Wednesday, April 24, 2013
കണ്ണൂരില്‍ പ്രവര്‍ത്തിച്ചിരുന്നത് തീവ്രവാദകേന്ദ്രം
പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള നാറാത്തെ ആയുധപരിശീലനകേന്ദ്രത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായി പൊലീസിനു സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. വിദേശരാജ്യങ്ങളുടെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കാനും സാധ്യതയുണ്ട്.
സ്ഥിരമായി ഇവിടെ രാത്രികാലങ്ങളില്‍ പരിശീലനം നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കേരളത്തില്‍ ഇത്തരത്തിലുള്ള മറ്റു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷിക്കും. പ്രതികളെ ബുധനാഴ്ച തലശേരി കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച ഉച്ചക്ക് എഡിജിപി ശങ്കര്‍ റെഡ്ഡി സ്ഥലം സന്ദര്‍ശിച്ചു. ഇത്രയും ഈ രീതിയില്‍ ആയുധപരിശീലനകേന്ദ്രം പ്രവര്‍ത്തിച്ചത് അതീവ ഗുരുതരമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസ് അന്വേഷണം തുടങ്ങിയിട്ടേയുള്ളു. അതിനു മുന്‍പ് ഒന്നും പറയാന്‍ കഴിയില്ല. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയെ എല്പിക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ പരിശീലനക്യാമ്പില്നിന്ന് നാടന്‍ ബോംബ്, ഇഷ്ടിക ബോംബ്, വടിവാള്‍ എന്നിവയും വെടിമരുന്ന്, ആണി, കുപ്പിച്ചില്ല്, വയര്‍, ചാക്കുനൂല് ഉള്‍പ്പെടെയുള്ള ബോംബുനിര്‍മാണ സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. ചില വ്യക്തികളുടെയും ഹൈന്ദവ ആരാധനാലയങ്ങളുടെയും വിവരങ്ങളടങ്ങിയ രേഖകള്‍ കണ്ടെത്തി. വിദേശ തിരിച്ചറിയല്‍ കാര്‍ഡുകളും കറന്‍സികളും പിടിച്ചെടുത്തു. റിപ്പബ്ലിക് ഓഫ് ഇറാന് എന്ന പേരിലാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍.
മുഴപ്പിലങ്ങാട് പുതിയപുരയില്‍ പി പി അബ്ദുള്‍ സമദ് (28), ഏച്ചൂര്‍ ആയിഷ കോട്ടേജില്‍ പി സി ഫഹദ് (27), കിഴുന്ന ഷുക്കൂര്‍ ഹൗസില്‍ മുഹമ്മദ് സംറീദ് (25), തലശേരി പുരക്കായി ഹൗസില്‍ പി നൗഫല്‍ (23), എടക്കാട് ബീച്ച് റോഡ് ജമീല മന്‍സിലില്‍ എ ജെ ഫൈസല്‍ (21), മുഴപ്പിലങ്ങാട് ആയിഷ ഹൗസില്‍ പി ജംഷീര്‍ (20), മറീന മന്‍സിലില്‍ ഷെഫീക്ക് (25), ബൈത്തുല്‍ റാഹയിലെ സി റിയാസ് (23), നാറാത്ത് കുമ്മായക്കടവ് ഹൗസില്‍ കെ കെ ജംഷീര്‍ (26), ശിവപുരം പുതിയവീട്ടില്‍ പി വി അസീസ് (39), എടക്കാട് ബൈത്തുല്‍ ഹദിലെ എ പി മിസാജ് (21), മുഴപ്പിലങ്ങാട് ഷിജിന്സിലെ വി ഷിജിന് (23), തലശേരി നെട്ടൂര്‍ ഷെറീഫ മഹലില്‍ മുഹമ്മദ് അബ്സീര്‍ (21), കോയ്യോട് സുബൈദ മഹലില്‍ സി അജ്മല്‍ (21), വെണ്ടുട്ടായി കണിയാന്റവിട കെ സി ഹാഷിം (24), എരുവട്ടി കോവൂര്‍ ബൈത്തുല്‍ അലീമയില്‍ സി പി നൗഷാദ് (32), മുഴപ്പിലങ്ങാട് ഷര്‍മിനാസില്‍ ഇ കെ റാഷിദ് (21), സുഹറ മന്‍സിലില്‍ എ കെ സുഹൈല്‍ (22), എടക്കാട് മര്‍വാ മന്‍സിലില്‍ പി എം അജ്മല്‍ (20), കോട്ടൂര്‍ അസ്ഫ മന്‍സിലില്‍ ഒ കെ ആഷിക്ക് (26), മുഴപ്പിലങ്ങാട് റുബൈദ വില്ലയില്‍ കെ പി റബാഹ് (27) എന്നിവരാണ് പിടിയിലായത്. ഇതില്‍ പി വി അസീസ്, ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനര്‍ പുന്നാട്ടെ അശ്വിനികുമാറിനെ വധിച്ച കേസിലെ ഒന്നാം പ്രതിയാണ്.
