Sunday, October 27, 2013

ശബരിമലയ്ക്ക് പുതിയ 100 ബസുകളെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകില്ല

ഇത്തവണ ശബരിമല തീര്‍ഥാടനം ആരംഭിക്കും മുമ്പ് 100 പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ ഇറക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം തീര്‍ഥാടന കാലം കഴിഞ്ഞാലും നടപ്പാകാനിടയില്ല. തീര്‍ഥാടന കാലത്തെ ഗതാഗതപ്രശ്നത്തിന് പരിഹാരമായി ശബരിമല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വാഗ്ദാനം ചെയ്തത്. എന്നാലിത് ഉടനെങ്ങും നടപ്പാകില്ലെന്ന് കെഎസ്ആര്‍ടിസിയിലെ ഉന്നതര്‍തന്നെ വ്യക്തമാക്കുന്നു.

മുന്‍ കാലങ്ങളില്‍ 500 പുതിയ ബസുകള്‍ വീതം ഓരോ വര്‍ഷവും നിരത്തിലിറക്കിയിരുന്നു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൂന്നു തീര്‍ഥാടന കാലത്തായി ആകെ 911 ബസുകള്‍ മാത്രമാണ് വാങ്ങിയിട്ടുള്ളത്. ഇതില്‍ 791 ബസുകള്‍ ഒരുവിധത്തിലും ഓടിക്കാന്‍ കഴിയാത്തവയ്ക്ക് പകരം നല്‍കി. അവശേഷിക്കുന്ന 120 ബസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇതില്‍ തന്നെ 54 ചേസിസുകള്‍ ബോഡി നിര്‍മാണത്തിന് കാത്തുകിടക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്, മാവേലിക്കര, ആലുവ, എടപ്പാള്‍, കോഴിക്കോട് വര്‍ക്ക്ഷോപ്പുകളിലാണ് ഇവയുടെ ബോഡി നിര്‍മാണം. അഞ്ചെണ്ണത്തിന്റെ ബോഡി നിര്‍മാണം ഇവിടെ ചെയ്യുന്നുണ്ട്. എന്നാല്‍, വര്‍ക്ക്ഷോപ്പുകളില്‍ ആവശ്യമായ സാമഗ്രികള്‍ ഇല്ലാത്തതിനാല്‍ ചിലയിടങ്ങളില്‍ ജീവനക്കാരെ കുറച്ചിട്ടുണ്ട്. ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. വര്‍ക്ക്ഷോപ്പുകളുടെ മുഴുവന്‍ ശേഷി ഉപയോഗിച്ചാലും മാസം 10 ബസില്‍ കൂടുതല്‍ നിര്‍മിച്ച് നിരത്തിലിറക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ അടുത്ത സീസണ്‍ ആയാലും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല.

പണമില്ലാത്തതിനാല്‍ സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പുകളില്‍ വാഹനങ്ങളുടെ അറ്റകുറ്റ പണി മുടങ്ങി. ചെറിയ തകരാര്‍ മൂലം സര്‍വീസ് മുടങ്ങുന്ന ബസുകള്‍ നന്നാക്കാന്‍ പോലും തുക അനുവദിച്ചിട്ടില്ല. തിരുവനന്തപുരം ഡിപ്പോയിലെ 15,000 രൂപയിലധികം ദിവസ വരുമാനമുള്ള ഒരു ബസിന്റെ നിസാര തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ മൂന്നു ദിവസം സര്‍വീസ് റദ്ദാക്കി. നിസാര ചെലവു വരുന്ന സെന്‍ട്രല്‍ ബോള്‍ട്ട് മാറ്റാന്‍ തുകഅനുവദിക്കാത്തതിനാല്‍ ജീവനക്കാര്‍ക്ക് തെരുവിലിറങ്ങി പണം പിരിക്കേണ്ടിവന്നു.

deshabhimani

No comments:

Post a Comment