Friday, April 5, 2013
നൊവാര്‍ട്ടിസിന്റെ ഹര്‍ജി തള്ളിയത് പാവങ്ങള്‍ക്ക് ഗുണം: ഡ്രൂകര്‍
പേറ്റന്റ് ആവശ്യപ്പെട്ടുള്ള നൊവാര്‍ട്ടിസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത് രാജ്യത്തെ പതിനായിരക്കണക്കിന് പാവപ്പെട്ടവര്‍ക്കാണ് ഗുണഫലം ചെയ്യുകയെന്ന് അര്‍ബുദമരുന്നിന്റെ തന്മാത്ര കണ്ടെത്തിയ ബ്രയാന്‍ ഡ്രൂകര്‍ പറഞ്ഞു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രത്തിനു നല്‍കിയ ഇ മെയില്‍ അഭിമുഖത്തിലാണ് നൊവാര്‍ട്ടിസിന്റെ ക്യാന്‍സര്‍ മരുന്നായ ഗ്ലിവെക്കിന്റെ ഉപജ്ഞാതാവും ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെ നൈറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ബ്രയാന്‍ ഡ്രൂകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തെ സാധാരണക്കാരുടെ പരിമിതി മനസ്സിലാക്കണമെന്നും മരുന്നുവിലയില്‍ മിതത്വം പാലിക്കണമെന്നും പലപ്പോഴും താന്‍ പറഞ്ഞിരുന്നതായും ഡ്രൂകര്‍ വെളിപ്പെടുത്തി. എന്നാല്‍, കടുത്ത വിലനിയന്ത്രണം കൂടുതല്‍ പുതിയ മരുന്നു പുറത്താക്കാനുള്ള പ്രയത്നത്തിന് തിരിച്ചടിയാകുമെന്നും ഡ്രൂകര്‍ പറയുന്നു. ഔഷധഗവേഷണത്തില്‍ പണം മുടക്കിയ കമ്പനികള്‍ക്ക് ലാഭം ലഭിക്കണം. എന്നാല്‍, അമിതവില ഈടാക്കുന്നതിലൂടെ കുത്തകാവകാശം ദുരുപയോഗിക്കാമെന്നും മരുന്നുകളില്‍ ചെറിയ മാറ്റം വരുത്തി പേറ്റന്റ് വാങ്ങാമെന്നും അതിനര്‍ഥമില്ല. അങ്ങനെ ശ്രമിക്കുന്നത് പേറ്റന്റ് വ്യവസ്ഥയുടെ സത്തയ്ക്ക് തന്നെ എതിരാകും. പതിറ്റാണ്ടുകളായി പൊതുമേഖല ഈ രംഗത്തു നടത്തിയ നിര്‍ണായക നിക്ഷേപമാണ് ഈ മരുന്നുകളുടെ കണ്ടുപിടിത്തം സാധ്യമാക്കിയത് എന്നത് പരിഗണിക്കുമ്പോള്‍ അത് ന്യായീകരിക്കാനുമാകില്ലെന്ന് ഡ്രൂകര്‍ പറഞ്ഞു.
1980കളിലാണ് രക്താര്‍ബുദത്തിനുള്ള മരുന്ന് കണ്ടെത്താന്‍ ഡ്രൂകറിന്റെ പരിശ്രമം ആരംഭിച്ചത്. എട്ടുവര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഡ്രൂകറിന്റെ കണ്ടെത്തല്‍ ആരോഗ്യമേഖല അംഗീകരിച്ചത്. നൊവാര്‍ട്ടിസിന് പേറ്റന്റ് ലഭിച്ചിരുന്നെങ്കില്‍ നിലവില്‍ ഇന്ത്യയില്‍ 8000 രൂപയ്ക്ക് ലഭിക്കുന്ന ക്യാന്‍സര്‍ മരുന്നുവില ഒന്നരലക്ഷമായി വര്‍ധിക്കുമായിരുന്നെന്ന് ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ ആക്ഷേപമുന്നയിച്ചിരുന്നു.
Labels:
ആരോഗ്യരംഗം,
കോടതി
Subscribe to:
Post Comments (Atom)
No comments:
Post a Comment