തടികൊണ്ട് മനുഷ്യരൂപമുണ്ടാക്കി അതിനെ വെട്ടിവീഴ്ത്തിയാണ് കൊല്ലാനുള്ള പരിശീലനം നല്‍കുന്നത്. പെട്രോള്‍, മണ്ണെണ്ണ, ചെത്തിമിനുക്കിയ വടികള്‍, 19 മൊബൈല്‍ ഫോണുകള്‍, വിസ ക്രെഡിറ്റ് കാര്‍ഡ്, പോപ്പുലര്‍ ഫ്രണ്ടിന്റെയും അവരുടെ രാഷ്ട്രീയരൂപമായ എസ്ഡിപിഐയുടെയും ലഘുലേഖകള്‍, നോട്ടീസുകള്‍ എന്നിവയും ക്യാമ്പില്‍നിന്ന് കണ്ടെടുത്തു. അറസ്റ്റിലായവരെ കണ്ണൂര്‍ റേഞ്ച് ഐജി ജോസ് ജോര്‍ജ്, ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന കോഴിക്കോട് ഡെപ്യൂട്ടി കമീഷണര്‍ കെ ബി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു.
നാറാത്ത് ബസാറിനുപിന്നില് വിശാലമായ തെങ്ങിന്‍തോപ്പിലെ പണിതീരാത്ത കെട്ടിടത്തിലായിരുന്നു ക്യാമ്പ്. മയ്യില്‍ എസ്ഐ കല്യാടന്‍ സുരേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടോടെയായിരുന്നു റെയ്ഡ്. കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്‍, വളപട്ടണം സിഐ പി ബാലകൃഷ്ണന്, വളപട്ടണം സ്റ്റേഷന് ചുമതലയുള്ള എഎസ്പി ട്രെയിനി ജി എച്ച് യതീഷ്ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ദ്രുതകര്‍മസേനയും കെട്ടിടം വളഞ്ഞതോടെ ക്രിമിനല്‍സംഘം എതിര്‍പ്പുകൂടാതെ കീഴടങ്ങി. ആദ്യം സ്ഥലത്തെത്തിയ മയ്യില്‍ എസ്ഐയും സംഘവും ഹാളിന്റെ രണ്ടു വാതിലുകളും അടച്ചതിനാലാണ് അകത്തുണ്ടായിരുന്ന എല്ലാവരെയും പിടികൂടാന്‍ കഴിഞ്ഞത്.
പുറത്തുണ്ടായിരുന്ന രണ്ടുപേര്‍ പൊലീസിനെ കണ്ടപാടെ രക്ഷപ്പെട്ടു. ബോംബുകള്‍ ഹാളിനകത്തുനിന്നുംപുറത്ത് തെങ്ങിന് ചുവട്ടില്നിന്നുമാണ് കണ്ടെത്തിയത്. കെട്ടിടത്തിനുസമീപം നിര്‍ത്തിയിട്ട കെഎല്‍ 13-വി 9378 സ്കൂട്ടറില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൊബൈല്‍ഫോണുകള്‍. ഈ സ്കൂട്ടര്‍ എസ്ഡിപിഐ പ്രാദേശിക നേതാവായ കമറുദ്ദീന്റേതാണെന്ന് പൊലീസ് കണ്ടെത്തി. ഡെപ്യൂട്ടി കമീഷണര്‍ കെ ബി വേണുഗോപാല്‍, എസ്എസ്ബി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, അഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്പി സുരേഷ് എന്നിവരും സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും തെരച്ചില്‍ നടത്തി.
deshabhimani
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment