Monday, April 1, 2013

ജാതിവികാരം ഉയര്‍ത്തുന്നത് ചെറുക്കണം: പിണറായി


 ജാതിവികാരം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചില ജാതിസംഘടനകള്‍ കേരളത്തില്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജാതിവികാരം ഉയര്‍ത്തുന്നത് തന്റെ അവകാശമാണെന്നുവരെ പ്രഖ്യാപിക്കുന്നവരുണ്ടായി. ശ്രീനാരായണധര്‍മത്തിന് ചേരാത്ത നടപടികള്‍ സമൂഹത്തില്‍ നടക്കുമ്പോള്‍ ധര്‍മപരിപാലനത്തിനായി നടക്കുന്നവര്‍ അതിനെ എതിര്‍ക്കുന്നില്ല. കോടിയേരി ഈങ്ങയില്‍പീടിക ദേശീയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം അറുപതാം വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ പലതും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. ഇതിനെ ചെറുക്കണം. നമ്മുടെ ചുറ്റുപാടും വീടുകളിലുമെല്ലാം തെറ്റായ ആചാരങ്ങള്‍ വരുന്നുണ്ട്. നാടിനും ജനങ്ങള്‍ക്കും വേണ്ടാത്ത, അന്ധകാരത്തിലേക്ക് നയിക്കുന്ന തെറ്റായ കാര്യങ്ങള്‍ വീണ്ടും ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. എത്ര വലിയ വലതുപക്ഷക്കാരനിലും ഇടതുപക്ഷ സ്വാധീനം നിലനില്‍ക്കുന്ന സമൂഹമാണ് കേരളത്തിലേത്. ഈ പ്രത്യേകത ഇല്ലാതാക്കാനുള്ള ശ്രമമാണിപ്പോള്‍ നടത്തുന്നത്. വലതുപക്ഷ ശക്തികളാണ് ഇതിനുപിന്നില്‍. അവരുടെ രീതികള്‍ പലരൂപത്തിലും വരാം. ആള്‍ദൈവത്തിന്റെ രൂപത്തിലും ജാതിസംഘടനയുടെ രൂപത്തിലും മദ്യത്തിന്റെ രൂപത്തിലും രാഷ്ട്രീയമായ ഉണര്‍വ് ഇല്ലാതാക്കാനാണ് നീക്കം. ഇതിനെതിരെ പോരാടാന്‍ ഓരോ വ്യക്തിയും തയ്യാറാവണം. സാഹിത്യകാരന്മാരും ചിന്തകരുമെല്ലാം രംഗത്തുവരണം.

വായനശാലകള്‍ രൂപംകൊള്ളുന്നതില്‍ അടുത്ത കാലത്തായി ചെറിയ മന്ദതയുണ്ടെന്ന് സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. നേരത്തെ ഇതായിരുന്നില്ല സ്ഥിതി. സമൂഹത്തിന്റെ കൂട്ടായ്മക്ക് പൊതു വായനശാലകള്‍ എപ്പോഴും നല്ലതാണ്. കേരളത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവയാണ് വായനശാലകള്‍. വായിക്കാനും പഠിക്കാനും വളരാനുമുള്ള അവസരമാണ് വായനശാലകളിലൂടെ ലഭിച്ചത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ തന്നെയാണ് ആദ്യകാലത്ത് വായനശാലകള്‍ വളര്‍ത്തിയെടുക്കാന്‍ശ്രമിച്ചതെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി

deshabhimani 010413

No comments:

Post a Comment