അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിതര മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് നല്ല സാധ്യതയുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അത്തരമൊരു സാഹചര്യം ഉരുത്തിരിയുന്ന പക്ഷം സിപിഐ എമ്മും ഇടതുപക്ഷവും അതിനാവശ്യമായ പങ്ക് വഹിക്കുമെന്നും ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികള്‍ ഒരു വേദിയില്‍ വരുന്നത് എളുപ്പമല്ലെങ്കിലും സാധ്യമാണ്. യുപിഎയും എന്‍ഡിഎയും നിലവിലുള്ള രൂപത്തില്‍ നിലനില്‍ക്കില്ല. ഇപ്പോള്‍ത്തന്നെ ചില കക്ഷികള്‍ മുന്നണികള്‍ വിട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിതര കക്ഷികള്‍ ഒരു വേദിയില്‍ വരാനുള്ള സാധ്യത ഏറെയാണ്. യുപിഎ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരാനുള്ള സാധ്യതയില്ല. കോണ്‍ഗ്രസിനായാലും ബിജെപിക്കായാലും സ്വന്തം നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്യുന്നതിന് വെള്ളിയാഴ്ച എ കെ ജി ഭവനില്‍ ചേര്‍ന്ന ഇടതുപക്ഷ പാര്‍ടികളുടെ യോഗത്തിന് ശേഷമാണ് കാരാട്ട് ഇക്കാര്യം പറഞ്ഞത്. 25 ന് വീണ്ടും ഇടതുപക്ഷ പാര്‍ടികളുടെ യോഗം ചേരും. ഇടതുപക്ഷത്തോട് തൊട്ടുകൂടായ്മയില്ല എന്ന പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ യുപിഎ സര്‍ക്കാര്‍ തുടരുന്ന നയങ്ങള്‍ ഇടതുപക്ഷത്തിന് അംഗീകരിക്കാനാവില്ലെന്ന് കാരാട്ട് പറഞ്ഞു. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ആഹ്വാനംചെയ്യുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഒരു ബദല്‍ ആവശ്യമാണ്. സിപിഐ എമ്മും ഇടതുപക്ഷവും എന്നും ബദല്‍നയങ്ങള്‍ക്കായി നിലകൊള്ളുന്നവരാണ്. ബദല്‍ നയങ്ങളില്ലാതെയുള്ള മൂന്നാം മുന്നണി നിലനില്‍ക്കില്ല- മൂന്നാം മുന്നണി ആരോഗ്യകരമായ നിര്‍ദേശമാണെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു കാരാട്ട്.
അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഒറ്റക്കെട്ടായിത്തന്നെ മത്സരിക്കും.ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുമായി തെരഞ്ഞെടുപ്പ് ധാരണകളുണ്ടാക്കും. ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി മോഡിയെ തെരഞ്ഞെടുക്കുന്നപക്ഷം ബിജെപി നേതൃത്വത്തിലുള്ള മുന്നണി ഹിന്ദുത്വ അജന്‍ഡയുമായി മുന്നോട്ടുപോകുമെന്ന സന്ദേശമാണ് ജനങ്ങളിലെത്തുക. അതോടൊപ്പം വന്‍കിട ബിസിനസുകാരുടെ അജന്‍ഡയും അവര്‍ മുന്നോട്ടു വയ്ക്കും. ഇതും രണ്ടും ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. വര്‍ഗീയശക്തികള്‍ കേന്ദ്രത്തില്‍ വരുന്നത് തടയാന്‍ ഇടതുപക്ഷം എല്ലാ ശ്രമവും നടത്തും. നവ ഉദാരനയങ്ങള്‍ തുടരാത്ത സര്‍ക്കാരായിരിക്കണം കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ തുടരുന്ന മതനിരപേക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കാനും ഇടതുപക്ഷത്തിന് കഴിയില്ല-കാരാട്ട് പറഞ്ഞു.
deshabhimani 220413
No comments:
Post a Comment