Monday, April 22, 2013

രാഷ്ട്രീയ മുതലെടുപ്പിന് രണ്ടാംഘട്ടം ഉദ്ഘാടനം ഇന്ന്


ചേര്‍ത്തല: അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം ശനിയാഴ്ച തുടങ്ങും. വൈകിട്ട് ആറിന് അര്‍ത്തുങ്കല്‍ ആയിരംതൈ മത്സ്യബന്ധന കേന്ദ്രത്തിലെ ചടങ്ങില്‍ കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി ഉദ്ഘാടനം നിര്‍വഹിക്കും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പൂര്‍ത്തിയായ ഒന്നാം ഘട്ടത്തെക്കുറിച്ച് മൗനം ഭജിച്ചാണ് ഉദ്ഘാടനമാമാങ്കം സംഘടിപ്പിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് തുടക്കം കുറിച്ച പദ്ധതിയുടെ തുടര്‍ച്ചയാണ് രണ്ടാംഘട്ടം. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനും വിപണനത്തിനും പശ്ചാത്തല സൗകര്യം ഒരുക്കുകയാണ് മത്സ്യബന്ധന തുറമുഖം ലക്ഷ്യമാക്കുന്നത്. ജില്ലയുടെ വടക്കന്‍മേഖലയിലെ ആയിരക്കണക്കായ മത്സ്യത്തൊഴിലാളികളുടെയും കടലോരമേഖലയുടെയും പുരോഗതി സാധ്യമാകുന്നതാണ് നിര്‍ദിഷ്ട തുറമുഖം. തൊഴിലാളികളുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളാണ്.

സുനാമി പുനരധിവാസഫണ്ടില്‍ നിന്ന് തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. അഞ്ചുകോടിയുടെ പദ്ധതി 2008 ജൂണ്‍ 20ന് തുടങ്ങി. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഒപ്പം രണ്ടാം ഘട്ടത്തിന്റെ രൂപരേഖ തയാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. വിവിധ ഏജന്‍സികളുടെ (പാരിസ്ഥിതികം ഉള്‍പ്പെടെ) അനുമതിയും നേടിക്കൊടുത്തു. ഇതോടെയാണ് മത്സ്യബന്ധന തുറമുഖം യാഥാര്‍ഥ്യമാകുമെന്ന ഉറപ്പ് തീരമേഖലയ്ക്ക് കൈവന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയതും തുക അനുവദിച്ചതും അടുത്തിടെയാണ്.

രണ്ടാംഘട്ടം പൂര്‍ത്തീകരണത്തിന് 49.39 കോടി രൂപയുടേതാണ് പദ്ധതി. ഇതില്‍ 37.04 കോടി രൂപ കേന്ദ്രവിഹിതവും 12.35 കോടി സംസ്ഥാന വിഹിതവുമാണ്. നാലുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണം. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 10,000 ടണ്‍ മത്സ്യം അധികമായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ലഭിക്കുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനും സംസ്കരിക്കുന്നതിനും ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളാണ് ഒരുങ്ങുക. വിപണനത്തിനും സൗകര്യം വിപുലമാകും. തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും തുറമുഖത്തിന്റെ ഭാഗമാകും. മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ ഇറക്കുന്നതിനും മത്സ്യവുമായി കരയിലെത്തുന്നതിനും സുരക്ഷിത സൗകര്യമാണ് പ്രധാനം. നിലവില്‍ കൊച്ചിയിലാണ് തൊഴിലാളികള്‍ക്ക് ഈ സൗകര്യം ലഭ്യം. അര്‍ത്തുങ്കലും സമീപമേഖലയിലും പിടിക്കുന്ന മത്സ്യവുമായി കൊച്ചിയില്‍ എത്തേണ്ടി വരുന്നു. വള്ളം ഇറക്കാനും സമാന മാര്‍ഗമാണുള്ളത്. ഇതുവഴി പരമ്പരാഗത തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ചെലവ് ഗണ്യമായി ഉയരുന്നു. തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രയാസം ഒഴിവാകും. പദ്ധതിയുടെ ചരിത്രം മറച്ചുവച്ച് രാഷ്ട്രിയ മുതലെടുപ്പിനാണ് രണ്ടാം ഘട്ടം നിര്‍മാണത്തെ ഉപയോഗിക്കാന്‍ യുഡിഎഫ് ശ്രമം. പദ്ധതി പ്രവര്‍ത്തനം തുടങ്ങിയ കാര്യം മൂടിവയ്ക്കുന്നു. ഒരു പുതിയ പദ്ധതിയെന്ന മട്ടിലാണ് പ്രചാരണം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണിത്. കോണ്‍ഗ്രസുകാര്‍ ഉദ്ഘാടനപരിപാടി കൊഴിപ്പിക്കാന്‍ വന്‍പണപ്പിരിവും നടത്തുന്നു. ഒരു കേന്ദ്രസഹമന്ത്രിയുടെ സഹായത്തോടെയാണിത്. മന്ത്രി കെ ബാബുവാണ് ഉദ്ഘാടനചടങ്ങിലെ അധ്യക്ഷന്‍. കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ഹാര്‍ബര്‍ എന്‍ജിനിയറിങ് ചീഫ് എന്‍ജിനിയര്‍ എസ് മാധവന്‍ നമ്പൂതിരി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

deshabhimani 220413

No comments:

Post a Comment