കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന് പരസ്യയിനത്തിലും മറ്റും ലഭിക്കുന്ന പണം വ്യക്തിഗത അക്കൗണ്ട് ഉപയോഗിച്ച് തിരിമറി ചെയ്തെന്ന കേസില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം പൂര്‍ത്തിയായി. ആലുവ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വീക്ഷണത്തിന്റെ പേരില്‍ തുടങ്ങിയ അക്കൗണ്ടിലൂടെ 18 ലക്ഷത്തോളം രൂപ തിരിമറി നടത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. എന്നാല്‍, ഒരു സ്ഥാപനത്തിന്റെ പേരിലുള്ള ചെക്കുകളും മറ്റും വ്യക്തിഗത അക്കൗണ്ടില്‍ മാറിനല്‍കിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മാത്രമായി വിഷയം ചുരുക്കാനാണ് സാധ്യതയെന്നറിയുന്നു. ആലുവ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാനും കെപിസിസി ജോയിന്റ് സെക്രട്ടറിയുമായ ബി എ അബ്ദുള്‍ മുത്തലിബ്, ബാങ്ക് വൈസ് ചെയര്‍മാനും വീക്ഷണത്തിന്റെ പ്രാദേശിക ലേഖകനുമായ ജോസി പി ആന്‍ഡ്രൂസ്, ബാങ്ക് ജനറല്‍ മാനേജരുടെ ചുമതലയുള്ള കെ വി സുലൈഖ എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി 2012 ഒേക്ടോബര്‍ അഞ്ചിന് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലയിലെ എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവാണ് അബ്ദുള്‍ മുത്തലിബ്.
വീക്ഷണത്തിന്റെ പ്രാദേശിക ലേഖകന്‍കൂടിയായ വൈസ് ചെയര്‍മാന്‍ ജോസി പി ആന്‍ഡ്രൂസ് വീക്ഷണം പ്രിന്റിങ് ആന്‍ഡ്പബ്ലിഷിങ് കമ്പനിയുടെ വിലാസത്തിലാണ് ബാങ്കില്‍ അക്കൗണ്ട് തുറന്നത്. എറണാകുളത്ത് എസ്ബിഐയിലും ധനലക്ഷ്മി ബാങ്കിലും വീക്ഷണത്തിന്റെ ഔദ്യോഗിക അക്കൗണ്ടുണ്ട്. ആലുവ അര്‍ബന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍നിന്ന് പരസ്യയിനത്തിലും മറ്റും കൂടിയ തുക വാങ്ങുകയും പ്രാദേശിക ലേഖകന്‍ തുറന്ന അക്കൗണ്ടിലൂടെ ഇത് മാറിയശേഷം യഥാര്‍ഥ നിരക്കുമാത്രം വീക്ഷണത്തില്‍ അടയ്ക്കുകയും ചെയ്തതായാണ് ഹര്‍ജിക്കാരന്റെ പ്രധാന ആരോപണം. പരസ്യക്കൂലിയായി 21 ലക്ഷം രൂപയോളം പിന്‍വലിച്ചതായി ആലുവ അര്‍ബന്‍ ബാങ്ക് സ്റ്റേറ്റ്മെന്റില്‍ പറയുമ്പോള്‍ മൂന്നുലക്ഷം മാത്രമേ പത്രത്തിന്റെ അക്കൗണ്ടില്‍ ചെന്നിട്ടുള്ളൂവെന്നും ഹര്‍ജിക്കാരനായ ആന്റി കറപ്ഷന്‍ സെല്‍ കളമശേരി സര്‍ക്കിള്‍ കണ്‍വീനര്‍ വി എ ഹംസ ആരോപിച്ചിരുന്നു. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ വീക്ഷണത്തിന് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രമേയത്തിന്റെ പകര്‍പ്പ് ഹാജരാക്കേണ്ടതുണ്ട്. ഇത് പാലിച്ചിട്ടില്ല. സ്ഥാപനത്തിലെ ജീവനക്കാരനായി കണക്കാക്കാന്‍ പാടില്ലാത്ത പ്രാദേശിക ലേഖകനെ വീക്ഷണത്തിനുവേണ്ടി അക്കൗണ്ട് തുടങ്ങാനും ഓപ്പറേറ്റ് ചെയ്യാനും ചുമതലപ്പെടുത്തി മാനേജിങ് ഡയറക്ടര്‍ ബെന്നി ബഹനാന്‍ സാക്ഷ്യപത്രം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എ വിഭാഗത്തിന്റെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ അദ്ദേഹത്തിനുമേലും സംശയത്തിന്റെ നിഴല്‍ വീഴ്ത്തുന്നതാണ് ഈ ആരോപണങ്ങള്‍.
deshabhimani
No comments:
Post a Comment