Monday, April 22, 2013
പിണറായി വധശ്രമം കേസ് അട്ടിമറിച്ചത് ഉമ്മന്‍ചാണ്ടി: കോടിയേരി
ഓര്‍ക്കാട്ടേരി: പിണറായി വധോദ്യമത്തില്‍ തുടരന്വേഷണം നടത്താതെ ഉമ്മന്‍ചാണ്ടി കേസ് അട്ടിമറിച്ചിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എല്ലാ കാര്യങ്ങളും പുറത്തുവന്നാല്‍ ഉമ്മന്‍ചാണ്ടിയും ആര്‍എംപിയും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവരും. ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നതതലത്തിലുള്ള ബന്ധമില്ലാതെ ഇത്തരത്തിലുള്ള ശ്രമത്തിന് ഇറങ്ങി പുറപ്പെടാന്‍ ഒരാളും തയ്യാറാവില്ല. പലതവണ ആര്‍എംപി നേതാക്കള്‍ പിണറായിക്കെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്. ചന്ദ്രശേഖരന്റെ രക്തം പിണറായിയുടെ കുഴിമാടം വരെ എത്തുമെന്നുള്ള നേതാക്കന്മാരുടെ തുടര്‍ച്ചയായുള്ള പ്രസംഗമാണ് ഇത്തരമൊരു ശ്രമത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പ്രസംഗം നടത്തിയതിന്റെ പേരില്‍ കള്ളക്കേസെടുത്ത് ജയിലിലടയ്ക്കുന്ന പൊലീസ് എന്തുകൊണ്ടാണ് ആര്‍എംപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മൗനംകൊണ്ടാണ് അന്വേഷണം പേരിനുമാത്രമാവുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് തയ്യാറായി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.
യുഡിഎഫിന്റെയും ചില മാധ്യമങ്ങളുടെയും വലിയ തോതിലുള്ള സഹായമാണ് പാര്‍ടി വിരുദ്ധര്‍ക്ക് കിട്ടുന്നത്. പാര്‍ടി വിട്ടവര്‍ പലരുമിന്ന് പുനര്‍ചിന്തനം നടത്തുകയാണ്. തെറ്റുതിരുത്താന്‍ തയാറായാല്‍ ഏതു പ്രദേശത്തുള്ള ആളുകളാണെങ്കിലും ഉള്‍ക്കൊള്ളാന്‍ ഈ പാര്‍ടി തയാറാണ്. സിപിഐ എമ്മിനെ വെല്ലുവിളിച്ച് പുറത്തുപോയവരുടെ സ്ഥിതി എല്ലാവര്ക്കും അറിയാം. പാര്‍ടി വിട്ടപ്പോള്‍ കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കില്ലെന്നു പറഞ്ഞ എം വി രാഘവനും ഗൗരിയമ്മയും പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു. ഇപ്പോള്‍ ഇരുവരും കോണ്‍ഗ്രസിനെ തള്ളിപ്പറയുകയല്ലേ. രാഘവനും ഗൗരിയമ്മയ്ക്കും കിട്ടാത്ത രക്ഷ കോണ്‍ഗ്രസില്‍നിന്ന് ആര്‍എംപിക്കാര്‍ക്ക് കിട്ടുമെന്നു തോന്നുന്നില്ല. ചന്ദ്രശേഖരന് ജീവിച്ചിരിക്കുന്ന കാലത്ത് കോണ്‍ഗസുമായി രഹസ്യധാരണയായിരുന്നു. എന്നാല്‍ ആര്‍എംപിയുടെ പുതിയ നേതൃത്വം ഇവരുമായി പരസ്യമായി കൈകോര്‍ക്കുകയാണ്. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ പാര്‍ടി വിട്ടവര്‍ ഒരിക്കലും സിപിഐ എമ്മില്‍ തിരിച്ചെത്താതിരിക്കാന്‍ ഒഞ്ചിയം മേഖലയില്‍ തുടര്‍ച്ചയായി അക്രമമാണ് ആര്‍എംപിക്കാര്‍ അഴിച്ചുവിടുന്നത്. ഇതിന്റെ ഭാഗമായാണ് വള്ളിക്കാട്ട് സ്തൂപം തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. കച്ചേരി മൈതാനിയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ഒഞ്ചിയം ഏരിയാ ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മത്കുട്ടി സംസാരിച്ചു. എന്‍ ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു.
deshabhimani 220413
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment