അട്ടപ്പാടി ഊരുകളില്‍ കുട്ടികളുടെ കൂട്ട മരണത്തിന് ഇടയാക്കിയത് യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും ക്രൂരമായ അനാസ്ഥ. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ഓരോന്നായി അട്ടിമറിച്ചും സാമൂഹ്യക്ഷേമപദ്ധതികള്‍ ഇല്ലാതാക്കിയുമാണ് വിശാലമായ ആദിവാസിമേഖലയെ വീണ്ടും പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തിച്ചത്. പട്ടികവര്‍ഗക്ഷേമത്തിനായി പ്രത്യേകം മന്ത്രിയുണ്ടായിട്ടും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗത്തിന് പ്രയോജനമുണ്ടായില്ല.
അട്ടപ്പാടിയില്‍ പോഷകാഹാരമില്ലാതെ കുട്ടികള്‍ ദിനംതോറുംമരിച്ചു വീഴുന്ന വാര്‍ത്ത നിരന്തരം പുറത്തുവന്നിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞ 19ന് മുഖ്യമന്ത്രി ഒരുദിവസംമുഴുവന്‍ ജില്ലയിലുണ്ടായിരുന്നു. സംഭവത്തിന്റെ ഗുരുതരാവസ്ഥ മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും അത് ഗൗരവത്തിലെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അടുത്തദിവസങ്ങളില്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചശേഷം നടപടിയെന്നായിരുന്നു മറുപടി. ഒരുമണിക്കൂര്‍ നേരത്തെ വരള്‍ച്ചായോഗത്തിനുശേഷം ബാങ്ക്ഉദ്ഘാടനം, അധ്യാപക സംഘടനാകണ്‍വന്‍ഷന്‍, കോണ്‍ഗ്രസ്നേതാക്കളുടെ വീട് സന്ദര്‍ശനം എന്നിവയായിരുന്നു മുഖ്യമന്ത്രിയുടെ തിരക്കിട്ട പരിപാടികള്‍.
അട്ടപ്പാടിയിലെ ദുരവസ്ഥയെക്കുറിച്ച് അറിയില്ലെന്നും വീഴ്ച പറ്റിയെന്നും പറയുന്ന പട്ടികവര്‍ഗക്ഷേമമന്ത്രി പി കെ ജയലക്ഷ്മി പിന്നോക്കവിഭാഗത്തിനുവേണ്ടി എന്തു പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പറയേണ്ടതുണ്ട്. മന്ത്രിയായ ശേഷം ആറ്തവണ അട്ടപ്പാടിയില്‍പോയി എന്നാണ് അവര്‍ പറയുന്നത്. ആദിവാസിസമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയോ ക്ഷേമംഅന്വേഷിക്കുകയോ ചെയ്യാതെ എന്തായിരുന്നു അവിടെ അവര്‍ ചെയ്തത്. യുഡിഎഫ്മന്ത്രിസഭ അധികാരമേറ്റതിനുശേഷം അട്ടപ്പാടിയില്‍ പലതവണ പോവുകയും പാളത്തൊപ്പിവച്ച് ആദിവാസികളുടെ ആളായി മാധ്യമങ്ങളില്‍ മേനിനടിക്കുകയും ചെയ്യുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ആദിവാസിവിഭാഗം ദുരിതമനുഭവിക്കുമ്പോള്‍ അവിടെക്കണ്ടില്ല. ഉടന്‍ നടപടി വേണമെന്ന് പ്രസ്താവനയിറക്കാന്‍പോലും അദ്ദേഹം തയ്യാറായില്ല. കെപിസിസി പ്രസിഡന്റിന്റെ അട്ടപ്പാടി സന്ദര്‍ശനത്തിനു പിന്നില്‍ മറ്റ് ചില "ബിസിനസ്"ലക്ഷ്യങ്ങളുണ്ടെന്ന് ആദിവാസിമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരോപിക്കുന്നു. അത് ശരിയല്ലേയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല.
അട്ടപ്പാടിയിലെ ജനങ്ങളോട് ക്രൂരമായ നിലപാട് സ്വീകരിച്ച മറ്റൊരാള്‍ സ്ഥലംഎംഎല്‍എയാണ്. സിക്കിള്‍സെല്‍ (അരിവാള്‍രോഗം ), അനീമിയ(വിളര്‍ച്ച) അടക്കമുള്ള പോഷകാഹാരക്കുറവ് രോഗങ്ങള്‍ അട്ടപ്പാടിയില്‍ പടരുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്ന നിലപാടായിരുന്നു എംഎല്‍എക്ക്. കുട്ടികള്‍ ഇയ്യാംപാറ്റകള്‍പോലെ മരിച്ചുവീഴുമ്പോള്‍ അദ്ദേഹം ഗള്‍ഫിലേക്ക് പറക്കുകയായിരുന്നു. ഗുരുതരമായ ഈ പ്രശ്നത്തെ തിരിച്ചറിഞ്ഞ് പ്രാഥമികനടപടി സ്വീകരിക്കേണ്ട പഞ്ചായത്തുകളുടെ അനാസ്ഥയാണ് ലജ്ജാകരം. പ്രശ്നത്തെ ഇത്ര മോശമാക്കിയത് പഞ്ചായത്ത്ഭരണാധികാരികളാണ്. അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍, അഗളി പഞ്ചായത്തുകള്‍ഭരിക്കുന്നത് യുഡിഎഫാണ്. പഞ്ചായത്തുകള്‍ കഴിഞ്ഞവര്‍ഷം പട്ടികവര്‍ഗക്ഷേമത്തിനായി ചെലവഴിച്ച തുക 40ശതമാനത്തില്‍ത്താഴെമാത്രമാണ്.
"അഹാഡ്സി"നെ നോക്കുകുത്തിയാക്കി
അഗളി: അട്ടപ്പാടിയില്‍ ദുരിതങ്ങള്‍ വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്ന് അഹാഡ്സി(അട്ടപ്പാടി ഹില്‍സ് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി)നെ യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. പ്രകൃതിചൂഷണവും പരിസ്ഥിതിനാശവും ബാലവേലയും പട്ടിണിമരണവും വിളര്‍ച്ച(അനീമിയ)യും വ്യാജമദ്യ ഉപഭോഗവും കഞ്ചാവും ഉദ്യോഗസ്ഥരുടെ ചൂഷണവുംകൊണ്ട് നശിച്ച അട്ടപ്പാടിക്ക് വീണ്ടും ശ്വാസം നല്‍കിയത് "അഹാഡ്സി"ന്റെ 15വര്‍ഷത്തെ പ്രവര്‍ത്തനമാണ്. യുഡിഎഫ്സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ സര്‍ക്കാര്‍ ഏജന്‍സിയെ നോക്കുകുത്തിയാക്കി. മുന്നൂറോളം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തി. തല്‍ഫലമായി നൂറ്റമ്പതോളം ആദിവാസികള്‍ക്ക് തൊഴിലില്ലാതായി. അതില്‍ കൂടുതലും വനിതകളായിരുന്നു.
"അഹാഡ്സി"ന്റെ പ്രവര്‍ത്തനഫലമായാണ് അട്ടപ്പാടിയുടെ പച്ചപ്പ് വീണ്ടെടുത്തത്. കുടങ്കരപ്പള്ളംപോലുള്ള വറ്റിവരണ്ട പുഴകളെ പുനരുജ്ജീവിപ്പിച്ചു. തല്‍ഫലമായി ഭൂമിയിലെ ജലലഭ്യത ഉയര്‍ന്നു. 12,000ഹെക്ടര്‍ തരിശുഭൂമിയില്‍ വനവല്‍ക്കരണപ്രവര്‍ത്തനം നടത്തി. ആദിവാസികള്‍ക്കായി 2,000 വീടുകള്‍ നിര്‍മിച്ചു നല്‍കി. പാരമ്പര്യ കൃഷിരീതി പ്രോത്സഹിപ്പിക്കല്‍, കാര്‍ഷികപ്രവര്‍ത്തനങ്ങള്‍, വരുമാനദായക പ്രവര്‍ത്തനങ്ങള്‍, 80ലക്ഷം തൊഴില്‍ ദിനങ്ങള്‍, അട്ടപ്പാടിയുടെ സമഗ്രവികസനം, ആദിവാസികളുടെ ആളോഹരിവരുമാനം വര്‍ധിപ്പിക്കല്‍, സാക്ഷരതാപ്രവര്‍ത്തനം, സ്കൂളുകള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മിക്കല്‍, പാരമ്പര്യനാട്ടുവൈദ്യം പുനരുജ്ജീവിപ്പിക്കല്‍, മെഡിക്കല്‍ക്യാമ്പുകള്‍, ആശുപത്രികെട്ടിടങ്ങള്‍, കിടക്കകള്‍, എന്‍ആര്‍എച്ച്എം സ്കീമില്‍ നഴ്സുമാരെ കണ്ടെത്തി നല്‍കല്‍, അവിവാഹിതരായ അമ്മമാര്‍ക്ക് ബോധവല്‍ക്കരണം, സഹായമെത്തിക്കല്‍, കൗമാരപ്രായക്കാരായ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം, പോഷകാഹാരത്തോട്ടങ്ങള്‍, ജൈവകൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ "അഹാഡ്സ്" മാതൃകാപ്രവര്‍ത്തനമാണ് നടത്തിയത്.
അനീമിയ, ബാലവേല, പട്ടിണി മരണം, ചികിത്സ കിട്ടാതെയുള്ള മരണം, ആദിവാസികള്‍ക്കെതിരായ ആക്രമണം തുടങ്ങിയ പ്രവര്‍ത്തനങ്ങളെയൊക്കെ "അഹാഡ്സിനെ ഇല്ലാതാക്കി യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍, "അഹഡ്സി"ന്റെ പ്രവര്‍ത്തനം നിലച്ചതോടെ സാമൂഹ്യവിപത്തുകള്‍ തിരിച്ചുവരുന്ന കാഴ്ചയാണ് അട്ടപ്പാടിയിലുള്ളത്. ഇക്കാര്യങ്ങളൊക്കെ "അഹാഡ്സ്" ജീവനക്കാരും സന്നദ്ധസംഘടനകളുമൊക്കെ സര്‍ക്കാര്‍, കലക്ടര്‍, ചീഫ് സെക്രട്ടറി, വകുപ്പ്സെക്രട്ടറി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അതിനെയൊക്കെ തൃണവല്‍ഗണിച്ച് കടലാസ്സംഘടനകളെയും കരാറുകാരെയും സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് "അഹാഡ്സ്" വെല്‍ഫെയര്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് ടി സി രാജശ്രീ അധ്യക്ഷയായി. ജനറല്‍സെക്രട്ടറി ബസി അയ്യപ്പന്‍, രാധാകൃഷ്ണക്കുറുപ്പ്, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 220413
No comments:
Post a Comment