന്നിരുന്നുവെന്ന് പറഞ്ഞാണ് സംസാരിച്ചു തുടങ്ങിയത്. വടകരയില്‍നിന്നാണ് വരുന്നതെന്നും പറഞ്ഞു. വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം. അറുപതിനുമുകളില്‍ പ്രായംതോന്നിച്ച അയാളെ അന്ന് മറ്റൊരു തരത്തില്‍ സംശയിച്ചിരുന്നില്ലെന്ന് സുരേഷ്കുമാര്‍ പറഞ്ഞു. പിണറായി പാണ്ട്യാലമുക്കില്‍ തോക്കും മാരകായുധവുമായി പിടിയിലായ വ്യക്തിയുടെ ചിത്രം ആദ്യം കണ്ടപ്പോള്‍തന്നെ, ഷാപ്പില് വന്നയാളാണെന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല. ടിവി ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കണ്ട് അക്കാര്യം ഉറപ്പിച്ചു. ഇനി എവിടെ കണ്ടാലും തനിക്ക് തിരിച്ചറിയാനാകും. കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ നേരത്തെ തന്നെ പിണറായി വിജയന്റെ പിന്നാലെ ഉണ്ടായിരുന്നു എന്നാണ് സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. പിണറായി വിജയനെ ലക്ഷ്യമിട്ടാണ് താന്‍ പാണ്ട്യാലമുക്കില്‍ എത്തിയതെന്ന് നമ്പ്യാര്‍ പൊലീസിനോട് സമ്മതിച്ചിട്ടുമുണ്ട്.
deshabhimani
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment